മനുഷ്യബുദ്ധിയെ നന്മയിലേക്ക് നയിക്കാൻ ഉതകുന്നതായിരിക്കണം വിദ്യാഭ്യാസം; മന്ത്രി സണ്ണി ജോസഫ്
മനുഷ്യബുദ്ധിയെ നന്മയിലേക്ക് നയിക്കാൻ ഉതകുന്നതായിരിക്കണം വിദ്യാഭ്യാസം എന്ന് വൈദ്യുതി, പരിസ്ഥിതി,പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി സണ്ണി ജോസഫ്. കൈക്കോട്ടുകടവ് പി.എം.എസ്.എ പൂക്കോയ തങ്ങൾ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാതല പ്രവേശനോത്സവം ഓൺലൈനായി ഉദ്ഘാടനം ചെയ്തു
കാസർഗോട് :മനുഷ്യബുദ്ധിയെ നന്മയിലേക്ക് നയിക്കാൻ ഉതകുന്നതായിരിക്കണം വിദ്യാഭ്യാസം എന്ന് വൈദ്യുതി, പരിസ്ഥിതി,പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി സണ്ണി ജോസഫ്. കൈക്കോട്ടുകടവ് പി.എം.എസ്.എ പൂക്കോയ തങ്ങൾ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാതല പ്രവേശനോത്സവം ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നന്മയുള്ള മനുഷ്യരായി കുട്ടികൾ മാറണം. പഠിക്കാൻ മാത്രമല്ല സ്വപ്നങ്ങൾക്ക് ചിറകു നൽകാനുമുള്ള ഇടമാണ് വിദ്യാലയങ്ങൾ എന്നും ആനന്ദിക്കാനും അഭിരുചിക്കനുസരിച്ച് പറന്നുയരാനും പേടിക്കാതെ ചോദ്യങ്ങൾ ചോദിക്കാനും കുട്ടികൾക്ക് കഴിയണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം.ഷംസുദ്ദീന്റെ ഓൺലൈൻ സന്ദേശത്തിൽ പറഞ്ഞു.
എല്ലാ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ എത്തിക്കാൻ എം.എൽ.എ എന്ന രീതിയിൽ പ്രയത്‌നിക്കുമെന്ന് പ്രവേശനോത്സവത്തിൽ അധ്യക്ഷത വഹിച്ച സന്ദീപ് വാര്യർ എം.എൽ.എ പറഞ്ഞു. സാങ്കേതികവിദ്യയിൽ മുതിർന്നവരേക്കാൾ അറിവുള്ളവരാണ് ഇപ്പോഴത്തെ കുട്ടികൾ. അത് നല്ല രീതിയിൽ ഉപയോഗപ്പെടുത്തേണ്ട ചുമതല അധ്യാപകർക്കും രക്ഷിതാക്കൾക്കും ഉണ്ട് ഇവിടെ പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് ഇവിടെത്തന്നെ ജോലി ലഭിക്കാൻ ആവശ്യമായ സാധ്യതകൾ ഒരുക്കാൻ പ്രതിജ്ഞാബദ്ധനാണെന്നും സന്ദീപ് വാര്യർ എം.എൽ.എ പറഞ്ഞു.
രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി യുടെ സന്ദേശവും ചടങ്ങിൽ വായിച്ചു ജില്ലാ കളക്ടർ അർജുൻപാണ്ഡ്യൻ ജില്ലയിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച കുട്ടികൾക്ക് പുരസ്‌ക്കാരം നൽകി. കുട്ടികൾ ഉള്ളിലെ ശക്തി തിരിച്ചറിഞ്ഞ് വെല്ലുവിളികളെ വിജയത്തിന്റെ പടവുകൾ ആക്കണമെന്ന് കാസർകോട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു. മികച്ച അധ്യയന വർഷം ആശംസിക്കുന്നുവെന്നും പഠിച്ചു മിടുക്കരാവണമെന്നും കളക്ടർ പറഞ്ഞു.
നവാഗതരെ വിദ്യാലയങ്ങളിൽ എതിരേറ്റുകൊണ്ടുള്ള സന്ദീപ് വാര്യർ എം.എൽ.എയുടെ നേതൃത്വത്തിലുള്ള ഘോഷയാത്രയോടെയാണ് പ്രവേശനോത്സവത്തിന് തുടക്കമായത്. പിന്നീട് നവാഗതരെ വരവേൽക്കാൻ പ്രവേശനോത്സവ ഗാനത്തിന് കുട്ടികൾ വേദിയിൽ ചുവടുവെച്ചു. ചടങ്ങിൽ സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ വിമുക്തി മിഷന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി. വിമുക്തി മിഷൻ ജില്ലാ കോഡിനേറ്റർ കെ.എം സ്‌നേഹ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് വിമുക്തി മിഷന്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ നോട്ടീസ് വിതരണ ഉദ്ഘാടനം സന്ദീപ് വാര്യർ എം.എൽ.എ സ്‌കൂൾ പ്രധാനാധ്യാപകൻ പി.ഹമീദ് മാസ്റ്ററിന് നൽകി നിർവഹിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും എൻ.എം.എം.എസ്, യു.എസ് .എസ്, എൽ.എസ്.എസ്, വി.എച്ച്.എസ്.ഇ പരീക്ഷയിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും പരിമിതികളെ അതിജീവിച്ച് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെയും അനുമോദിച്ചു.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ് പി.സവിത സ്വാഗതവും ഹെഡ്മാസ്റ്റർ പി.ഹമീദ് നന്ദിയും പറഞ്ഞു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം മീനാകുമാരി, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത സഫറുള്ള, ഒളവറ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.പി സുനീറ, കൈക്കോട്ടുകടവ് വാർഡ് മെമ്പർ എം.ടി അബ്ദുറഹ്‌മാൻ, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രജീഷ് ബാബു, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എം.കെ പ്രസന്ന, കാസർകോട് പ്രിൻസിപ്പൽ ഡയറ്റ് രഘുറാം ഭട്ട്, എ.ഡി വി.എച്ച്.എസ.്ഇ ഉദയകുമാരി, ഡി.പി.സി ബിജുരാജ്, ചെറുവത്തൂർ എ.ഇ.ഒ രമേശൻ പുന്നത്തിരിയൻ,ചെറുവത്തൂർ ബി.പി.സി വി.പി സുബ്രഹ്‌മണ്യൻ, കൈക്കോട്ടുകടവ് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് വി.പി .എം നൂറുദ്ദീൻ സെക്രട്ടറി അബ്ദുള്ള ദാരിമി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ ബിജു പ്രമോദ്, പി.ടി.എ പ്രസിഡണ്ട് നസീർ തൃക്കരിപ്പൂർ, എം.പി.ടി.എ പ്രസിഡന്റ് റഹീന ഇസ്മയിൽ എന്നിവർ പങ്കെടുത്തു.