സംസ്ഥാനത്തെ മികച്ച ജാഗ്രതാ സമിതിക്കുള്ള പുരസ്‌കാരം കാസർകോട് ജില്ലാ പഞ്ചായത്ത് ഏറ്റുവാങ്ങി; മന്ത്രി ഡോ.ആർ. ബിന്ദു പുരസ്‌കാരം സമ്മാനിച്ചു
2024-25 വർഷത്തെ കേരള വനിതാ കമ്മീഷന്റെ മികച്ച ജില്ലാ ജാഗ്രത സമിതിക്കുള്ള പുരസ്‌കാരം കാസർകോട് ജില്ലാ പഞ്ചായത്ത് ജാഗ്രത സമിതിക്ക്. സംസ്ഥാനത്തെ മികച്ച ജാഗ്രതാ സമിതിക്കുള്ള പുരസ്‌കാരം കാസർകോട് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും ചേർന്ന് സാമൂഹിക നീതി, ഉന്നത
കാസർഗോട് : 2024-25 വർഷത്തെ കേരള വനിതാ കമ്മീഷന്റെ മികച്ച ജില്ലാ ജാഗ്രത സമിതിക്കുള്ള പുരസ്‌കാരം കാസർകോട് ജില്ലാ പഞ്ചായത്ത് ജാഗ്രത സമിതിക്ക്. സംസ്ഥാനത്തെ മികച്ച ജാഗ്രതാ സമിതിക്കുള്ള പുരസ്‌കാരം കാസർകോട് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും ചേർന്ന് സാമൂഹിക നീതി, ഉന്നത വിദ്യാഭ്യാസം വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്ന് ഏറ്റുവാങ്ങി.ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ റീന തോമസ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഒക്ലാവ് കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി.വി രാധിക, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് ബിജു ജില്ലാ ജാഗ്രത സമിതി കൗൺസിലർ സുകുമാരി തുടങ്ങിയവർ പുരസ്ക്കാരം സ്വീകരിക്കാനെത്തിയിരുന്നു. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടന്ന ചടങ്ങിൽ വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി.സതീദേവി, വനിതാ കമ്മീഷൻ അംഗങ്ങളായ അഡ്വ. പി.കുഞ്ഞായിഷ, അഡ്വ. ഇന്ദിരാ രവീന്ദ്രൻ, മഹിളാമണി, അഡ്വ.എലിസബത്ത് എന്നിവർ സംസാരിച്ചു.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമായി നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളും ഇടപെടലുകളുമാണ് സമിതിയെ ഈ നേട്ടത്തിന് അർഹമാക്കിയത്. മൂന്നാം തവണയാണ് ജില്ലാ പഞ്ചായത്തിന് ഈ പുരസ്‌കാരം ലഭിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും പരിക്കുകൾ ഉണ്ടാകുമ്പോഴും അവർക്കെതിരെ പ്രശ്നങ്ങൾ ഉയരുമ്പോഴും ഇടപെടുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ജാഗ്രത സംവിധാനമാണ് ജാഗ്രത സമിതി. കേരള വനിതാ കമ്മീഷന്റെ മേൽനോട്ടത്തിൽ കൃത്യമായ ഘടനയോടെയാണ് സമിതി പ്രവർത്തിക്കുന്നത്. സംസ്ഥാന തലത്തിൽ വനിതാ കമ്മീഷൻ, അതിനു താഴെ ജില്ലാ ജാഗ്രത സമിതി, തുടർന്ന് ഗ്രാമ, മുനിസിപ്പൽ ജാഗ്രത സമിതി, ഏറ്റവും താഴെത്തട്ടിൽ വാർഡ് ജാഗ്രത സമിതി എന്നിങ്ങനെയാണ് പ്രവർത്തന സംവിധാനം. വാർഡ് തലത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കാത്തവ ഗ്രാമ, മുനിസിപ്പൽ സമിതിയിലേക്കും, അവിടെയും തീരാത്തവ ജില്ലാ ജാഗ്രത സമിതിയിലേക്കും കൈമാറും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്സൺ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെസ് ചെയർപേഴ്സൺ ജില്ലാ വനിതാ ശിശു വികസന ഓഫീസർ കൺവീനറുമായുള്ള ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, ജില്ലാ പോലീസ് മേധാവി, ആർ ഡി ഒ, ഡി.എം.ഒ, വനിതാ സാമൂഹ്യ പ്രവർത്തക, എസ്.സി,എസ്.ടി വിഭാഗത്തിൽപെട്ട സാമൂഹിക പ്രവർത്തക, ജില്ലാ വനിതാ സംരക്ഷണ ഓഫീസർ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രതിനിധി, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രതിനിധി, മുൻസിപ്പൽ ചെയർപേഴ്സൺ പ്രതിനിധി എന്നിവർ ഉൾപ്പെട്ട 12 അംഗ സമിതിയാണ് ജില്ലാതലത്തിൽ ജാഗ്രതാ സമിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.. കൂടാതെ ഡെപ്യൂട്ടി ഡയറക്ടർ വിദ്യാഭ്യാസം, ജില്ലാ പട്ടികജാതി വികസന ഓഫീസർ, ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർ, ജെ.ഡി ഓഫീസർ, ചൈൽഡ് ലൈൻ കോഡിനേറ്റർ, എൻജിഒ പ്രതിനിധി എന്നിവർ ക്ഷണിതാക്കളായും ജില്ലാ ജാഗ്രതാ സമിതി സിറ്റിംഗിൽ പങ്കെടുക്കുന്നു. ജില്ലാ പഞ്ചായത്തിൽ എത്തുന്ന പരാതികൾ പരിഹരിക്കുന്നതിനും കൗൺസിലിംഗ് നൽകുന്നതിനും മുഴുവൻ സമയ കൗൺസിലറെയും, ആവശ്യമാകുന്ന പക്ഷം ലീഗൽ കൗൺസിലിംഗ് നൽകുന്നതിന് വക്കീലിനെയും ജില്ലാ പഞ്ചായത്ത് നിയമിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട് 241 കേസുകളാണ് സമിതിക്ക് മുമ്പാകെ എത്തിയത്. ഇതിൽ 175 പരാതികൾക്കും പരിഹാരമായി. പരിഹരിക്കപ്പെടാത്തവയിൽ 12 പരാതികൾ വനിതാ കമ്മീഷനിലേക്കും 20 പരാതികൾ ഡി.എൽ.എസ്.എയിലേക്കും (DLSA), 23 എണ്ണം ഗ്രാമപഞ്ചായത്തുകളിലേക്കും കൈമാറി. കേവലം പരാതി പരിഹാരത്തിനപ്പുറം 954 പേർക്ക് സൗജന്യ കൗൺസിലിംഗും 100 പേർക്ക് നിയമ സഹായവും 42 പേർക്ക് പോലീസ് സഹായവും 11 പേർക്ക് ഷെൽട്ടർ സൗകര്യവും ലഭ്യമാക്കി. ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾ മൂലം നേരിട്ട് ഹാജരാകാൻ സാധിക്കാത്ത 76 പേരുടെ വീടുകളിൽ നേരിട്ടെത്തി വിവരങ്ങൾ ശേഖരിച്ചു.
സ്ത്രീധന നിരോധന നിയമം, ഗാർഹിക പീഡന നിരോധന നിയമം, സൈബർ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ ജില്ലയിലുടനീളം 131 ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ഇവയിൽ സ്ത്രീ പുരുഷന്മാർ ഉൾപ്പെടെ 15000 ൽ അധികം പേർ പങ്കെടുത്തു. കൗമാരക്കാർക്കായി 'വർണ്ണക്കൂട്ട്' എന്ന പേരിൽ പ്രത്യേക ക്ലാസുകൾ, കോളേജുകളിൽ പ്രീ-മാരിറ്റൽ കൗൺസിലിംഗ്, ജൻഡർ റിസോഴ്സ് സെന്ററുകൾ, സാമ്പത്തിക മാനേജ്മെന്റ് ക്ലാസുകൾ എന്നിവയും സജീവമായി നടക്കുന്നു.