കായകൽപം പൊതുജന സമ്പർക്ക പരിപാടി; സംഘാടസമിതിയായി

നവംബർ 10ന് കാസർകോട് ജില്ലയിൽ ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തിൽ നടക്കുന്ന കായകൽപം പൊതുജന സമ്പർക്ക പരിപാടിയുടെ സുഗമമായ നടത്തിന് സംഘടാക സമിതി രൂപീകരിച്ചു.

 

കാസർ​ഗോട് : നവംബർ 10ന് കാസർകോട് ജില്ലയിൽ ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തിൽ നടക്കുന്ന കായകൽപം പൊതുജന സമ്പർക്ക പരിപാടിയുടെ സുഗമമായ നടത്തിന് സംഘടാക സമിതി രൂപീകരിച്ചു. കല്ലട്ര മാഹിൻ എം.എൽ.എ രക്ഷാധികാരിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ചെയർപേഴ്സണുമായുള്ള സംഘാടക സമിതിയാണ് രൂപീകരിച്ചത്.

സംഘാടകസമിതി യോഗം കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ചെർക്കള ഉദ്ഘാടനം ചെയ്തു. ആരോഗ്യ മേഖലയിൽ ജില്ല നേരിടുന്ന അപര്യാപ്തതകൾക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള അവസരമായി മന്ത്രിയുടെ സന്ദർശനത്തെ ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയുടെ വിജയത്തിന് വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കാൻ യോഗം തീരുമാനിച്ചു.

കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ടി രേഖ സംഘാടക സമിതി അംഗങ്ങളുടെ പാനൽ അവതരിപ്പിച്ചു. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തൻ അജക്കോട്, കാസർകോട് നഗരസഭ വൈസ് ചെയർപേഴ്സൺ കെ.എം ഹനീഫ്, നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മെഹറുന്നിസ ഹമീദ്, ചെങ്കള ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശാന്തകുമാരി, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ധന്യ ദയാനന്ദ് തുടങ്ങിയവർ സംസാരിച്ചു.

പരിപാടിയിൽ പൊതുജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാനുള്ള അവസരം ഉണ്ടാകും. ഒരു റിസപ്ഷൻ കൗണ്ടറും പരാതികൾ സമർപ്പിക്കുന്നതിനായി അഞ്ചു നിയമസഭാ മണ്ഡലങ്ങൾക്കും പ്രത്യേകം കൗണ്ടറുകളും കൺവെൻഷൻ ഹാളിന് പുറത്ത് പ്രവർത്തിക്കും. ഓരോ കൗണ്ടറുകളിലും അടിസ്ഥാന സൗകര്യം, ജീവനക്കാരുടെ വിഷയം, എൻഡോസൾഫാൻ, മറ്റ് പരാതികൾ എന്നിങ്ങനെ പ്രത്യേകം സെക്ഷനുകളിലായി പരാതികൾ സ്വീകരിച്ച് തൽസമയം ഇ-ഓഫീസ് സംവിധാനത്തിലൂടെ ഫയലുകൾ അപ് ലോഡ് ചെയ്യും.

നവംബർ 10ന് ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചെട്ടുംകുഴി റോയൽ കൺവെൻഷൻ ഹാളിൽ നടക്കുന്ന ജനസമ്പർക്ക പരിപാടിയിൽ കല്ലട്ര മാഹിൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ലയിലെ മറ്റ് എം.എൽ.എമാരായ എ.കെ.എം അഷ്‌റഫ്, കെ. നീലകണ്ഠൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, സന്ദീപ് വാര്യർ എന്നിവർ പങ്കെടുക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയാകും. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമ്മിള മേരി ജോസഫ് പദ്ധതി വിശദീകരിക്കും. ജില്ലാ കളക്ടർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

കാസർകോട് നഗരസഭ ചെയർപേഴ്സൺ ഷാഹിന സലീം, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളകുഞ്ഞി ചെർക്കള എന്നിവരാണ് വൈസ് ചെയർപേഴ്സൺമാർ. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ടി രേഖ കൺവീനറും എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ജെയ് പി ബാൽ, ജില്ലാ മെഡിക്കൽ ഓഫീസർ (ആയുഷ്) ഡോ. ഇന്ദു, ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ. രേഷ്മ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ധന്യ ദയാനന്ദ്, ജില്ലാ ടി.ബി ഓഫീസർ ഡോ. കെ. സന്തോഷ് എന്നിവർ ജോയിന്റ് കൺവീനർമാരുമാണ്.