കാറടുക്കയിൽ പുലിയെ കണ്ടതിനെ തുടർന്ന് പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു
May 29, 2026, 19:16 IST
കാസർഗോട് : കാറടുക്ക ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ജയനഗറിൽ പുലിയെ കണ്ടതിനെ തുടർന്ന് ആവശ്യമായ നടപടികൾ അടിയന്തര സ്വീകരിക്കാൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ വനം വകുപ്പ് ഡിവിഷണൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തുടർന്ന് പുലിയെ പിടിക്കാൻ പ്രദേശത്ത് കൂട് സ്ഥാപിച്ചതായി ഫോറസ്റ്റ് സെക്ഷൻ ഓഫീസർ കെ.എ ബാബു പറഞ്ഞു.
കഴിഞ്ഞദിവസം രാത്രിയും ബുധനാഴ്ച (മെയ് 27) രാവിലെയും നാട്ടുകാർ പുലിയെ കണ്ടിരുന്നു. പ്രദേശത്തെ അഞ്ചു നായ്ക്കളെ പുലി കൊന്നതായും ഓഫീസർ പറഞ്ഞു.
ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജോസ് മാത്യുവിന്റെ മേൽനോട്ടത്തിലാണ് കാറഡുക്ക സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.എ ബാബുവിന്റെ നേതൃത്വത്തിൽ കൂട് സ്ഥാപിച്ചത്. കൂട് സ്ഥാപിക്കുന്ന പ്രവർത്തനങ്ങളിൽ റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങളും പങ്കെടുത്തു.