പൊന്നോണ വിപണിയിൽ കളം നിറഞ്ഞ്  ഇക്കുറിയും കുടുംബശ്രീയുടെ പൂക്കളും പച്ചക്കറികളും 

മലയാളിക്ക് ഓണാഘോഷത്തിന് നിറപ്പകിട്ടേകാൻ ഇക്കുറിയും കുടുംബശ്രീയുടെ പൂക്കൾ കളം നിറയുന്നു. ഓണാഘോഷത്തിൻറെ ആവേശം അലയടിക്കുന്ന വിപണിയിൽ കുടുംബശ്രീയുടെ പൂപ്പാടങ്ങളിൽ നിന്നാണ് പൂക്കളെത്തുന്നത്.

 


തിരുവനന്തപുരം: മലയാളിക്ക് ഓണാഘോഷത്തിന് നിറപ്പകിട്ടേകാൻ ഇക്കുറിയും കുടുംബശ്രീയുടെ പൂക്കൾ കളം നിറയുന്നു. ഓണാഘോഷത്തിൻറെ ആവേശം അലയടിക്കുന്ന വിപണിയിൽ കുടുംബശ്രീയുടെ പൂപ്പാടങ്ങളിൽ നിന്നാണ് പൂക്കളെത്തുന്നത്. ഓണ വിപണി ലക്ഷ്യമിട്ട് കുടുംബശ്രീ നടപ്പാക്കുന്ന 'നിറപ്പൊലിമ' പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്ത ജമന്തി, മുല്ല, ചെണ്ടുമല്ലി, താമര തുടങ്ങിയ പൂക്കളാണ് അത്തപ്പൂക്കളമിടാനും അലങ്കാരത്തിനുമായി വിപണിയിലേക്കൊഴുകുന്നത്. ആകെ 1966.93 ഏക്കറിൽ 5688 കർഷക സംഘങ്ങളുടെ നേതൃത്വത്തിലാണ് ഇക്കുറി പൂക്കൃഷി. അട്ടപ്പാടിയിൽ നിന്നുള്ള കർഷകരും കൃഷിയിൽ സജീവമാണ്.

ഇതോടൊപ്പം കുടുംബശ്രീ 'ഓണക്കനി' പദ്ധതിയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ 20475.81 ഏക്കറിൽ 28187 കർഷകസംഘങ്ങളുടെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷിയും വിപണിയിലെത്തിത്തുടങ്ങി.  വെണ്ട, തക്കാളി, പയർ, പടവലങ്ങ, അമര, ചേന, ചേമ്പ്, ചീര, കോവയ്ക്ക, ചുരയ്ക്ക, മത്തൻ, കുമ്പളം, വെള്ളരിക്ക, പച്ചമുളക് തുടങ്ങിയ പച്ചക്കറികളും കൂടാതെ പഴങ്ങളും ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ കൃഷിയിടങ്ങളിൽ നിന്നും വ്യാപാരികൾ നേരിട്ടു വാങ്ങുകയാണ്. ഓണത്തിന് മുമ്പായി പരമാവധി കാർഷികോൽപന്നങ്ങൾ വിപണിയിലെത്തിച്ച് വരുമാനം നേടുകയാണ് ലക്ഷ്യം. ഇതിൻറെ ഭാഗമായി ഇക്കുറിയും ഗുണനിലവാരമുളള കാർഷികോൽപന്നങ്ങളുമായി വനിതാ കർഷകർ കുടുംബശ്രീയുടെ ഓണച്ചന്തകളിലും മറ്റു പ്രാദേശിക വിപണികളിലും എത്തിയിട്ടുണ്ട്. 25 വരെയാണ് കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഓണച്ചന്തകൾ.  

സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ചു വരുന്ന രണ്ടായിരത്തിലേറെ സി.ഡി.എസ്തല വിപണന മേളകളിലും സംസ്ഥാന ജില്ലാതല വിപണന മേളകളിലും പ്രാദേശികമായും ഉൽപന്ന വിപണനം ഊർജിതമാണ്. ഗുണമേൻമയുള്ള ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം ഓണത്തിന് പൊതുവിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം.
 
കഴിഞ്ഞ വർഷം ഓണവിപണിയിൽ പൂക്കളും പച്ചക്കറികളും വിറ്റഴിച്ച് കുടുംബശ്രീ കർഷകർ നേടിയത് 10.3 കോടി രൂപയാണ്. ഈ വർഷം ഇതു മറി കടക്കുകയാണ് ലക്ഷ്യം. കൂടുതൽ സ്ഥലങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാൻ കഴിഞ്ഞതും ശ്രദ്ധേയ നേട്ടമാണ്. കഴിഞ്ഞ വർഷം സംസ്ഥാനമൊട്ടാകെ 8913 ഏക്കറിൽ പച്ചക്കറികളും 1820 ഏക്കറിൽ പൂക്കൃഷിയും നടത്തിയിരുന്നു. ഇതു വിജയിച്ചതോടെ ഈ വർഷം 12000 ഏക്കറിൽ പച്ചക്കറികളും 2000 ഏക്കറിൽ പൂക്കൃഷിയും നടത്താനായിരുന്നു പ്രാഥമിക തീരുമാനം. എന്നാൽ മികച്ച വരുമാന ലഭ്യത മുന്നിൽ കണ്ട് ഇരുപദ്ധതികളിലേക്കും കൂടുതൽ കർഷക സംഘങ്ങൾ എത്തിയതോടെ  പച്ചക്കറി കൃഷി 20475.81 ഏക്കറിലേക്കും പൂക്കൃഷി 1966.93 ഏക്കറിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.