കാസർകോട്  ജില്ലയിലെ  ക്ഷീരമേഖലയില്‍ സംയുക്ത പദ്ധതികള്‍ നടപ്പാക്കും

 

കാസർകോട് : ജില്ലയില്‍ ക്ഷീരമേഖലയില്‍ ത്രിതല പഞ്ചായത്തുകളുടെയും ക്ഷീര സംഘങ്ങളുടെയും നേതൃത്വത്തില്‍ സംയുക്ത പദ്ധതികള്‍ തയ്യാറാക്കാനും പശു വളര്‍ത്തല്‍ മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഫലപ്രദമായ ഇടപെടല്‍ നടത്താനും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ക്ഷീര സഹകരണ സംഘം പ്രസിഡണ്ടുമാരുടെയും സെക്രട്ടറിമാരുടെയും യോഗത്തില്‍ തീരുമാനിച്ചു. 

ജില്ലാ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ക്ഷീരമേഖലയിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് നടത്തിയ ചര്‍ച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ അധ്യഷത വഹിച്ചു. ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കെ.ബാലകൃഷ്ണന്‍ ക്ഷീര വികസന മേഖല പദ്ധതി രൂപീകരണത്തിനായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശം വിശദീകരിച്ചു.

 ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ കല്യാണി കെ. നായര്‍, സീനിയര്‍ സൂപ്രണ്ട് സുരേഷ് കുമാര്‍ എന്നിവര്‍ ആമുഖാവതരണം നടത്തി. ബ്ലോക്ക് തലഗ്രൂപ്പ് ചര്‍ച്ചക്കു ശേഷം ക്ഷീരസംഘം പ്രസിഡണ്ടുമാരായ പി.സുരേഷ്, പി.ആര്‍.ബാലകൃഷ്ണന്‍ എന്നിവര്‍ ക്രോഡീകരിച്ച് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പദ്ധതി ഫെസിലിറ്റേറ്റര്‍ എച്ച്.കൃഷ്ണ സ്വാഗതവും സീനിയര്‍ സൂപ്രണ്ട് വി.വി.ഷിജി നന്ദിയും പറഞ്ഞു.