പ്രശ്നങ്ങൾ സാങ്കേതിക സമിതി പരിശോധിച്ച് സർക്കാറിലേക്ക് പുനരധിവാസത്തിനുള്ള പ്രൊപ്പോസൽ സമർപ്പിക്കും; കാസർഗോട് ജില്ലാ കളക്ടർ
2018 മുതൽ എല്ലാ കാലവർഷങ്ങളിലും ക്യാമ്പുകളിലേക്ക് മാറേണ്ടിവന്ന വെള്ളരിക്കുണ്ട് താലൂക്കിലെ മുണ്ടമാണി കുറ്റിക്കാനം ഉന്നതിയിലെ 13 കുടുംബങ്ങളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് സ്ഥിരമായി മാറ്റി പാർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രത്യേക യോഗം ചേർന്നു. ക
കാസർഗോട് : 2018 മുതൽ എല്ലാ കാലവർഷങ്ങളിലും ക്യാമ്പുകളിലേക്ക് മാറേണ്ടിവന്ന വെള്ളരിക്കുണ്ട് താലൂക്കിലെ മുണ്ടമാണി കുറ്റിക്കാനം ഉന്നതിയിലെ 13 കുടുംബങ്ങളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് സ്ഥിരമായി മാറ്റി പാർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രത്യേക യോഗം ചേർന്നു. കള്ളാർ ഗ്രാമപഞ്ചായത്തിലെ ബാധ്യത പ്രദേശത്ത് താമസിക്കുന്ന ഉന്നതിയിലെ ആളുകൾ ക്യാമ്പിലേക്ക് മാറാൻ വിസമ്മതിച്ചപ്പോൾ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉന്നതിയിൽ നേരിട്ടെത്തി ഉന്നതിനിവാസികളുമായി സംസാരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പ്രത്യേക യോഗം ചേർന്നത്.
13 കുടുംബങ്ങൾ താമസിക്കുന്ന ഉന്നതിരിക്കുന്ന സ്ഥലം വാസയോഗ്യമാണോ അല്ലയോ എന്ന് ഉറപ്പാക്കാൻ അടുത്ത ആഴ്ചതന്നെ സോയിൽ കൺസർവേഷൻ ഓഫീസർ, ജിയോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, തുടങ്ങിയവർ സ്ഥല പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർ നിർദ്ദേശിച്ചു. തുടർന്ന് മുണ്ട മാണി കുറ്റിക്കാനം ഉന്നതികളിൽ ഉന്നതിയിലെ ജനങ്ങളുടെ പുനരധിവാസത്തിനുള്ള പ്രൊപ്പോസൽ സർക്കാരിലേക്ക് സമർപ്പിക്കുമെന്ന് കളക്ടർ അറിയിച്ചു. കള്ളാർ പഞ്ചായത്തിലെ തന്നെ ഓട്ടകണ്ട ഉന്നതിയിലെ 12 കുടുംബങ്ങളും സമാനമായ പ്രശ്നം അനുഭവിക്കുന്നതായി പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. സ്ഥല പരിശോധനയ്ക്ക് എത്തുന്ന വിദഗ്ധസംഘം ഓട്ടകണ്ട ഉന്നതി കൂടി സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.രജിത, വൈസ് പ്രസിഡണ്ട് എം.എം ജീമോൻ, കള്ളാർ പഞ്ചായത്ത് അംഗം സി.രേഖ, പരപ്പ ടി.ഡി.ഒ ബി.സി അയ്യപ്പൻ, ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസർ വി.വി പ്രകാശൻ, അസിസ്റ്റന്റ് ജിയോളജിസ്റ്റ് കെ.എ റോഷില, ഹസാർഡ്നലിസ്റ്റ് പി.വി ശില്പ, ഊര് മൂപ്പൻ തുടങ്ങിയവർ പങ്കെടുത്തു.