പൂപ്പാറയിലെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചു നീക്കി ,പുനരധിവാസം അർഹരായവർക്ക് മാത്രം: ഇടുക്കി ജില്ലാ കളക്ടർ
പൂപ്പാറ ടൗണിൽ സർക്കാർ സ്ഥലം കൈയേറി പന്നിയാർ പുഴയുടെ ഒഴുക്കിന് തടസം സൃഷ്ടിച്ച് നിർമ്മിച്ച അനധികൃത കെട്ടിടങ്ങൾ ജില്ലാ ഭരണകൂടം പൊളിച്ചു നീക്കി. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ നേതൃത്വത്തിലായിരുന്നു നടപടി.
ഇടുക്കി : പൂപ്പാറ ടൗണിൽ സർക്കാർ സ്ഥലം കൈയേറി പന്നിയാർ പുഴയുടെ ഒഴുക്കിന് തടസം സൃഷ്ടിച്ച് നിർമ്മിച്ച അനധികൃത കെട്ടിടങ്ങൾ ജില്ലാ ഭരണകൂടം പൊളിച്ചു നീക്കി. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ നേതൃത്വത്തിലായിരുന്നു നടപടി. സ്ഥലത്തെ സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് സേനയെയും വിന്യസിച്ചിരുന്നു. അനധികൃതമായി നിർമ്മിച്ച 88 കെട്ടിടങ്ങളാണ് ദുരന്തനിവാരണ നിയമപ്രകാരം പൊളിച്ചുനീക്കിയത്. വ്യാപാര സ്ഥാപനങ്ങളും വീടുകളും ഇതിലുൾപ്പെടുന്നു.
മറ്റുഭൂമിയോ വീടോ ഇല്ലാത്ത 12 പേരെയാണ് പഞ്ചായത്ത് കണ്ടെത്തിയിട്ടുള്ളതെന്നും ഇവരുടെ പുനരധിവാസം മാത്രമേ സർക്കാർ ഏറ്റെടുക്കൂ എന്നും ജില്ലാ കളക്ടർ അറിയിച്ചു. സർക്കാർ സ്ഥലം കൈയേറി നിർമ്മിച്ചിട്ടുള്ള മൂന്നു നില കെട്ടിടങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും പുനരധിവാസം നൽകാൻ കഴിയില്ല. കോടിക്കണക്കിന് രൂപ ചെലവഴിച്ച് അനധികൃത നിർമാണം നടത്തിയവർക്ക് പുനരധിവാസത്തിന് അർഹതയില്ല. വേറെ ഒരു സ്ഥലത്തും ഭൂമിയോ വീടോ ഇല്ലാത്ത അർഹരായവരുടെ പുനരധിവാസം ഉറപ്പാക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനവുമായി സഹകരിച്ച് ഇതിനാവശ്യമായ നടപടി സ്വീകരിക്കും.
അനധികൃതമായ നിർമാണം അനുവദിക്കുന്നതിന് പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കും. വീഴ്ചയുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കും. അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നതിനുള്ള ചെലവ് ഉടമകളിൽ നിന്ന് ഈടാക്കും. നീർച്ചാലുകളും പുഴകളും സംരക്ഷിക്കുന്നതിനാവശ്യമായ നിയമങ്ങൾ നിലവിലുണ്ട്. ഈ നിയമങ്ങൾ ലംഘിച്ച് നിർമാണങ്ങൾ അനുവദിക്കുന്നത് വലിയ ദുരന്തങ്ങൾക്ക് കാരണമാകും. കഴിഞ്ഞ വർഷം കൂട്ടാറിലുണ്ടായ വെള്ളപ്പൊക്കം കളക്ടർ ഓർമ്മിപ്പിച്ചു. ദുരന്ത സാധ്യതകൾ മുന്നിൽ കണ്ട് ഇത്തരം അനധികൃത നിർമാണങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കും. ഏറ്റെടുക്കുന്ന ഭൂമി പുഴയുടെ പുനരുജ്ജീവനം സാധ്യമാകുന്ന വിധത്തിൽ വിനിയോഗിക്കുമെന്നും കളക്ടർ പറഞ്ഞു.
പുലർച്ചെ ആറു മണിയോടെയാണ് കൈയേറ്റമൊഴിപ്പിക്കൽ ആരംഭിച്ചത്. ശാന്തൻപാറ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച ശേഷമാണ് ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്. ദേവികുളം സബ്കളക്ടർ വി.എം. ആര്യ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ.പി. ദീപ, റവന്യൂ- തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ കൈയേറ്റം ഒഴിപ്പിക്കലിന് നേതൃത്വം നൽകി.
ഉടുമ്പൻചോല താലുക്ക് പൂപ്പാറ വില്ലേജിൽ പൂപ്പാറ ടൗണിൽ 56 വ്യക്തികളാണ് പന്നിയാർ പുഴ പുറമ്പോക്ക്, റോഡ് പുറമ്പോക്ക് എന്നിവ കൈയേറി 88 കെട്ടിടങ്ങൾ നിർമ്മിച്ചത്. താൽക്കാലിക നിർമ്മിതിയായി ആരംഭിച്ച കെട്ടിടങ്ങൾ പിന്നീട് കോൺക്രീറ്റ് കെട്ടിടങ്ങളാക്കി രൂപമാറ്റം വരുത്തുകയായിരുന്നു. 2022 ഒക്ടോബർ 13 ന് അനധികൃത നിർമ്മാണം നിർത്തിവെക്കാനാവശ്യപ്പെട്ട് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. തുടർന്ന് ഇവർ ഹൈക്കോടതിയെ സമീപിക്കുകയും കെട്ടിടങ്ങൾ നീക്കം ചെയ്യാൻ റവന്യ അധികാരികളെ ചുമതലപ്പെടുത്തി 2023 ജനുവരി 17 ന് ഹൈക്കോടതി ഉത്തരവിട്ടു. പിന്നീട് സുപ്രീംകോടതിയും ഹൈക്കോടതി ഉത്തരവ് ശരിവെച്ചു.
2024 ഫെബ്രുവരി 7 ന് അന്നത്തെ ഇടുക്കി സബ് കളക്ടർ അരുൺ എസ് നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യ സംഘം ഒഴിപ്പിക്കൽ നടപടികൾ സ്വീകരിക്കുകയും പൂർണ്ണമായും താമസത്തിന് മാത്രം ഉപയോഗിക്കുന്ന കെട്ടിടങ്ങൾ ഒഴികെയുള്ളവ പൂട്ടി സീൽ ചെയ്യുകയും താമസക്കാർക്ക് ഒഴിഞ്ഞു പോകുവാൻ നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
അനധികൃത നിർമ്മാണങ്ങൾ പന്നിയാർ പുഴയുടെ ഒഴുക്കിന് തടസം സൃഷ്ടിക്കുന്നുണ്ടെന്നും മഴക്കാലത്ത് വലിയ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ശാന്തൻപാറ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഉത്തരവിട്ടിരുന്നു.2026 ഫെബ്രുവരിയിൽ 30 ദിവസത്തിനുള്ളിൽ അനധികൃത നിർമ്മിതികൾ സ്വയം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. ഈ കാലപരിധി അവസാനിച്ചതിനെ തുടർന്നാണ് റവന്യൂ വകുപ്പിന്റെ നടപടി.