സംസ്ഥാനത്ത് നടന്നുക്കൊണ്ടിരിക്കുന്നത് 250000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ; സി.എച്ച് കുഞ്ഞമ്പു എം.എൽ.എ

സംസ്ഥാനത്ത് നിലവിൽ 250000കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നുവെന്ന് സി.എച്ച് കുഞ്ഞമ്പു എം.എൽ.എ പറഞ്ഞു. നവകേരള സദസ്സിൽ ഉദുമ മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി അനുവദിച്ച ഏഴ് കോടി രൂപ ഉപയോഗിച്ച് എരിഞ്ഞിപ്പുഴയിൽ പയസ്വിനി പ്പുഴയ്ക്ക് കുറുകെ നിർമിക്കുന്ന എരിഞ്ഞിപ്പുഴ ചെക്ക് ഡാം നിർമാണ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു എം.എൽ.എ.

 

കാസർ​ഗോട് : സംസ്ഥാനത്ത് നിലവിൽ 250000കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നുവെന്ന് സി.എച്ച് കുഞ്ഞമ്പു എം.എൽ.എ പറഞ്ഞു. നവകേരള സദസ്സിൽ ഉദുമ മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി അനുവദിച്ച ഏഴ് കോടി രൂപ ഉപയോഗിച്ച് എരിഞ്ഞിപ്പുഴയിൽ പയസ്വിനി പ്പുഴയ്ക്ക് കുറുകെ നിർമിക്കുന്ന എരിഞ്ഞിപ്പുഴ ചെക്ക് ഡാം നിർമാണ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു എം.എൽ.എ. നാടിന്റെ വികസനത്തിനാവശ്യമായ ഒരു നിർമിതി യാഥാർഥ്യമാണമെങ്കിൽ സാങ്കേതികമായ ഒരുപാട് തടസങ്ങൾ തരണം ചെയ്യണം. അതിനു വർഷങ്ങൾ നീണ്ട ഇടപെടലുകളും പ്രയത്‌നവും ആവശ്യമാണ്. വികസന പ്രവർത്തനങ്ങൾക്ക് കാലതാമസം നേരിടുന്നതിനുള്ള പ്രധാന കാരണവും അതുതന്നെ.  ഓരോ മണ്ഡലത്തിലെയും വികസന പ്രവർത്തനങ്ങൾക്കായി നവ കേരള സദസ്സിൽ സർക്കാർ ഏഴു കോടി രൂപ അനുവദിച്ചപ്പോൾ ഉദുമ മണ്ഡലത്തിലെ ജലസംഭരണ പ്രവർത്തനങ്ങൾ ഉയർത്തുന്നതിന്റെ ഭാഗമായാണ് ചെക്ക് ഡാമിനായി മുഴുവൻ തുകയും ഉപയോഗിക്കാൻ തീരുമാനിച്ചതെന്ന് എം.എൽ.എ പറഞ്ഞു. നാടിന്റെ ടൂറിസം സാധ്യതകൾ പരിഗണിച്ച് ടൂറിസം കേന്ദ്രമായി ചെക്ക് ഡാമിന് സമീപമുള്ള പ്രദേശത്തെ മാറ്റിതീർക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ഉദുമ മണ്ഡലത്തതിന്റെ സമഗ്ര വികസനത്തതിനായി 567 പദ്ധതികൾ നടപ്പിലാക്കിയെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.

മുളിയാർ, ബേഡഡുക്ക ഗ്രാമ പഞ്ചായത്തുകളിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നങ്ങൾക്കും കാർഷിക പ്രശ്‌നങ്ങൾക്കും പരിഹാരമായാണ് എരിഞ്ഞിപ്പുഴയിൽ ചെക്ക് ഡാം വരുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടുകൂടി ഇരുപഞ്ചായത്തുകളിലെയും 250 ഹെക്ടർ   സ്ഥലത്ത് ചെക്ക് ഡാമിന്റെ പ്രയോജനം ലഭിക്കും. 2021 ൽ പദ്ധതിയ്ക്കാവശ്യമായ ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കിയിരുന്നു.  ഇറിഗഷൻ ഡിസൈൻ ആൻഡ് റിസർച്ച് ബോർഡിന്റെ ഡിസൈൻ ലഭ്യമായതോടെ പദ്ധതിയുടെ ഡിപിആർ  സമർപ്പിക്കുകയും 2025 മെയ് മാസത്തിൽ നവ കേരള സദസ്സ് പദ്ധതിയുടെ ഭാഗമായി ഓരോ മണ്ഡലത്തിലെയും വികസനത്തിനായി വകയിരുത്തുന്ന ഏഴ് കോടി രൂപ പദ്ധതിക്കായി ഉപയോഗിക്കാൻ അംഗീകാരം ലഭിക്കുകയും ചെയ്തു. അതേ വർഷം സെപ്റ്റംബർ മാസത്തിൽ പദ്ധതിക്ക്  ഭരണാനുമതിയും, സാങ്കേതികാനുമതിയും ലഭിച്ചു. പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കരാർ ഉടമ്പടി വെക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത വർഷം ജൂലൈ മാസത്തോടെ പ്രവൃത്തി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

145.00 മീറ്റർ നീളമുള്ള പെക്ക്ഡാമിൽ 2.50 മീറ്റർ ഉയരത്തിൽ വെള്ളം സംഭരിക്കാൻ സാധിക്കും. ഏകദേശം 1.50 കി. മീറ്റർ മുകൾഭാഗത്തേക്ക് വെള്ളം സംഭരിക്കാനാകും. പ്രദേശത്തെ ഭൂഗർഭ ജലവിതാനം ഉയർത്തുന്നതിന് പദ്ധതികൊണ്ട് സാധിക്കും. മുളിയാർ ഗ്രാമ പഞ്ചായത്തിലെ സംരക്ഷിത വനമേഖലയിലെ ജീവജാലങ്ങൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ചടങ്ങിൽ മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജലസേചന വകുപ്പ് കാസർകോട്  ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ പി.ടി സഞ്ജീവ് റിപ്പോർട്ട് അവതരിപ്പിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ബാലൻ, മുളിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ പുഷ്പ കുമാരി, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാ രവി, മെമ്പർമാരായ ടി.രാജീവ് നാഥ്, ലതാ ഗോപി, കൃഷ്ണവേണി, ശാന്തകുമാരി, ശോഭന, മാധവി, കെ.ബാലകൃഷ്ണൻ, പദ്ധതിയുടെ കരാറുകാരൻ മുഹമ്മദ് റാഫി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.മാധവൻ, ടി.ഗോപിനാഥൻ നായർ, കെ.കുഞ്ഞിരാമൻ, ബി.കെ.ഹംസ, അബ്ദുൽഖാദർ കോളോട്ട്, എം.അനന്തൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ സി.രാമകൃഷ്ണൻ സ്വാഗതവും ജലസേചന വകുപ്പ് കാസർഗോഡ് ഡിവിഷൻ അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ കെ.സുനിത നന്ദിയും പറഞ്ഞു.