കാസർകോട് ജില്ലയുടെ വായ്പാ-നിക്ഷേപ അനുപാതം 95.64 ശതമാനം

2026-27 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ കാസർകോട് ജില്ലയുടെ വായ്പാ-നിക്ഷേപ അനുപാതം (CD Ratio) 95.64 ശതമാനത്തിലെത്തി. ദേശീയ മാനദണ്ഡമായ 60 ശതമാനത്തെയും സംസ്ഥാന ശരാശരിയെയും മറികടന്നാണ് ജില്ല ഈ നേട്ടം കൈവരിച്ചത്.

 

കാസർകോട് :2026-27 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ കാസർകോട് ജില്ലയുടെ വായ്പാ-നിക്ഷേപ അനുപാതം (CD Ratio) 95.64 ശതമാനത്തിലെത്തി. ദേശീയ മാനദണ്ഡമായ 60 ശതമാനത്തെയും സംസ്ഥാന ശരാശരിയെയും മറികടന്നാണ് ജില്ല ഈ നേട്ടം കൈവരിച്ചത്. ജില്ലയിലെ ബാങ്കിംഗ് മേഖല മികച്ച വളർച്ച കൈവരിച്ചതായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ തല അവലോകന സമിതി (DLRC) യോഗം വിലയിരുത്തി. ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് അധ്യക്ഷത വഹിച്ച യോഗം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമീണ ജനതയുടെ സാമ്പത്തിക വികസനത്തിനായാണ് ലീഡ് ബാങ്കുകൾ രൂപീകരിച്ചതെന്നും ആ ദൗത്യം കൃത്യമായി നിറവേറ്റാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിംഗ് സൗകര്യങ്ങൾ അപ്രാപ്യമായ മേഖലകളിലേക്ക് സേവനം എത്തിക്കാനും വായ്പകൾ എടുക്കുന്നതിനായി പൊതുജനങ്ങൾ നേരിടുന്ന പ്രതിസന്ധികൾ ലഘൂകരിക്കാനും ബാങ്കുകൾ മുൻകൈയെടുക്കണമെന്ന് എം.പി നിർദ്ദേശിച്ചു. ലീഡ് ബാങ്ക് റീജിയണൽ ഹെഡ് ആർ.പി. ശ്രീനാഥ് മുഖ്യപ്രഭാഷണം നടത്തി. ഭാരതീയ റിസർവ് ബാങ്ക് ലീഡ് ഡിസ്ട്രിക്ട് ഓഫീസർ വി.എസ്. അഖിൽ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.

2026 സെപ്റ്റംബർ 30 വരെയുള്ള കണക്കനുസരിച്ച് ജില്ലയിലെ ബാങ്കുകളുടെ ആകെ ബിസിനസ് മുൻവർഷത്തേക്കാൾ 16.5 ശതമാനം വർദ്ധിച്ച് 42,169 കോടി രൂപയായി. ആകെ നിക്ഷേപം 14.3 ശതമാനം വളർച്ചയോടെ 21,554 കോടി രൂപയായും ആകെ വായ്പകൾ 19 ശതമാനം വർദ്ധിച്ച് 20,614 കോടി രൂപയായും ഉയർന്നു. നിലവിൽ 290 ബാങ്ക് ശാഖകളും 271 എ.ടി.എമ്മുകളും 33 ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളും ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക മേഖലയിൽ (MSME) 64.26 ശതമാനവും അതിൽ ചെറുകിട സംരംഭങ്ങളിൽ 79.41 ശതമാനവും നേട്ടം കൈവരിക്കാൻ ജില്ലയ്ക്കായി.

സ്വയംതൊഴിൽ പരിശീലനത്തിലും സാമ്പത്തിക സാക്ഷരതാ പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പുരോഗതിയാണ് ജില്ലയിലുള്ളത്. ജില്ലയിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രം (RSETI) ഈ വർഷം 235 പേർക്ക് പരിശീലനം നൽകുകയും 190 പേരെ സ്വയംതൊഴിൽ സംരംഭങ്ങളിലേക്ക് നയിക്കുകയും ചെയ്തു. ഇതിനുപുറമെ ജില്ലയിലെ ഏഴ് സാമ്പത്തിക സാക്ഷരത കൗൺസിലർമാരും രണ്ട് സി.എഫ്.എൽ കോർഡിനേറ്റർമാരും ചേർന്ന് 1,153 സാമ്പത്തിക സാക്ഷരതാ ക്യാമ്പുകൾ വിജയകരമായി സംഘടിപ്പിച്ചു.

ജില്ലാ ശരാശരി മികച്ചതാണെങ്കിലും ദേശീയ മാനദണ്ഡത്തേക്കാൾ പിന്നിൽ നിൽക്കുന്ന ബാങ്കുകൾ വായ്പാ വിതരണം അടിയന്തരമായി വർദ്ധിപ്പിക്കണമെന്ന് യോഗം നിർദ്ദേശിച്ചു. കാർഷിക മേഖലയിലെ നേട്ടം 41.71 ശതമാനം മാത്രമായതിനാൽ മൂന്നാം പാദത്തിൽ വിളവായ്പകൾക്കും മത്സ്യബന്ധന-മൃഗസംരക്ഷണ മേഖലയിലെ കെ.സി.സി (KCC) വായ്പകൾക്കും ബാങ്കുകൾ മുൻഗണന നൽകണം. ഭവന, വിദ്യാഭ്യാസ വായ്പകളിലും കൂടുതൽ ശ്രദ്ധ പതിയേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി.

സർക്കാർ സ്‌പോൺസർ ചെയ്യുന്ന പദ്ധതികളായ പി.എം.എഫ്.എം.ഇ, കെസ്രു/നവജീവൻ എന്നിവയിൽ തീർപ്പാക്കാനുള്ളവ രണ്ടാഴ്ചയിലൊരിക്കൽ റീജിയണൽ മേധാവികൾ അവലോകനം ചെയ്ത് വേഗത്തിൽ വായ്പാ വിതരണം ഉറപ്പാക്കണം. 'ഡിജിറ്റൽ അറസ്റ്റ്' പോലുള്ള സൈബർ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങളിൽ വ്യാപകമായ ബോധവൽക്കരണം നടത്താനും ഇടപാടുകാർക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ കെ.വൈ.സി (KYC) നടപടികൾ ലളിതമാക്കാനും യോഗം നിർദ്ദേശിച്ചു.

ലീഡ് ഡിസ്ട്രിക്ട് മാനേജർ എസ്. തിപ്പേഷ് സ്വാഗതവും കാസർകോട് ബ്ലോക്ക് സാമ്പത്തിക സാക്ഷരത കൗൺസിലർ ദേവദാസ് നന്ദിയും പറഞ്ഞു. വിവിധ ബാങ്കുകളുടെ റീജിയണൽ മാനേജർമാർ, വകുപ്പ് മേധാവികൾ, ആർ.സെറ്റി (RSETI), എഫ്.എൽ.സി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.