രേഖകള്‍ കൃത്യമായി ഉപയോഗിച്ച് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരായി പൊതുജനങ്ങള്‍ മാറണം; കാസർകോട് ജില്ലാ കളക്ടര്‍
ട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സഹായത്തോടെ ലഭ്യമായ രേഖകള്‍ കൃത്യമായി ഉപയോഗിച്ച് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരായി ജനങ്ങള്‍ മാറണമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു.
കാസർകോട് : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സഹായത്തോടെ ലഭ്യമായ രേഖകള്‍ കൃത്യമായി ഉപയോഗിച്ച് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരായി ജനങ്ങള്‍ മാറണമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പട്ടികവര്‍ഗ്ഗ വികസന വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കിയ എ.ബി.സി.ഡി ക്യാമ്പില്‍ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള അടിസ്ഥാന ആധികാരിക രേഖകള്‍ തയ്യാറാക്കി ഡിജിറ്റലൈസ് ചെയ്തതിന്റെ പ്രഖ്യാപനവും അനുമോദനവും എസ്.സി. എസ്.ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്പ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. എ.ബി.സി.ഡി പദ്ധതിയുടെ ഭാഗമായി ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ ഐഡി, ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ബാങ്കിംഗ്, ഇന്‍ഷുറന്‍സ് മേഖലകളിലായി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പഞ്ചായത്തിലെ 704 ഗുണഭോക്താക്കള്‍ക്കാണ് ആധികാരിക രേഖകള്‍ കൈമാറിയത്.
ഇതോടെ പഞ്ചായത്തിന് കീഴിലെ എല്ലാ പട്ടികവര്‍ഗ്ഗ വിഭാഗം ജനങ്ങള്‍ക്കും ആധികാരിക രേഖകള്‍ ലഭ്യമായി. കൂടാതെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഏഴു വിദ്യാര്‍ഥികള്‍ക്കും പട്ടികജാതി വിഭാഗത്തില്‍പ്പെട്ട നാലു വിദ്യാര്‍ത്ഥികള്‍ക്കും ചടങ്ങില്‍ കളക്ടര്‍ ലാപ്‌ടോപ്പ് വിതരണം ചെയ്തു. ഇതോടെ ഈ അധ്യയന വര്‍ഷം പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട 14 വിദ്യാര്‍ത്ഥികള്‍ക്കും പട്ടികജാതി വിഭാഗത്തില്‍പ്പെട്ട നാല് വിദ്യാര്‍ത്ഥികള്‍ക്കും ലാപ്‌ടോപ്പ് വിതരണം ചെയ്യാന്‍ പഞ്ചായത്തിന് സാധിച്ചു. പഞ്ചായത്ത് മീറ്റിംഗ് ഹാളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ കെ.ആര്‍ സന്തോഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.മാധവന്‍, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ടി. വരദരാജ്, പി.വസന്തകുമാരി, ലതാഗോപി, ബ്ലോക്ക് പഞ്ചായത്തംഗം സാവിത്രി ബാലന്‍, പഞ്ചായത്തംഗം പി.ശ്രുതി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഗുലാബി, എസ്.എസ് അനീഷ്, കെ.വീരേന്ദ്രകുമാര്‍, ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു. ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ കെ.മോഹന്‍ദാസ് സ്വാഗതവും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം.കെ പ്രദീഷ് നന്ദിയും പറഞ്ഞു