കാസർഗോട് ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും; തദ്ദേശസ്വയംഭരണ വകുപ്പ് അവലോകനയോഗം ചേർന്നു
മഴക്കാലത്തിനു മുന്നോടിയായി ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തന മുന്നൊരുക്കങ്ങളുടെ നടപടിക്രമങ്ങൾ എത്രയും വേഗത്തിലാക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം പറഞ്ഞു
കാസർഗോട് : മഴക്കാലത്തിനു മുന്നോടിയായി ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തന മുന്നൊരുക്കങ്ങളുടെ നടപടിക്രമങ്ങൾ എത്രയും വേഗത്തിലാക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ ചേർന്ന അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. മഴക്കാലത്തിന് മുന്നോടിയായി ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. പട്ടികജാതി പട്ടികവർഗ്ഗ മേഖലയിൽ ചിലവഴിക്കുന്ന ഫണ്ടുകളുടെ വിനിയോഗം കാലതാമസം കൂടാതെ കാര്യക്ഷമമാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.
ജില്ലയിലെ മൊത്തം മാലിന്യനിർമാർജനത്തിനും കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കി വിടാനും കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് യോഗത്തിൽ മുഖ്യപ്രഭാഷകനായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു. ജില്ലയിലെ മഴക്കാല ശുചീകരണ പ്രവർത്തനങ്ങളിൽ സമയബന്ധിതമായി പൂർത്തിയാക്കാൻ യോഗത്തിൽ തീരുമാനമായി. പട്ടികജാതി പട്ടികവർഗ്ഗ മേഖലയിലെ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.രാജേഷും ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങൾ, മഴക്കാല ശുചീകരണം, മാലിന്യ സംസ്‌കരണം എന്നീ വിഷയങ്ങളിൽ എൽ.എസ്.ജി.ഡി ജോയിൻ ഡയറക്ടർ ജയ്‌സൺ മാത്യുവും അവലോകനം നടത്തി. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കിനെപ്പറ്റി ദുരന്തനിവാരണ വിഭാഗം ഹസാർഡ് അനലിസ്റ്റ് ശില്പ ക്ലാസ് എടുത്തു. ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ പി.ജയൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ, സെക്രട്ടറിമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർമാർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർമാർ, അസിസ്റ്റന്റ് എൻജിനീയർമാർ തുടങ്ങിയവർ പങ്കെടുത്തു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ ജയ്‌സൺ മാത്യു സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടർ കെ.വി ഹരിദാസ് നന്ദിയും പറഞ്ഞു.