ആനത്താരയിലെ അനധികൃത നിർമ്മാണങ്ങൾ കണ്ടെത്താൻ നടപടി: ജില്ലാ വികസന സമിതി യോഗം

ജില്ലയിൽ ആനയുടെ സഞ്ചാര പാതയിൽ വനം വകുപ്പിന്റെ അനുമതിയില്ലാതെയുള്ള നിർമ്മിതികൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വനം വകുപ്പിന് നിർദേശം. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിർദേശം.

 


ഇടുക്കി  : ജില്ലയിൽ ആനയുടെ സഞ്ചാര പാതയിൽ വനം വകുപ്പിന്റെ അനുമതിയില്ലാതെയുള്ള നിർമ്മിതികൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വനം വകുപ്പിന് നിർദേശം. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിർദേശം.

വനം വകുപ്പിന്റെ ജില്ലയിലെ എല്ലാ ഡിവിഷനുകളിൽ നിന്നും റിപ്പോർട്ട് സമർപ്പിക്കണം. സേനാപതി വേണു എംഎൽഎ ഉന്നയിച്ച ആനയിറങ്കൽ ഡാമിൽ ബോട്ടിംഗ് നടത്താൻ വനം വകുപ്പ് അനുമതി നൽകാത്ത വിഷയം പരിശോധിച്ചതിനെ തുടർന്നാണ് യോഗത്തിന്റെ നിർദേശം. കുണ്ടള, മാട്ടുപ്പെട്ടി ഡാമുകളിൽ ബോട്ടിംഗ് അനുവദിച്ചിട്ടുണ്ട്. കൂടാതെ ആനയുടെ സഞ്ചാര പാതകളായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിൽ റിസോർട്ടുകളടക്കം പ്രവർത്തിക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി. ആനയുടെ സഞ്ചാര പാതയായി വനം വകുപ്പ് തിരിച്ചറിഞ്ഞിട്ടുള്ള സ്ഥലങ്ങളിലെ എല്ലാ അനധികൃത നിർമ്മാണങ്ങളും റിപ്പോർട്ട് ചെയ്യാനാണ് യോഗം തീരുമാനിച്ചത്.

ഇടമലക്കുടിയിലെ വീടുകളുടെ നിർമ്മാണം സംബന്ധിച്ച് ഉടൻ പരിഹാരം കാണണമെന്നും ഇതു സംബന്ധിച്ച ചർച്ച അനന്തമായി നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും റോയ് കെ പൗലോസ് എം എൽ എ പറഞ്ഞു. ഇടമലക്കുടിയിൽ 149 വീടുകളുടെ നിർമ്മാണം പൂർത്തിയായതായി വനം വകുപ്പ് അറിയിച്ചു. 58 വീടുകൾ ഭാഗികമായി നിർമ്മിച്ചു. ആകെ 223 വീടുകൾ ഇനി നിർമ്മിക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ച് വനം വകുപ്പും പട്ടികവർഗ വികസന ഓഫീസറും സംയുക്ത പരിശോധന നടത്താൻ യോഗം നിർദേശം നൽകി. വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തണം. ഇടമലക്കുടിയിൽ ആകെയുള്ള കുടുംബങ്ങൾ, ഇതിൽ വീട് ആവശ്യമുള്ളവർ, ഇതിനാവശ്യമായ തുക തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങൾ റിപ്പോർട്ടിലുണ്ടാകണം.

ഇടമലക്കുടിയിലെ റോഡുകളുടെ നിർമ്മാണം ഓണത്തിന് ശേഷം ആരംഭിക്കുമെന്ന് കരാറുകാരൻ ഉറപ്പു നൽകിയതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ഡിസംബർ 31 നകം നിർമ്മാണം പൂർത്തിയാക്കും.

വെള്ളത്തൂവൽ പഞ്ചായത്തിലെ അമൃത് സരോവർ ഒന്നാം ഘട്ടത്തിൽ ഉൾപ്പെട്ട കുമ്മിണിക്കുന്ന് കുളം നവീകരിക്കുന്നതിനുള്ള സ്ഥലത്തെ കൈയേറ്റം ഒരു മാസത്തിനകം ഒഴിപ്പിക്കാൻ യോഗം നിർദേശിച്ചു. ജില്ലയിൽ നിയമവിരുദ്ധമായി പാറ പൊട്ടിക്കുന്നത് തടയുന്നതിന് പരിശോധന കർശനമാക്കും.  

ഇടുക്കി മെഡിക്കൽ കോളേജിൽ താത്കാലിക ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ച് യോഗം വിലയിരുത്തി. ആശുപത്രി വികസന സൊസൈറ്റിയിൽ നിന്നുളള വരുമാനത്തിന്റെ വിനിയോഗം സംബന്ധിച്ച സാങ്കേതിക പ്രശ്‌നം ആശുപത്രി അധികൃതർ യോഗത്തിൽ അറിയിച്ചു. മറ്റ് സർക്കാർ ആശുപത്രികളിൽ നിന്ന് ജീവനക്കാരെ ഇടുക്കിയിലേക്ക് പുനർ വിന്യസിക്കുന്നത് സംബന്ധിച്ച് പരിശോധിക്കാനും യോഗം നിർദേശിച്ചു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എംഎൽഎമാരായ റോയ് കെ പൗലോസ്, സേനാപതി വേണു, ദേവികുളം സബ് കളക്ടർ ആര്യ വി.എം., അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് മിനി കെ. ജോൺ, ജില്ലാ പ്ലാനിംഗ് ഓഫീസർ ഡോ. പി. പ്രവീൺ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.