കാസർഗോട് ജില്ലയിലെ ജനപ്രതിനിധികൾ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സന്ദർശിച്ചു
ജില്ലയിലെ വിവിധ വികസന പ്രവർത്തനങ്ങക്ക് പിന്തുണ ആവശ്യപ്പെട്ട് ജില്ലയിലെ ജനപ്രതിനിധികൾ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സന്ദർശിച്ച് നിവേദനം നൽകി.
കാസർഗോട് :ജില്ലയിലെ വിവിധ വികസന പ്രവർത്തനങ്ങക്ക് പിന്തുണ ആവശ്യപ്പെട്ട് ജില്ലയിലെ ജനപ്രതിനിധികൾ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സന്ദർശിച്ച് നിവേദനം നൽകി. കാസർകോട് ജില്ലയുടെ പിന്നോക്കാവസ്ഥ മറികടക്കാൻ പ്രഭാകരൻ കമ്മീഷൻ നിർദ്ദേശപ്രകാരമാണ് കാസർകോടിനായി പ്രത്യേക പാക്കേജ് കേരളസർക്കാർ ആവിഷ്‌കരിച്ചത്. വർധിച്ച് വരുന്ന ജില്ലയുടെ സാമൂഹിക സാമ്പത്തിക ആവശ്യങ്ങൾ പരിഹരിക്കാൻ കാസർകോട് വികസന പാക്കേജിന് 100 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള തനത് വിഹിതവും സി.എസ്.ആർ ഫണ്ട് വിഹിതത്തിലും ഉണ്ടായ കുറവ് ജില്ലാപഞ്ചായത്തിന്റെ കാര്യക്ഷമമായ പദ്ധതി നിർവഹണത്തിൽ ഉണ്ടാക്കുന്ന പ്രയാസം തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രിയെ അറിയിച്ചു.
മഴക്കാല രോഗങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ജില്ലാആശുപത്രി ഉൾപ്പെടെയുള്ള ജില്ലയിലെ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ 143 ഡോക്ടർമാരുടെ കുറവ് ആണ് നിലനിൽക്കുന്നത്. ജില്ലാ ആശുപത്രിയിൽ ഫോറെൻസിക് സർജനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലാപഞ്ചായത്തിന് കീഴിലുള്ള സീഡ് ഫാം വികസനം, ജില്ലയ്ക്ക് പുതിയ മണ്ണ് പരിശോധന കേന്ദ്രം അനുവദിക്കുക, ടാറ്റാ ഗവ ഹോസ്പിറ്റൽ മൾട്ടി സ്‌പെഷ്യലിറ്റി ആശുപത്രി ആക്കി ഉയർത്താനുള്ള നടപടികൾ, കൂടുതൽ റോഡുകൾ പി.ഡബ്ല്യു.ഡി ഏറ്റെടുത്ത് വികസിപ്പിക്കുക തുടങ്ങി ജില്ലയിലെ ജനങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും പിന്തുണ ആവശ്യപ്പെടുകയും ചെയ്തു. മുഖ്യമന്ത്രി വി.ഡി സതീശൻ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി, ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ തുടങ്ങിയ മന്ത്രിമാരെ ജില്ലയിലെ ജനപ്രതിനിധികൾ സന്ദർശിച്ചു.
എം.എൽ.എ മാരായ എ.കെ.എം അഷറഫ്, അഡ്വ ഗോവിന്ദൻ പള്ളിക്കാപ്പിൽ,ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ സോയ, ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.മനു, ജില്ലാപഞ്ചായത്ത് അംഗങ്ങളായ അസീസ് കളത്തൂർ, സോമശേഖര, പി.ബി ഷഫീക്, ജില്ലാപഞ്ചായത്ത് സെക്രട്ടറി എസ്. ബിജു തുടങ്ങിയവർ നിവേദന സംഘത്തോടൊപ്പം ഉണ്ടായിരുന്നു.