സ്ത്രീ ശാക്തീകരണത്തിന് പുതിയ വേഗം; ശ്രദ്ധേയമായി കുടുംബശ്രീ 'തുടരെ-വിഷൻ'
പാർശ്വവത്കൃത സമൂഹങ്ങളുടെ ഉന്നമനവും സ്ത്രീ ശാക്തീകരണവും ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ലാ മിഷൻ കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ 'തുടരെ-വിഷൻ 2027' ശിൽപശാല ശ്രദ്ധേയമായി.
കാസർഗോട് : പാർശ്വവത്കൃത സമൂഹങ്ങളുടെ ഉന്നമനവും സ്ത്രീ ശാക്തീകരണവും ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ലാ മിഷൻ കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ 'തുടരെ-വിഷൻ 2027' ശിൽപശാല ശ്രദ്ധേയമായി. കുടുംബശ്രീയുടെ പുതിയ പദ്ധതികളെക്കുറിച്ചും കുടുംബജീവിതത്തിലെ സന്തോഷങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച ശില്പശാല കാസർകോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ സോയ ഉദ്ഘാടനം ചെയ്തു. കാസർകോട് നഗരസഭ ചെയർപേഴ്സൺ ഷാഹിന സലീം അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എമാരായ ഇ.ചന്ദ്രശേഖരൻ, എൻ.എ നെല്ലിക്കുന്ന് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
കുടുംബശ്രീ ജില്ലാ മിഷൻ പുറത്തിറക്കിയ രണ്ട് പ്രധാന പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിൽ നടന്നു. കുടുംബശ്രീയുടെ സ്ത്രീ മനോവികാസവും സാമൂഹ്യ ക്ഷേമവും ഉറപ്പാക്കി നടത്തിയ പരിവർത്തന പ്രക്രിയകൾ അടയാളപ്പെടുത്തുന്ന ''തൊട്ട് തൊട്ട് നടക്കാം ' 2025-2026 വർഷത്തെ വികസന പരിപ്രേക്ഷ്യം ചടങ്ങിൽ പ്രകാശനം ചെയ്തു. മുൻ എം.എൽ.എ എൻ.എ. നെല്ലിക്കുന്ന് പുസ്തക പ്രകാശനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ സോയ പുസ്തകം സ്വീകരിച്ചു.
ഗോത്രവിഭാഗത്തിലെ കുട്ടികൾക്ക് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് സമാനതകളില്ലാത്ത വേദിയൊരുക്കുന്ന 'കൊറഗ തനത് പദ്ധതി'യുടെ ഭാഗമായി കൊറഗ വിഭാഗത്തിന്റെ ജീവിതതുടിപ്പുകളെ രേഖപ്പെടുത്തുന്ന ''ഒന്നാനാം കുന്നിൻമേൽ ഓരടി മണ്ണിൻമേൽ'' എന്ന പുസ്തകം എഴുത്തുകാരൻ ഡോ.സന്തോഷ് പനയാൽ പ്രകാശനം ചെയ്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ പുസ്തകം സ്വീകരിച്ചു. എഡിറ്റർ എസ്. യദുരാജ് പുസ്തക പരിചയം നടത്തി.
കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ രതീഷ് പിലിക്കോട് വിഷയാവതരണം നടത്തി. പ്രാദേശിക ഉൾചേർക്കലുകൾ, സാമ്പത്തിക ഭദ്രത, ബൃഹദ് സംരംഭ പദ്ധതികൾ, കാർഷിക-മൃഗസംരക്ഷണ മേഖലയിലെ നൂതനാശയങ്ങൾ എന്നിവയിലൂടെ സ്ത്രീ സ്വയംപര്യാപ്തത ഉറപ്പാക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. അസി. ജില്ലാ മിഷൻ കോർഡിനേറ്റർ കെ.എം. കിഷോർ കുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അസി. ജില്ലാ മിഷൻ കോർഡിനേറ്റർമാരായ ഡി. ഹരിദാസ്, കെ.എം. കിഷോർ കുമാർ എന്നിവർ മേഖലാതല പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചകളിൽ കണ്ണൂർ ജില്ലാ മിഷൻ കോർഡിനേറ്റർ ജയൻ, ജിതിൻ കെ.ടി, ഷക്കീല മജീദ്, രാജേഷ് എ.വി. എന്നിവർ പങ്കെടുത്തു. സി.ഡി.എസ് ചെയർപേഴ്‌സൺമാരായ വിജയലക്ഷ്മി, പൂർണ്ണിമ, സനൂജ, കാർത്ത്യായനി, ശോഭന, സ്റ്റാഫ് സെക്രട്ടറി സച്ചിൻ രാജ്, ജില്ലാ പ്രോഗ്രാം മാനേജർമാരായ ടി.ആതിര ജില്ലാ പ്രോഗ്രാം മാനേജർ എം.രേഷ്മ എന്നിവർ സംസാരിച്ചു.