സ്കൂൾ കായികരംഗത്തെ മികവിന് ദീർഘകാല പദ്ധതികൾ തയ്യാറാക്കണം: കാസർഗോട് ജില്ലാ കളക്ടർ
ജില്ലയിലെ സ്കൂൾ കായികതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും സംസ്ഥാന സ്കൂൾ കായികമേളയിൽ മികച്ച നേട്ടം കൈവരിക്കുന്നതിനുമായി ദീർഘകാല പദ്ധതികൾ തയ്യാറാക്കണമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർദ്ദേശിച്ചു.
കാസർഗോട് : ജില്ലയിലെ സ്കൂൾ കായികതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും സംസ്ഥാന സ്കൂൾ കായികമേളയിൽ മികച്ച നേട്ടം കൈവരിക്കുന്നതിനുമായി ദീർഘകാല പദ്ധതികൾ തയ്യാറാക്കണമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർദ്ദേശിച്ചു. പദ്ധതികൾക്കാവശ്യമായ തുക കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ കായികമേളയ്ക്ക് മുന്നോടിയായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലയിലെ കായിക അധ്യാപകരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ. സ്കൂൾതല കായികപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും മികച്ച കായിക താൽപര്യമുള്ള കുട്ടികളെ ചെറുപ്പം മുതലേ കണ്ടെത്തി പ്രത്യേക പരിശീലനം നൽകുന്നതിനുമുള്ള നടപടികൾ യോഗം ചർച്ച ചെയ്തു.
സർക്കാർ നിയന്ത്രണത്തിലുള്ള ജില്ലയിലെ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയങ്ങൾ, നീന്തൽക്കുളങ്ങൾ, ഇൻഡോർ കോർട്ടുകൾ എന്നിവ സ്കൂൾ കായികപ്രതിഭകൾക്ക് പരിശീലനത്തിനായി സൗജന്യമായി അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു. പരിശീലനത്തിനെത്തുന്ന കുട്ടികളുടെയും അധ്യാപകരുടെയും പട്ടിക വിദ്യാഭ്യാസ വകുപ്പ് സ്പോർട്സ് കൗൺസിലിന് കൈമാറണം. സ്വകാര്യ സ്ഥാപനങ്ങളും അക്കാദമികളും പരിശീലകരും കായികവികസനത്തിന് പിന്തുണ നൽകണമെന്നും ജിംനേഷ്യം അസോസിയേഷൻ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേർക്കും.
കായികരംഗത്ത് കുട്ടികളെ ചെറുപ്പം മുതലേ വളർത്തിയെടുക്കുന്നതിന് സമൂഹത്തിന്റെ പൂർണ സഹകരണം ആവശ്യമാണെന്ന് കളക്ടർ പറഞ്ഞു. അധ്യാപക-രക്ഷാകർതൃ സമിതികളും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികളും സജീവമായ സ്കൂളുകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്നുണ്ട്. എല്ലാ സ്കൂളുകളും ഇതിന് സന്നദ്ധമാകണം. തദ്ദേശസ്ഥാപനങ്ങൾ കായികരംഗത്തിനായി പദ്ധതികൾ തയ്യാറാക്കി തുക വകയിരുത്തണമെന്നും വ്യവസായ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടുകൾ കായികവികസനത്തിന് വിനിയോഗിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
കായികമേഖലയ്ക്ക് ആവശ്യമായ പിന്തുണ നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം അറിയിച്ചു. ആവശ്യമായ തുക ഈ വർഷവും ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട് എല്ലാ തദ്ദേശസ്ഥാപനങ്ങളും സ്പോർട്സിന് തുക നിർബന്ധമായും വകേണ്ടതാണെന്നും ജില്ലാ ആസൂത്രണ സമിതി (DPC) യോഗത്തിൽ അജണ്ടയായി ഉൾപ്പെടുത്തുമെന്നും പ്രസിഡണ്ട് അറിയിച്ചു.
മെഡൽ നേടാൻ കൂടുതൽ സാധ്യതയുള്ള ത്രോ ഇനങ്ങൾ, കബഡി, തെയ്ക്കൊണ്ടോ, ഫുട്ബോൾ, ബാഡ്മിന്റൺ തുടങ്ങിയ ഇനങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അധ്യാപകർ ആവശ്യപ്പെട്ടു. പരിശീലനത്തിനായി സ്റ്റേഡിയങ്ങൾ, എച്ച്.എ.എൽ. സ്വിമ്മിംഗ് പൂൾ, ഇൻഡോർ കോർട്ടുകൾ എന്നിവ സൗജന്യമായി അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കബഡി പരിശീലനത്തിനാവശ്യമായ മാറ്റ് ജില്ലാ പഞ്ചായത്ത് അനുവദിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.
ജില്ലയിൽ സംസ്ഥാന സ്കൂൾ കായികമേള സംഘടിപ്പിക്കണമെന്നും അധ്യാപകർ ആവശ്യപ്പെട്ടു. മികച്ച ഗ്രൗണ്ടുകളുടെയും കായിക ഉപകരണങ്ങളുടെയും അഭാവമാണ് ജില്ലയിലെ കായികമേഖലയുടെ പിന്നാക്കാവസ്ഥയ്ക്ക് കാരണമെന്ന് യോഗം വിലയിരുത്തി. സ്വകാര്യ അക്കാദമികളെയും പരിശീലകരെയും അനുമോദിക്കുന്നതുൾപ്പെടെയുള്ള പിന്തുണ ജില്ലാ ഭരണകൂടം നൽകുമെന്നും യോഗത്തിൽ അറിയിച്ചു.
യോഗത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ റഫീഖ്, സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷൻ ജില്ലാ കോർഡിനേറ്റർ പ്രീതിമോൾ, ജില്ലാ സെക്രട്ടറി ബിജു, ജില്ലാ സാമൂഹികനീതി ഓഫീസർ ആര്യ പിരാജ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. സജിത്കുമാർ, വിവിധ ഉപജില്ലകളിലെ കായിക അധ്യാപകർ എന്നിവർ സംസാരിച്ചു.