അമ്മയുടെ പേരില്‍ ഒരു മരം; വിദ്യാവനം പദ്ധതിയുമായി കേരള കേന്ദ്ര സര്‍വകലാശാല

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ അമ്മയുടെ പേരില്‍ ഒരു മരം പരിപാടിക്ക് തുടക്കമായി. ക്യാംപസ് ഡവലപ്മെന്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കേരള വനം വകുപ്പ് കാസര്‍കോട് സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ സഹകരണത്തോടെ വിദ്യാവനം എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. 

വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വിന്‍സെന്റ് മാത്യു ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണത്തിനും വനവത്കരണത്തിനുമായി നിരവധി പദ്ധതികള്‍ സര്‍വകലാശാല നടപ്പാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.

പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ആര്‍. ജയപ്രകാശ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. അരവിന്ദാക്ഷന്‍, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഷജ്ന കരീം, ക്യാംപസ് ഡവലപ്‌മെന്റ് ഓഫീസര്‍ ഡോ. ടോണി ഗ്രേസ്, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ സോളമന്‍ ടി. ജോര്‍ജ്ജ്, കെ. ഗിരീഷ് തുടങ്ങിയവര്‍ സംസാരിച്ചു. ക്യാംപസില്‍ അധ്യാപകരുടെ ക്വാര്‍ട്ടേഴ്‌സിന് സമീപത്ത് രണ്ടേക്കര്‍ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. 

അധ്യാപകരും ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും അമ്മമാരുടെ പേരില്‍ തൈകള്‍ ഏറ്റെടുത്ത് സംരക്ഷിക്കും. ഔഷധ സസ്യങ്ങള്‍, ഫലവൃക്ഷങ്ങള്‍ എന്നിവയുള്‍പ്പെടെ 1200 തൈകളാണ് നട്ടുപിടിപ്പിക്കുന്നത്. കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അമ്മയോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിക്കുന്നതിനായി അമ്മയുടെ പേരില്‍ ഒരു മരം ക്യാംപയിന് തുടക്കം കുറിച്ചത്.