ലോക ഭക്ഷ്യസുരക്ഷാ ദിനാചരണം : ആവേശമായി ' സൈക്ലത്തോൺ '

പൊതുജനങ്ങൾക്കിടയിൽ സുരക്ഷിതമായ ഭക്ഷണശീലങ്ങളെക്കുറിച്ചും ആരോഗ്യസംരക്ഷണത്തെക്കുറിച്ചും അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ കാസറഗോഡ് ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പും ‘കാസർഗോഡ് പെഡലേഴ്സ്’ ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച സൈക്ലത്തോൺ ഇന്ന് വിജയകരമായി നടന്നു. ഈ വർഷത്തെ ലോക ഭക്ഷ്യസുരക്ഷാ ദിന സന്ദേശം മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.

 

കാസർ​ഗോട് :പൊതുജനങ്ങൾക്കിടയിൽ സുരക്ഷിതമായ ഭക്ഷണശീലങ്ങളെക്കുറിച്ചും ആരോഗ്യസംരക്ഷണത്തെക്കുറിച്ചും അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ കാസറഗോഡ് ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പും ‘കാസർഗോഡ് പെഡലേഴ്സ്’ ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച സൈക്ലത്തോൺ ഇന്ന് വിജയകരമായി നടന്നു. ഈ വർഷത്തെ ലോക ഭക്ഷ്യസുരക്ഷാ ദിന സന്ദേശം മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.

ഞായറാഴ്ച രാവിലെ കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ കാഞ്ഞങ്ങാട് റവന്യൂ ഡിവിഷണൽ ഓഫീസർ കെ. ആർ. മനോജ് പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. കാസറഗോഡ് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ സംഗീത് എസ്. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലയിലുടനീളം ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനും സുരക്ഷിതമായ ഭക്ഷണരീതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വകുപ്പ് നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

'കാസർഗോഡ് പെഡലേഴ്സ്' ക്ലബ്ബിലെ നിരവധി സൈക്ലിസ്റ്റുകളും പൊതുജനങ്ങളും ഭക്ഷ്യസുരക്ഷാ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളേന്തി റാലിയിൽ പങ്കെടുത്തു.സൈക്ലത്തോണിൽ പങ്കെടുത്ത എല്ലാവർക്കും ഭക്ഷ്യസുരക്ഷാ വകുപ്പ് നന്ദി അറിയിച്ചു. ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് ജൂൺ 11-ന് സിവിൽ സ്റ്റേഷനിൽ വെച്ച് വിദ്യാർത്ഥികൾക്കായി നടത്തുന്ന ക്വിസ്, പോസ്റ്റർ പ്രസന്റേഷൻ മത്സരങ്ങളിലും, ജൂൺ 12-ന് ജില്ലാ പ്ലാനിംഗ് ഓഫീസ് ഹാളിൽ നടക്കുന്ന പാനൽ ഡിസ്കഷനിലും സെമിനാറിലും പൊതുജനങ്ങളും വിദ്യാർത്ഥികളും പങ്കാളികളാകണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.