ജലക്ഷാമം നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങൾ ഫലപ്രദമാകണം: കാസർഗോട് ജില്ലാ കളക്ടർ
ഭാവിയിൽ ഉണ്ടായേക്കാവുന്ന ജലക്ഷാമത്തെ ഇന്ന് നടത്തുന്ന ഫലപ്രദമായ പ്രവർത്തനങ്ങളിലൂടെ ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയുമെന്ന് ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് അടുത്ത തലമുറയ്ക്ക് വാസയോഗ്യമായ ഭൂമി ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ഇന്നത്തെ തലമുറയ്ക്കാണെന്നും കളക്ടർ പറഞ്ഞു.
കാസർഗോട് : ഭാവിയിൽ ഉണ്ടായേക്കാവുന്ന ജലക്ഷാമത്തെ ഇന്ന് നടത്തുന്ന ഫലപ്രദമായ പ്രവർത്തനങ്ങളിലൂടെ ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയുമെന്ന് ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് അടുത്ത തലമുറയ്ക്ക് വാസയോഗ്യമായ ഭൂമി ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ഇന്നത്തെ തലമുറയ്ക്കാണെന്നും കളക്ടർ പറഞ്ഞു. വി.ബി-ജി റാം ജി പദ്ധതിയുടെ ഭാഗമായി കാസർകോട് ജില്ലയിലെ സുരംഗങ്ങളുടെ പുനരുജ്ജീവനം, സംരക്ഷണം, ശാസ്ത്രീയ പരിപാലനം എന്നിവ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ദ്വിദിന പരിശീലന ശില്പശാല കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കേരളത്തിൽ സുരംഗങ്ങൾ കാണപ്പെടുന്ന ഏക ജില്ലയാണ് കാസർകോട്. സുരംഗങ്ങളുടെ സംരക്ഷണവും ശാസ്ത്രീയ പരിപാലനവും മാതൃകാ പദ്ധതിയായി ഏറ്റെടുക്കുന്നതിനായി വി.ബി-ജി റാം ജി സ്റ്റേറ്റ് മിഷൻ ഡയറക്ടറുടെ നിർദേശപ്രകാരമാണ് പദ്ധതി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കേന്ദ്ര ഭൂഗർഭജല ബോർഡ് കഴിഞ്ഞ മാസം കാസർകോട് ജില്ലയിലെ സുരംഗങ്ങൾ സന്ദർശിച്ച് ശാസ്ത്രീയമായ ഇടപെടലുകൾക്കുള്ള സാധ്യതകൾ വിലയിരുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പരിശീലന ശില്പശാല സംഘടിപ്പിക്കുന്നത്.
പള്ളിക്കര, ബേഡഡുക്ക, പുത്തിഗെ, കയ്യൂർ-ചീമേനി, കള്ളാർ, കോടോം-ബേളൂർ, കുമ്പള, ചെങ്കള എന്നീ എട്ട് ഗ്രാമപഞ്ചായത്തുകളെയാണ് പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്തത്. പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു. എൻജിനീയർമാർ മുഖേനയാണ് പദ്ധതിയുടെ നിർവഹണം നടത്തുന്നത്. ശാസ്ത്രീയമായ അറിവും അവബോധവും സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം.
വി.ബി-ജി റാം ജി ജില്ലാ ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ടി.ടി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. . കേന്ദ്ര ഭൂഗർഭജല ബോർഡ് റീജിയണൽ ഡയറക്ടർ ഡോ. ഡി. ജ്ഞാനസുന്ദർ മുഖ്യാതിഥിയായി. കേന്ദ്ര ഭൂഗർഭജല ബോർഡ് കേരള റീജിയണിലെ സയന്റിസ്റ്റ് ഡി. എം. സന്താന സുബ്രഹ്മണി മുഖ്യപ്രഭാഷണം നടത്തി.
കാസർകോട് ജില്ലയിലെ സുരംഗങ്ങളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ടുള്ള ഭൂഗർഭജല സംഭരണ മേഖലാ പരിപാലനം, ഭൂഗർഭജലത്തിന്റെ ഹൈഡ്രോളിക് പഠനം, ജില്ലയിൽ കൃത്രിമ ഭൂഗർഭജല പുനർനിറവിന്റെ (Artificial Recharge) ആവശ്യകത എന്നിവയിൽ ക്ലാസുകൾ നടന്നു. വി.ബി-ജി റാം ജി നിയമത്തിന്റെ അവലോകനം, നിയമപ്രകാരം ഏറ്റെടുക്കാവുന്ന പ്രവൃത്തികൾ, മഴവെള്ളത്തിന്റെ ഒഴുക്കിന്റെ ഗതി വിശകലനം എന്നീ വിഷയങ്ങളിലും പരിശീലനം നൽകി. പൈലറ്റ് ഗ്രാമപഞ്ചായത്തുകളുടെ പ്രതിനിധികൾ പദ്ധതിയുമായി ബന്ധപ്പെട്ട അനുഭവങ്ങളും പ്രവർത്തനങ്ങളും പങ്കുവെച്ചു.
തദ്ദേശസ്വയംഭരണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ കെ.വി. ഹരിദാസ്, ഭൂജല വകുപ്പ് ജില്ലാ ഓഫീസർ ഒ.രതീഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ എന്നിവർ സംസാരിച്ചു. വി.ബി-ജി റാം ജി ജില്ലാ എൻജിനീയർ സാദ അബ്ദുറഹിമാൻ സ്വാഗതവും ദാരിദ്ര്യലഘൂകരണ വിഭാഗം ഹെഡ് ക്ലാർക്ക് രവികുമാർ നന്ദിയും പറഞ്ഞു.
കേന്ദ്ര ഭൂഗർഭ ജല ബോർഡ് റീജിയണൽ ഡയറക്ടർ ഡോ. ഡി. ജ്ഞാനസുന്ദർ, സീനിയർ സൈന്റിസ്റ്റ് ഡി, എം സന്താന സുബ്രഹ്മണി, പ്രതിനിധി ജി. ശ്രീനാഥ്, വി.ബി-ജി റാം ജി സ്റ്റേറ്റ് എൻജിനീയർ ആർ.എസ്. രശ്മി, എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.
കേന്ദ്ര ഭൂഗർഭജല ബോർഡ്, വി.ബി-ജി റാം ജി സ്റ്റേറ്റ് മിഷൻ കേരള, വി.ബി-ജി റാം ജി കാസർകോട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.