തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി; കാസർഗോഡ് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ
തദ്ദേശ തെരഞ്ഞെടുപ്പ് 2025 മായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിലെ ഒരുക്കങ്ങൾ പൂർത്തിയായെന്ന് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ പറഞ്ഞു. എല്ലാ വോട്ടിംഗ് മെഷീനുകളുടെയും കമ്മീഷനിങ് കഴിഞ്ഞ്, സ്‌ട്രോങ്ങ് റൂമുകളിൽ സൂക്ഷിച്ചിട്ടുണ്ട്. 10ന് വിതരണ കേന്ദ്രങ്ങളിൽ പോളിംഗ് ഉദ്യോഗസ്ഥർക്ക് മെഷീനുകൾ കൈമാറും. കാസർകോട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസർഗോഡ് : തദ്ദേശ തെരഞ്ഞെടുപ്പ് 2025 മായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിലെ ഒരുക്കങ്ങൾ പൂർത്തിയായെന്ന് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ പറഞ്ഞു. എല്ലാ വോട്ടിംഗ് മെഷീനുകളുടെയും കമ്മീഷനിങ് കഴിഞ്ഞ്, സ്‌ട്രോങ്ങ് റൂമുകളിൽ സൂക്ഷിച്ചിട്ടുണ്ട്. 10ന് വിതരണ കേന്ദ്രങ്ങളിൽ പോളിംഗ് ഉദ്യോഗസ്ഥർക്ക് മെഷീനുകൾ കൈമാറും. കാസർകോട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും പരിശീലനം നൽകി കഴിഞ്ഞു.വോട്ടിംഗ് മെഷീൻ ഉൾപ്പെടെയുള്ള ഇലക്ഷൻ സാമഗ്രികളുടെ വിതരണത്തിനായി ആറു ബ്ലോക്ക് പഞ്ചായത്ത് തലത്തിലും മൂന്നു മുൻസിപ്പാലിറ്റി തലത്തിലും ഒൻപത് സ്വീകരണ വിതരണ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലാ സ്വീകരണ വിതരണ കേന്ദ്രത്തിൽ നിന്നും അതാത് ബ്ലോക്ക്/ മുനിസിപ്പാലിറ്റികൾക്ക് കീഴിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പത്തിന് രാവിലെ 10 മുതൽ പോളിംഗ് സാമഗ്രികളും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും വിതരണം ചെയ്തു തുടങ്ങും. ഉച്ചയ്ക്ക് 12നകം ഈ പ്രവർത്തി പൂർത്തീകരിക്കും.
119 പ്രശ്‌നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഉണ്ട്. എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലാണ് ജില്ലാതല വെബ് കാസ്റ്റിംഗ് മോണിറ്ററിംഗ് സെന്റർ പ്രവർത്തിക്കുന്നത്. ഏതെങ്കിലും ബൂത്തുകളിൽ സംശയം തോന്നുന്ന പക്ഷം സ്ഥാനാർത്ഥികൾ പണമടച്ചാൽ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 11 ന് രാവിലെ ഏഴുമുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ്. ആറുമണിക്കുള്ളിൽ ബൂത്ത് പരിസരത്ത് നിൽക്കുന്നവർക്ക് ടോക്കൺ നൽകി വോട്ട് ചെയ്യാൻ അവസരം ഒരുക്കും.
