സഹജീവനം സ്നേഹഗ്രാമത്തിൽ ഹോർട്ടികൾച്ചർ തെറാപ്പി യൂണിറ്റ് ഉടൻ പ്രവർത്തനമാരംഭിക്കും

 നാടിന്റെ പച്ചപ്പ് സംരക്ഷിക്കുന്നതിന് ഭിന്നശേഷിക്കാരായ കുട്ടികളെ പങ്കാളിയാക്കാൻ ഒരുങ്ങി കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എൻഡോസൽഫാൻ പുനരധിവാസ ഗ്രാമം, സഹജീവനം സ്നേഹഗ്രാമം പദ്ധതി പ്രവർത്തകർ.

 

 കാസർഗോഡ് :  നാടിന്റെ പച്ചപ്പ് സംരക്ഷിക്കുന്നതിന് ഭിന്നശേഷിക്കാരായ കുട്ടികളെ പങ്കാളിയാക്കാൻ ഒരുങ്ങി കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എൻഡോസൽഫാൻ പുനരധിവാസ ഗ്രാമം, സഹജീവനം സ്നേഹഗ്രാമം പദ്ധതി പ്രവർത്തകർ. ഇതിന്റെ ഭാഗമായി ഹോർട്ടികൾച്ചർ തെറാപ്പി യൂണിറ്റ് കൂടി ആരംഭിക്കാനൊരുങ്ങുകയാണ് പ്രവർത്തകർ. ആദ്യ ഘട്ടമെന്ന നിലയിൽ ഹരിത ഗ്രാമം പദ്ധതി പച്ചക്കറി നടിൽ ഉദ്ഘാടനം ആദൂർ സർക്കിൾ ഇൻസ്‌പെക്ടർ വിഷ്ണുപ്രസാദ് നിർവഹിച്ചു. 

സസ്യങ്ങളെ പരിപാലിച്ചു കൊണ്ട് കുട്ടികളുടെ ശാരീരിക, മാനസിക, സാമൂഹിക വളർച്ചയ്ക്ക് സഹായിക്കുന്ന ഒരു ചികിത്സാ രീതിയാണ് ഹോർട്ടികൾച്ചർ തെറാപ്പി. കുട്ടികളെ മണ്ണിനോട് ഇണങ്ങിച്ചേർന്ന്, വിത്ത് വിതച്ച്, തൈ നട്ട്, വെള്ളമൊഴിച്ചു, വിളവെടുപ്പ് നടത്തി ലളിതമായ പ്രവർത്തനങ്ങൾ ചെയ്യുന്നതിലൂടെ കുട്ടികളിൽ ശ്രദ്ധ, ആത്മവിശ്വാസം, ഉത്തരവാദിത്വം, സഹകരണം എന്നിവ വളർത്താനും ഇന്ദ്രിയ വികസനത്തിനും ഹോർട്ടികൾച്ചർ ചികിത്സാരീതി സഹായിക്കുന്നു. ഹോർട്ടികൾച്ചർ തെറാപ്പി യൂണിറ്റ് ആരംഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് സഹജീവനം സ്നേഹ ഗ്രാമത്തിൽ രക്ഷിതാക്കളെയും കുട്ടികളെയും ജീവനക്കാരെയും ഉൾപ്പെടുത്തിക്കൊണ്ട് ഹരിതഗ്രാമം പദ്ധതി പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചത്.    

നിലവിൽ സഹജീവനം സ്നേഹ ഗ്രാമത്തിൽ എൻഡോസൾഫാൻ ദുരിതബാധിതരായ ആളുകൾക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും ഫിസിയോതെറാപ്പി, സൈക്കോതെറാപ്പി, സ്പീച്ച് തെറാപ്പി, ഡെവലപ്മെന്റ് തെറാപ്പി, സ്പെഷ്യൽ എഡ്യൂക്കേഷൻ എന്നീ തെറാപ്പി സേവനങ്ങളാണ് സ്ഥാപനത്തിൽ നൽകുന്നത്.
  ചടങ്ങിൽ പ്രോജക്ട് സപ്പോർട്ട് ഗ്രൂപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി സതീശൻ അധ്യക്ഷനായി.പ്രോജക്ട് സപ്പോർട്ട് ഗ്രൂപ്പ് ജോയിന്റ് കൺവീനർ സുരഭി എസ് നായർ, കമ്മിറ്റി അംഗം ആതിര സുരേന്ദ്രൻ, മുളിയാർ ഗ്രാമപഞ്ചായത്ത് മാതൃക കർഷകൻ ഭാസ്കരൻ പാറച്ചാൽ എന്നിവർ സംസാരിച്ചു. സഹജീവനെ സ്നേഹഗ്രാമം പ്രോജക്ട് മാനേജർ പി സുരേശൻ സ്വാഗതവും പ്രോജക്ട് സപ്പോർട്ട് ഗ്രൂപ്പ് ട്രഷറർ കെ മണികണ്ഠൻ നന്ദിയും പറഞ്ഞു.