കോളേജ് വിദ്യാർഥികളിൽ സംരംഭകത്വ അഭിരുചി വളർത്തുകയും നൂതന ആശയങ്ങൾ സംരംഭങ്ങളാക്കി മാറ്റുകയും ചെയ്യും:  കാസർ​ഗോട് ജില്ലാ കളക്ടർ

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജില്ലാ വ്യവസായ കേന്ദ്രം നടപ്പാക്കുന്ന 'സ്റ്റെപ്പ് അപ്' (STEP UP - Students Entrepreneurship Program for Uplifting the Youth) പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാസർകോട് ഗവ. കോളേജിൽ ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് നിർവഹിച്ചു

 

കാസർ​ഗോട് : ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജില്ലാ വ്യവസായ കേന്ദ്രം നടപ്പാക്കുന്ന 'സ്റ്റെപ്പ് അപ്' (STEP UP - Students Entrepreneurship Program for Uplifting the Youth) പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാസർകോട് ഗവ. കോളേജിൽ ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് നിർവഹിച്ചു. കോളേജ് വിദ്യാർഥികളിൽ സംരംഭകത്വ അഭിരുചി വളർത്തുകയും നൂതന ആശയങ്ങളെ വിജയകരമായ സംരംഭങ്ങളാക്കി മാറ്റുകയും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കളക്ടർ പറഞ്ഞു.

കോളേജ് പ്രിൻസിപ്പൽ ഡോ. വി.എസ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. കോളേജ് ഐ.ക്യൂ.എ.സി കോഓഡിനേറ്റർ ഡോ. പി പുഷ്പലത സംസാരിച്ചു. സംരംഭകത്വ ബോധവത്കരണ ക്ലാസിന് ഹോസ്ദുർഗ് ഉപജില്ലാ വ്യവസായ ഓഫീസർ ആർ.കെ. സ്മിത നേതൃത്വം നൽകി. രത്‌നാകരൻ നമ്പ്യാർ, രാജി നമ്പ്യാർ എന്നിവർ സംരംഭകാനുഭവങ്ങൾ പങ്കുവെച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. സജിത്കുമാർ സ്വാഗതവും കൊമേഴ്‌സ് വിഭാഗം മേധാവി കെ. ശുഭ നന്ദിയും പറഞ്ഞു.

ജില്ലയിലെ ആദ്യത്തെ ക്യാമ്പസ് വ്യവസായ പാർക്കിന് അനുമതി ലഭിച്ച ചീമേനി ഐ.എച്ച്.ആർ.ഡി കോളേജിനെ ചടങ്ങിൽ അനുമോദിച്ചു. വിദ്യാർഥികൾക്ക് വിവിധ സംരംഭകത്വ സാധ്യതകളും സർക്കാർ നൽകുന്ന പിന്തുണയും പരിചയപ്പെടുത്തുക, സംസ്ഥാന സർക്കാറിന്റെ സംരംഭക സഹായ പദ്ധതികൾ, ലൈസൻസ് നടപടിക്രമങ്ങൾ, വിവിധ വകുപ്പുകൾ മുഖേന ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച് അവബോധമുണ്ടാക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.