കാഴ്ചവെല്ലുവിളി നേരിടുന്നവർക്ക് അക്ഷര വെളിച്ചം പകർന്ന് സാക്ഷരതാമിഷൻ
പേപ്പറിലെ ചെറിയ കുത്തുകൾക്ക് മുകളിലൂടെ വിരലോടിച്ച് അവർ അക്ഷരം തിരിച്ചറിഞ്ഞു. അക്ഷരങ്ങൾ ചേർത്ത് വാക്കുകളാക്കി. ഉറക്കെ വായിച്ചു. അങ്ങനെ ബ്രെയിൽ ലിപിയുടെ അത്ഭുതലോകത്തേയ്ക്ക് അവർ പ്രവേശിച്ചു
കാസർഗോട് : പേപ്പറിലെ ചെറിയ കുത്തുകൾക്ക് മുകളിലൂടെ വിരലോടിച്ച് അവർ അക്ഷരം തിരിച്ചറിഞ്ഞു. അക്ഷരങ്ങൾ ചേർത്ത് വാക്കുകളാക്കി. ഉറക്കെ വായിച്ചു. അങ്ങനെ ബ്രെയിൽ ലിപിയുടെ അത്ഭുതലോകത്തേയ്ക്ക് അവർ പ്രവേശിച്ചു. കാസർകോട് ജില്ലയിൽ 15 പേരാണ് സാക്ഷരതാമിഷന്റെ ദീപ്തി ബ്രെയിൽ ലിറ്ററസി പദ്ധതിയിലൂടെ അക്ഷര വെളിച്ചം നേടിത്. ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് നടത്തിയ ദീപ്തി ബ്രെയിൽ ലിറ്ററസി പ്രോഗ്രാമിന്റെ ഒന്നാം ഘട്ടത്തിലെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കേരള സംസ്ഥാന സാക്ഷരതാ മിഷൻ കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ബ്ലൈൻഡ് ടീച്ചേഴ്‌സ് ഫോറം എന്നിവരുടെ സംയുക്ത സഹകരണത്തോടെ കാഴ്ച വെല്ലുവിളി നേരിടുന്നവർക്കായി സംസ്ഥാനതലത്തിൽ നടപ്പിലാക്കിയ മാതൃകാപരമായ പദ്ധതിയാണ് ദീപ്തി ബ്രെയിൽ ലിറ്ററസി പ്രോഗ്രാം.
ജില്ലയിൽ സർവ്വേയിലൂടെ കണ്ടെത്തിയ 47 പഠിതാക്കളിൽ 20 പഠിതാക്കൾ ക്ലാസുകളിൽ പങ്കെടുക്കുകയും 15 പേർ പരീക്ഷയെഴുതി വിജയിക്കുകയും ചെയ്തു. ഇവർക്കുള്ള സർട്ടിഫിക്കറ്റുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം വിതരണം ചെയ്തു. കാഴ്ച വെല്ലുവിളി നേരിടുന്നവർക്കായുള്ള ദീപ്തി ബ്രെയിൽ ലിറ്ററസി പ്രോഗ്രാം ജില്ലാ പഞ്ചായത്ത് തുടരുമെന്ന് പ്രസിഡണ്ട് സാബു അബ്രഹാം പറഞ്ഞു. 1.32 ലക്ഷം വിനിയോഗിച്ച് നടപ്പിലാക്കിയ പദ്ധതിയാണിത്. ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഠിതാക്കളുടെ യാത്രാപ്പടി ഭക്ഷണം എന്നിവയ്ക്കാണ് തുക വിനിയോഗിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ സോയ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഇർഫാന ഇഖ്ബാൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.സബീഷ്, ടി.വി രാധിക, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ, കെ.എഫ്.ബി ജില്ലാ സെക്രട്ടറി സി.എച്ച് നാരായണൻ, ബ്ലൈൻഡ് ടീച്ചേഴ്‌സ് ഫോറം പ്രതിനിധികളായ സതീശൻ മാസ്റ്റർ ഉമേശൻ മാസ്റ്റർ ബ്രെയിൽ അധ്യാപകൻ പി.എൻ തമ്പാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ജില്ലാ സാക്ഷരതാ മിഷൻ കോഡിനേറ്റർ കെ.വി രതീഷ് സ്വാഗതവും ക്ലാസ് കോർഡിനേറ്റർ എ.തങ്കമണി നന്ദിയും പറഞ്ഞു.