ഇവർ തിരഞ്ഞെടുപ്പിലെ താരങ്ങൾ; സജ്ജരായി കാസർകോട്  ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം

അരങ്ങത്ത് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ചൂടുപിടിച്ച് നടക്കുമ്പോൾ അണിയറയിൽ സുഗമമായ നടത്തിപ്പിനായി അഹോരാത്രം പ്രവർത്തിക്കുകയാണ് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ,അവസാനഘട്ട ഒരുക്കത്തിലാണ് തിരഞ്ഞെടുപ്പ് വിഭാഗത്തിലെ ജീവനക്കാർ.

 

 കാസർകോട് : അരങ്ങത്ത് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ചൂടുപിടിച്ച് നടക്കുമ്പോൾ അണിയറയിൽ സുഗമമായ നടത്തിപ്പിനായി അഹോരാത്രം പ്രവർത്തിക്കുകയാണ് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ,അവസാനഘട്ട ഒരുക്കത്തിലാണ് തിരഞ്ഞെടുപ്പ് വിഭാഗത്തിലെ ജീവനക്കാർ.

 തിരഞ്ഞെടുപ്പ് പ്രക്രിയകൾ കൃത്യമായി നടപ്പാക്കുന്നതിനായുള്ള വിപുലമായ ക്രമീകരണങ്ങൾ ജില്ലയിൽ പുരോഗമിക്കുകയാണ്. വോട്ടിംഗ് യന്ത്രങ്ങൾ ഉൾപ്പെടെയുള്ള പോളിംഗ് സാമഗ്രികൾ അതത് പോളിംഗ് സ്റ്റേഷനുകളിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്. കൂടാതെ, പോളിംഗ് ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥർക്കുമുള്ള അവസാനവട്ട പരിശീലനങ്ങളും പൂർത്തിയാക്കി വരുന്നു. ജില്ലയിൽ 119 പ്രശ്നബാധിത ബൂത്തുകൾ ആണുള്ളത്. ഇത് നിയന്ത്രിക്കുന്നതിനായി ജില്ലാ അക്ഷയാസെന്ററും കെൽട്രോണുമായി ചേർന്നുകൊണ്ട് വെബ് കാസ്റ്റിങ് സംവിധാനവും പുരോഗമിക്കുന്നു. 119 ബൂത്തുകളിലും ഓരോ ഓപ്പറേറ്റർമാർ വീതം പ്രവർത്തിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് ജെ. ഡി ഓഫീസ് കൺട്രോൾ റൂമായും പ്രവർത്തിക്കും.

 പ്രശ്നബാധിത ബൂത്തുകളിലെ സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടെ, വോട്ടെടുപ്പ് ദിവസം ക്രമസമാധാനം ഉറപ്പാക്കാനുള്ള വിപുലമായ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ, നിരീക്ഷണ ക്യാമറകൾ, മറ്റ് സുരക്ഷാ ഏർപ്പാടുകൾ എന്നിവയുടെ പരിശോധനകളും പൂർത്തിയായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകൾ പുരോഗമിക്കുന്നതിനിടയിലും തീവ്ര വോട്ടർ പട്ടിക പരിഷ്കരണ പ്രവർത്തനങ്ങൾ ജില്ലയിൽ മികച്ച രീതിയിൽ നടക്കുന്നു. ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായുള്ള 98.58% പ്രവർത്തനങ്ങളും പൂർത്തീകരിച്ചു കാസർകോട് ജില്ല സംസ്ഥാനത്ത് ഒന്നാമത് എത്തി. 98.53 ശതമാനം പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് വയനാട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്.

 "ഒരേസമയം രണ്ട് പ്രധാന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നത് വലിയ ദൗത്യമാണ്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾക്ക് യാതൊരു തടസ്സവും വരാതെയാണ് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ പ്രവർത്തനങ്ങൾ ഇത്രയും ശതമാനം പൂർത്തിയാക്കിയത്.

 മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന ഹെൽപ്പ്‌ ഡെസ്കിൽ ഇതുവരെ 504 കോളുകൾ രജിസ്റ്റർ ചെയ്തു. ജില്ലാ കളക്ടർ കെ ഇമ്പശേഖറിന്റെ കീഴിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എ എൻ ഗോപകുമാർ, ഇലക്ഷൻ ജൂനിയർ സൂപ്രണ്ട് രാജീവൻ, എന്നിവരുടെ നേതൃത്വത്തിൽ മാതൃകാപരമായ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളാണ് ജില്ലയിൽ നടക്കുന്നത്.