ജീവിതശൈലി രോഗ നിയന്ത്രണ വാരാഘോഷം 2026: കാസർഗോട് ജില്ലാതല ഉദ്ഘാടനവും സ്‌ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു
സാംക്രമികേതര രോഗങ്ങളുടെ പ്രതിരോധവും നിയന്ത്രണവും ലക്ഷ്യമിട്ട് ആഗസ്ത് 31 മുതൽ സംഘടിപ്പിക്കുന്ന എൻ.സി.ഡി വാരാചരണത്തിന്റെ കാസർകോട് ജില്ലാതല ഉദ്ഘാടനവും പ്രത്യേക സ്‌ക്രീനിംഗ് ക്യാമ്പും കാസർകോട് വനിതാ ഭവൻ ഹാളിൽ സംഘടിപ്പിച്ചു.
കാസർഗോട് :സാംക്രമികേതര രോഗങ്ങളുടെ പ്രതിരോധവും നിയന്ത്രണവും ലക്ഷ്യമിട്ട് ആഗസ്ത് 31 മുതൽ സംഘടിപ്പിക്കുന്ന എൻ.സി.ഡി വാരാചരണത്തിന്റെ കാസർകോട് ജില്ലാതല ഉദ്ഘാടനവും പ്രത്യേക സ്‌ക്രീനിംഗ് ക്യാമ്പും കാസർകോട് വനിതാ ഭവൻ ഹാളിൽ സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്‌സൺ ഷാഹിന സലീം ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മെഹറുന്നിസ ഹമീദ് അധ്യക്ഷത വഹിച്ചു. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ വി.ജിതേഷ്, ജില്ലാ എൻ.സി.ഡി നോഡൽ ഓഫീസർ ഡോ.അജയ് രാജൻ, നഗരസഭ സി.സി.എം.മധുസൂദനൻ എന്നിവർ ബോധവത്കരണ ക്ലാസുകൾ കൈകാര്യം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്ത് എ.വി സ്വാഗതവും കൗൺസിലർ ദിവ്യ സന്ദീപ് നന്ദിയും പറഞ്ഞു.
ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, കാസർകോട് ജനറൽ ആശുപത്രി, അർബൻ പ്രൈമറി ഹെൽത്ത് സെന്റർ എന്നിവ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ ഹരിത കർമ്മ സേനാംഗങ്ങൾ, നഗരസഭ കണ്ടിജന്റ് വർക്കർമാർ, ആശാ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത 138 ആളുകളിൽ സ്‌ക്രീനിംഗ് പൂർത്തിയാക്കുകയും, ഇതിൽ കൂടുതൽ പരിശോധനകൾക്കും ചികിത്സയ്ക്കുമായി ഏഴ് പേരെ വിദഗ്ധ പരിശോധനക്കായി റെഫർ ചെയ്യുകയും ചെയ്തു.
സാംക്രമികേതര രോഗങ്ങളായ രക്താതിമർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ ജനങ്ങളിൽ ഉണ്ടാക്കുന്ന അകാലമരണവും വൈകല്യങ്ങളും പ്രതിരോധിക്കുന്നതിനായാണ് എൻ.സി.ഡി വാരാചരണം സംഘടിപ്പിക്കുന്നത്. 'നേതൃത്വം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രതിജ്ഞാബദ്ധതയിൽ നിന്ന് പ്രാവർത്തികമാക്കലിലേക്ക്' എന്നതാണ് ഈ വർഷത്തെ ദിനാചരണ പ്രമേയം. ബി.പി.എൽ വിഭാഗത്തിൽപ്പെട്ട 30 വയസ്സിന് മുകളിലുള്ള എല്ലാ ആളുകളുടെയും രക്താതിമർദ്ദം, പ്രമേഹം എന്നിവയുടെ സ്‌ക്രീനിംഗ് സെപ്റ്റംബർ 30നകം 100% പൂർത്തീകരിക്കും.