കുടുംബവഴക്ക്: ജ്യേഷ്ഠനെ കുത്തിക്കൊന്ന അനുജൻ അറസ്റ്റിൽ
കുടുംബവഴക്കിനെ തുടർന്നു അനുജൻ്റെ കുത്തേറ്റ് ജ്യേഷ്‌ഠൻ മരിച്ചു. ചെമ്മനാട് മാവില റോഡ് പേറവളപ്പിൽ ഐങ്കൂറൻ ചന്ദ്രനാണ് മരിച്ചത്.
Nov 12, 2024, 11:02 IST
കാഞ്ഞങ്ങാട്: കുടുംബവഴക്കിനെ തുടർന്നു അനുജൻ്റെ കുത്തേറ്റ് ജ്യേഷ്‌ഠൻ മരിച്ചു. ചെമ്മനാട് മാവില റോഡ് പേറവളപ്പിൽ ഐങ്കൂറൻ ചന്ദ്രനാണ് മരിച്ചത്. പ്രതി ഗംഗാധരനെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. അക്രമം തടയാൻ ശ്രമിച്ച പേറവളപ്പിലെ മണികണ്‌ഠൻ, ഗോപാലൻ എന്നിവർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടി.
തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. കൂലിപണിക്കാരനായ ചന്ദ്രൻ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ സ്വത്ത് സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. ഇതിനിടെ ഗംഗാധരൻ ഒളിപ്പിച്ചു വെച്ച കത്തിയെടുത്ത് ചന്ദ്രൻ്റെ നെഞ്ചിലേക്കു കുത്തുകയായിരുന്നു.
ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തുമ്പോഴേക്കും ചന്ദ്രൻ തളർന്നു വീണ നിലയിലായിരുന്നു. നാട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.