പെരുമാറ്റചട്ടം സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങൾക്കും ബാധകം

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃക പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. പെരുമാറ്റചട്ടം സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും ബാധകമായിരിക്കും. സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് പെരുമാറ്റച്ചട്ടം ഏർപ്പെടുത്തുന്നത്.

 

കാസർ​ഗോഡ് : തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃക പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. പെരുമാറ്റചട്ടം സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും ബാധകമായിരിക്കും. സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് പെരുമാറ്റച്ചട്ടം ഏർപ്പെടുത്തുന്നത്. ജാതിയുടെയോ സമുദായത്തിന്റെയോ ഭാഷയുടെയോ പേരിൽ വോട്ട് ചോദിക്കുകയോ മതസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഉപയോഗിക്കാനോ പാടില്ല. മതപരമോ വംശപരമോ സമുദായപരമോ ഭാഷാപരമോ ആയ സംഘർഷങ്ങൾ ഉണ്ടാകുന്നതും പരസ്പര വിദ്വേഷം ജനിപ്പിക്കുന്നതുമായ പ്രചാരണപ്രവർത്തനങ്ങളും പാടില്ല. മറ്റു സ്ഥാനാർത്ഥികളുടെയോ പ്രതിപക്ഷപാർട്ടി പ്രവർത്തകരുടെയോ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട വിമർശനങ്ങളും പാടില്ല.  

കേന്ദ്രത്തിലോ സംസ്ഥാനത്തിലോ തദ്ദേശ സ്ഥാപനങ്ങളിലോ അധികാരത്തിരിക്കുന്ന കക്ഷി ഔദ്യോഗിക സ്ഥാനം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിനിയോഗിക്കരുത്. മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, മറ്റു ജനപ്രതിനിധികൾ എന്നിവർ തങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ച് ആനുകൂല്യങ്ങൾ നൽകുകയോ പ്രഖ്യാപനങ്ങൾ നടത്തുകയോ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുകയോ ചെയ്യാൻ പാടില്ല. പുതിയ പദ്ധതികളോ സ്‌കീമുകളോ ആരംഭിക്കുകയോ ഉദ്ഘാടനം നടത്തുകയോ പാടില്ല. പെരുമാറ്റച്ചട്ടം സംബന്ധിച്ച പരാതികൾ പരിശോധിക്കുന്നതിന് ജില്ലകളിൽ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാകും. ജില്ലാ കളക്ടർ അധ്യക്ഷനുംതദ്ദേശ വകുപ്പിലെ ജില്ലാ ജോയിന്റ് ഡയറക്ടർ, കൺവീനറും ജില്ലാ പോലീസ് മേധാവി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ, എന്നിവർ കമ്മിറ്റിയിൽ അംഗങ്ങളുമായിരിക്കും.