ജില്ലയിൽ ആകെ 1370 പോളിംഗ് സ്റ്റേഷനുകൾ ഉണ്ട്. ജില്ലയിലെ ആകെയുള്ള 1112190 വോട്ടർമാർമാരിൽ 524022 പുരുഷ വോട്ടർമാരും 588156 സ്ത്രീ വോട്ടർമാരും 12 ട്രാൻസ്‌ജെൻഡർ വോട്ടർമാരും 129 പ്രവാസി വോട്ടർമാരും ആണ് ഉള്ളത്. ആവശ്യമായതിൽ 20% കൂടുതൽ ജീവനക്കാരെ പോളിംഗ് ഡ്യൂട്ടിക്കായി കരുതിയിട്ടുണ്ട്. ആകെ 6584 പോളിംഗ് ഉദ്യോഗസ്ഥരിൽ 3995 വനിത ഉദ്യോഗസ്ഥരും 2589 പുരുഷ ഉദ്യോഗസ്ഥരും ഉണ്ട്. സ്ത്രീകൾ മാത്രം പോളിംഗ് ഉദ്യോഗസ്ഥർ ആയിട്ടുള്ള 179 ബൂത്തുകൾ ജില്ലയിലുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗതാഗത ആവശ്യങ്ങൾക്ക് 689 വാഹനങ്ങൾ ആർടിഒ വഴി ഏർപ്പാടാക്കിയിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്ക് എത്തിച്ചേരുന്നതിനു അധിക സർവീസസ് നടത്തൻ കെഎസ്ആർടിസി, എം.വി.ഡി എന്നിവരെ ചുമതലപ്പെടുത്തും
ജില്ലയിൽ തിരഞ്ഞെടുപ്പ് സമാധാനപരമായും നീതിയുക്തമായും നടത്തുന്നതിന് പൊതുജനങ്ങളുടെ പങ്കാളിത്തം വേണമെന്ന് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.
ജില്ലയിലെ സുഗമമായ തിരഞ്ഞെടുപ്പ് നടത്തിപ്പിനായി 13 ഡി.വൈ.എസ്.പി മാർ, 29 ഇൻസ്‌പെക്ടർമാർ, 184 എസ്.ഐ, എ.എസ്.ഐ മാർ 2100 എസ്.പി.ഒ, സി.പി.ഒ മാർ കൂടാതെ 467 സ്പെഷ്യൽ പോലീസ് ഓഫീസർമാരെയും നിയമിച്ചിട്ടുണെന്ന് ജില്ലാ പോലീസ് മേധാവി വിജയ് ഭാരത റെഡ്ഡി പറഞ്ഞു. ബാംഗ്ലൂരിൽ നിന്നും ഒരു കമ്പനി സി.ആർ.പി ആർ.എ.എഫ് ഫോഴ്‌സും പ്രവർത്തിക്കും. ക്രമ സമാധാനം നിലനിർത്തുന്നതിനായി ഓരോ പോലീസ് സ്റ്റേഷൻ തലത്തിലും ഒരു സ്ട്രൈകിങ് ഫോഴ്‌സും, എട്ട് ഇലക്ഷൻ സബ് ഡിവിഷൻ തലത്തിലും ജില്ലാ തലത്തിലും പല സ്ട്രൈകിങ് ഫോഴ്‌സുകളും പ്രവർത്തിക്കും. ജില്ലയിൽ 436 ബൂത്തുകൾ സെൻസിറ്റീവ് ബൂത്തുകളായും, 97 ബൂത്തുകൾ ക്രിറ്റിക്കൽ ബൂത്തുകളായും കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലയിൽ കൂടുതൽ പോലീസ് സേനയെ വിന്യസിപ്പിക്കും. പ്രശ്ന ബാധിത മേഖലകളിൽ റൂട്ട് മാർച്ചുകൾ നടത്തും.
തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുന്നതുവരെ ക്രമസമാധാനം നിലനിർത്തുന്നതിനായി മുഴുവൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇലക്ഷന്റെ സുഗമമായ നടത്തിപ്പിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് കൺട്രോൾ റൂം നമ്പർ ഡിസംബർ അഞ്ച് മുതൽ പ്രവർത്തനമാരംഭിച്ചു. ( കൺട്രോൾ റൂം നമ്പർ- 9497928000) ഇന്ന് നടക്കുന്ന (ഡിസംബർ ഒൻപത്) കലാശക്കൊട്ടിനും വോട്ടെണ്ണൽ സമയത്തും ശേഷമുള്ള ആഹ്ലാദ പ്രകടന വേളയിലുമായി തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുന്നത് വരെ രാഷ്ട്രീയപാർട്ടികൾ ക്രമസമാധാനം ഉറപ്പാക്കിയുളള പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും എസ്.പി പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ കാസർകോട് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർകൂടിയായ ജില്ലാകളക്ടർ കെ. ഇമ്പശേഖർ, കാസർകോട് ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ആർ. ഷൈനി, എ.എസ്.പി സി.എം ദേവദാസൻ, സി.ആർ.പി ഓർ.എ.എഫ് അസി. കമാന്റന്റ് ടി.ജെ ജെബകുമാർ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എ.എൻ ഗോപകുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.വി ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.