കാസർകോട് മലിനജലം ഒഴുക്കി വിട്ടും മാലിന്യം കത്തിച്ചുമുള്ള നിയമലംഘനം : പിഴ ചുമത്തി ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ്
കാസർകോട് കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് വിദ്യാനഗറിൽ നിർമ്മിച്ച ഫ്ളാറ്റ് സമുച്ചയത്തിന്റെ ഭാഗമായുള്ള പൊതു ഓടയിലേക്ക് ഹോട്ടലിൽ നിന്നുള്ള മലിനജലം ഒഴുക്കി വിടുന്നത് കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് 20000 രൂപ പിഴ ചുമത്തി.
കാസർകോട് : കാസർകോട് കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് വിദ്യാനഗറിൽ നിർമ്മിച്ച ഫ്ളാറ്റ് സമുച്ചയത്തിന്റെ ഭാഗമായുള്ള പൊതു ഓടയിലേക്ക് ഹോട്ടലിൽ നിന്നുള്ള മലിനജലം ഒഴുക്കി വിടുന്നത് കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് 20000 രൂപ പിഴ ചുമത്തി. ഹൗസിംഗ് കോളനിയിൽ താമസിക്കുന്നവർ പരാതി അറിയിച്ചിരുന്നുവെങ്കിലും പ്രധാന തോടുമായി ബന്ധമുള്ള ഓവുചാലിലേക്ക് മലിനജലം ഒഴുക്കിക്കൊണ്ടിരുന്നു. മഴവെള്ളം തോടിലേക്ക് ഒഴുകിപ്പോകുന്നതിന് ഹൗസിംഗ് കോളനി പരിസരത്ത് സ്ഥാപിച്ചതാണ് ഓവുചാൽ. ഹൗസിംഗ് കോളനിയിൽ 104 ഓളം കുടുംബങ്ങളാണ് താമസിച്ചുവരുന്നത്. പൊതു ഓവുചാലിലേക്ക് ഹോട്ടലിൽ നിന്നും പോകുന്ന കണക്ഷൻ വിച്ഛേദിക്കുന്നതിനും മലിനജലം കോമ്പൗണ്ടിനകത്ത് തന്നെ സംസ്‌കരിക്കുന്നതിനും നിർദ്ദേശിക്കുകയും തുടർനടപടി സ്വീകരിക്കുന്നതിന് ഗ്രാമപഞ്ചായത്തിന് കത്ത് നൽകുകയും ചെയ്തു.
ഹയർസെക്കൻഡറി സ്‌കൂളിൽ മാലിന്യങ്ങൾ ഇൻസിനേറ്ററിൽ കത്തിച്ചത് കണ്ടെത്തിയതിനെ തുടർന്ന് ഹെഡ്മാസ്റ്റർക്ക് 5000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. പരിശോധനകളിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡർ കെ.വി മുഹമ്മദ് മദനി, സ്‌ക്വാഡ് അംഗങ്ങളായ ഷൈലേഷ് ടി.സി, ജോസ് വി.എം, ഹെൽത്ത് ഇൻസ്പെക്ടർ രശ്മി.കെ എന്നിവർ പങ്കെടുത്തു.