കുടിവെള്ളം ഉറപ്പു വരുത്തും : കാസർഗോട് ജില്ലാ വരൾച്ച അവലോകനയോഗം ചേർന്നു
കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാ പ്രദേശങ്ങളിലും കുടിവെള്ളം ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർദ്ദേശം നൽകി. കളക്ടറുടെ ചേമ്പറിൽ നടന്ന ജില്ലാ വരൾച്ച അവലോകനയോഗത്തിൽ കളക്ടർ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകി.
കാസർഗോട് : കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാ പ്രദേശങ്ങളിലും കുടിവെള്ളം ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർദ്ദേശം നൽകി. കളക്ടറുടെ ചേമ്പറിൽ നടന്ന ജില്ലാ വരൾച്ച അവലോകനയോഗത്തിൽ കളക്ടർ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകി. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ടാങ്കറിൽ കുടിവെള്ളം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുന്നതിന് തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടറെ ചുമതലപ്പെടുത്തി . വൈദ്യുതി വിതരണത്തിലെ തടസ്സം പരിഹരിച്ച് ബാവിക്കര പദ്ധതിയിലെ കുടിവെള്ള വിതരണം പൂർണതോതിൽ ഉടൻ ആരംഭിക്കുന്നതിന് യോഗം തീരുമാനിച്ചു, കേരള ജല അതോറിറ്റി എക്സിക്യുട്ടിവ്എൻജനീയർക്ക് യോഗം നിർദ്ദേശം നൽകി. ഉന്നതികളിൽ കുടിവെള്ളം ഉറപ്പാക്കണമെന്ന് പട്ടികവർഗ വികസന ഓഫീസർക്ക് നിർദേശം നൽകി.
അധ്യയന വർഷാരംഭത്തിനു മുൻപ് തന്നെ സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയും അറ്റകുറ്റപ്പണികളും സമയബന്ധിതമായി പൂർത്തിയാക്കാൻ ജില്ലാകളക്ടർ നിർദ്ദേശം നൽകി. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.എം.സി.സി (MCC) നിയന്ത്രണങ്ങൾ പ്രവർത്തനങ്ങളെ ബാധിക്കരുതെന്നും കളക്ടർ ഓർമിപ്പിച്ചു.
ജില്ലയിൽ വേനൽ കടുത്തതോടെ കുടിവെള്ള വിതരണവും ആരോഗ്യ സുരക്ഷാ നടപടികളും ഊർജിതമാക്കാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. നിലവിൽ ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും കുടിവെള്ള വിതരണം ആരംഭിച്ചിട്ടുണ്ടെങ്കിലും സാങ്കേതിക തകരാറുകൾ മൂലം വിതരണം തടസ്സപ്പെട്ട സ്ഥലങ്ങളിൽ അടിയന്തരമായി പ്രശ്നപരിഹാരം കാണാൻ കളക്ടർ നിർദേശിച്ചു.
ജില്ലയിലെ ഭൂഗർഭ ജലനിരപ്പിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ നൽകണം. വിദ്യാനഗർ ഉൾപ്പെടെയുള്ള മേഖലകളിലെ പമ്പിംഗ് തടസ്സങ്ങൾ പരിഹരിക്കാൻ കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ഏകോപിതമായി പ്രവർത്തിക്കണം. തകരാറിലായ കേബിളുകളും വാൽവുകളും അടിയന്തിരമായി മാറ്റിസ്ഥാപിക്കാനും കളക്ടർ ഉത്തരവിട്ടു.
ആരോഗ്യ മേഖലയിൽ പ്രത്യേക ജാഗ്രത പാലിക്കാൻ യോഗം നിർദേശിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്ത് തൊഴിലാളികൾക്കിടയിൽ ബോധവൽക്കരണം ശക്തമാക്കും. വാർഡ് തലത്തിൽ ആർ.ആർ.ടി ഗ്രൂപ്പുകൾ വഴി പൊതുജനങ്ങൾക്കും പ്രത്യേകിച്ചും പുറംജോലികളിൽ ഏർപ്പെടുന്നവർക്കും കൃത്യമായ മാർഗനിർദേശങ്ങൾ നൽകും. ആശുപത്രികളിൽ ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കിയതായി ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡി എം ഒ അറിയിച്ചു. എല്ലാ ഓഫീസുകളിലും മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ കർശനമായി നടത്താനും കളക്ടർ നിർദ്ദേശിച്ചു
യോഗത്തിൽ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ വി ശ്രുതി, ഡെപ്യൂട്ടി ഡിഎംഒ അജയ് കെ രാജ്,തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ജയ്സൺ മാത്യു, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ പി രാഘവേന്ദ്ര, ലേബർ ഓഫീസർ കെ മൂസ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എം സുനിൽകുമാർ, ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ ജോസ് മാത്യു, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ കെ വി രാഘവൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ വകുപ്പ് പ്രതിനിധികൾ പങ്കെടുത്തു