എച്ച് വൺ എൻ വൺ ജാഗ്രത പാലിക്കണം: കാസർ​ഗോട് ജില്ലാ ഡി.എം.ഒ

ജില്ലയിൽ അജാനൂർ ഗ്രാമപഞ്ചായത് പരിധിയിൽ 64 കാരി എച്ച് വൺ എൻ വൺ ബാധിച്ച് മരണപെട്ട സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ( ആരോഗ്യം) അഭ്യർത്ഥിച്ചു.

 

കാസർ​ഗോട് : ജില്ലയിൽ അജാനൂർ ഗ്രാമപഞ്ചായത് പരിധിയിൽ 64 കാരി എച്ച് വൺ എൻ വൺ ബാധിച്ച് മരണപെട്ട സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ( ആരോഗ്യം) അഭ്യർത്ഥിച്ചു. ഇൻഫ്‌ളുവെൻസ എ എന്ന ഗ്രൂപ്പിൽപെട്ട ഒരു വൈറസാണ് എച്ച്.വൺ.എൻ.വൺ. പന്നികളിലാണ് സാധാരണ ഇത് കൂടുതലായി കണ്ടു വരുന്നത്. പന്നികളുമായി അടുത്തിടപഴകുന്ന ആളുകളിലേക്ക് അസുഖം പകരാനുള്ള സാധ്യതയുണ്ട്.വായുവിലൂടെയാണ് രോഗാണുക്കൾ ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് എത്തുന്നത്. ഒരാളിൽനിന്ന് മറ്റൊരാളിലേക്കും അസുഖം പകരാം.

രോഗലക്ഷണങ്ങൾ- പനി,ശരീര വേദന,തൊണ്ടവേദന,കഫമില്ലാത്ത വരണ്ട ചുമ,ക്ഷീണം,വയറിളക്കം എന്നിവയാണ് രോഗ ലക്ഷണങ്ങൾ. മിക്കവരിലും ഒരു സാധാരണ പനിപോലെ നാലോ അഞ്ചോ ദിവസം കൊണ്ട് ഭേദമാകും. എന്നാൽ ചിലരിൽ അസുഖം ഗുരുതരമാവാൻ ഇടയുണ്ട്. അത് തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ നൽകേണ്ടതുണ്ട്. ശ്വാസകോശത്തിലെ അണുബാധ, തലച്ചോറിലെ അണുബാധ, നിലവിലുള്ള അസുഖങ്ങൾ ഗുരുതരമാകുക എന്നിവയാണ് രോഗത്തിന്റെ സങ്കീർണതകൾ. വായു വഴിയാണ് രോഗം പകരുന്നത്.

രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്ക് ചീറ്റുമ്പോഴും വൈറസ് അന്തരീക്ഷത്തിൽ വ്യാപിക്കും. ഏകദേശം ഒരു മീറ്റർ ചുറ്റളവിൽ വൈറസ് വ്യാപിക്കാൻ സാധ്യതയുണ്ട്. അപ്പോൾ പരിസരത്ത് ഉള്ളവരിലേക്ക് രോഗം പകരാൻ വഴിയൊരുങ്ങുന്നു. ആ പരിസരത്തുള്ള വസ്തുക്കളിലും വൈറസ് നിലനിൽക്കാൻ ഇടയുണ്ട്. അത്തരം വസ്തുക്കളിൽ സ്പർശിച്ചാൽ കൈകൾ കഴുകാതെ കണ്ണിലും മൂക്കിലും വായിലും സ്പർശിക്കുന്നത് രോഗം ബാധിക്കാൻ ഇടയാക്കിയേക്കും. അഞ്ചുവയസിൽ താഴെയുള്ള കുട്ടികൾ, 65 വയസിനു മുകളിൽ പ്രായമുള്ളവർ. ഗർഭിണികൾ, മറ്റു ഗുരുതര രോഗമുള്ളവർ, രോഗ പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ പ്രത്യേകം ജാഗ്രത പാലിക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വായും മൂക്കും മറയുന്ന വിധത്തിൽ മാസ്‌ക് ധരിക്കുക, പൊതുസ്ഥലത്ത് തുപ്പരുത്. രോഗമുള്ളവരുമായി അടുത്ത് ഇടപഴകാതിരിക്കുക. ഹസ്തദാനം, ചുംബനം, കെട്ടിപ്പിടിക്കൽ എന്നിവ ഒഴിവാക്കുക.
മൊബൈൽ ഫോൺ ഷെയർ ചെയ്യാതിരിക്കുക. പുറത്തുപോയി വീട്ടിലെത്തിയാൽ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക. എച്ച്.വൺ.എൻ.വൺ. രോഗാണുക്കളെ സാധാരണ സോപ്പ് നിർവീര്യമാക്കും. രോഗ ലക്ഷണങ്ങളുള്ളവർ സ്വയം ചികിത്സ നടത്താതെ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ ചികിത്സ തേടേണ്ടതും എച്ച് വൺ എൻ വൺ രോഗികളുമായി സമ്പർക്കമുള്ളവർ തൊട്ടടുത്തുള്ള ആരോഗ്യ സ്ഥാപനങ്ങളിലെത്തി എച്ച് വൺ എൻ വൺ പരിശോധനക്ക് വിധേയരാകേണ്ടതുമാണ്.