തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റ ചട്ടം സർക്കാർ ഓഫീസുകളിൽ കർശനമായി പാലിക്കണം: കാസർഗോഡ് ജില്ലാ കളക്ടർ
കാസർഗോഡ് : ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബർ 11ന് നടത്തുന്ന പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നവംബർ 10 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജില്ലയിലെ സർക്കാർ ഓഫീസുകളിലും അവയുടെ കോമ്പൗണ്ടിലും പരിസരത്തും ചുവർ എഴുതാനോ പോസ്റ്റർ ഒട്ടിക്കാനോ ബാനർ കട്ടൗട്ട് തുടങ്ങിയവ സ്ഥാപിക്കാനോ പാടുള്ളതല്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ കെ ഇമ്പശേഖർ അറിയിച്ചു.
സർക്കാർ ഓഫീസുകളിലും കോമ്പൗണ്ടുകളിലും ഇലക്ഷൻ പ്രചാരണം സംബന്ധിച്ച് സാമഗ്രികൾ ഉപയോഗിക്കുന്നില്ലെന്ന് സർക്കാർ ഓഫീസ് മേധാവികൾ ഉറപ്പുവരുത്തണം. പൊതുജനങ്ങൾക്ക് അസൗകര്യമോ ശല്യമോ ഉണ്ടാക്കുന്ന വിധത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾ സ്ഥാപിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതും ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതും ഓഫീസ് മേധാവികൾ ആണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രചാരണങ്ങൾക്കോ യോഗങ്ങൾക്കോ ഉപയോഗിക്കാൻ പാടില്ല.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച മാതൃകാ പെരുമാറ്റ സംഹിത 2025ലെ നിർദ്ദേശങ്ങൾ ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥർ കൃത്യമായി പാലിക്കേണ്ടതാണ്. മേൽ നിർദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ ജില്ലാ ഇലക്ഷൻ ഓഫീസറായ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്. പെരുമാറ്റച്ചട്ടം പാലിക്കാത്തവർക്കെതിരെ 1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട് ,1995ലെ കണ്ടക്ട് ഓഫ് ഇലക്ഷൻ റൂൾസ് എന്നിവ പ്രകാരമുള്ള നടപടികൾ സ്വീകരിക്കും. പെരുമാറ്റ ചട്ടം തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിക്കുന്നത് വരെ തുടരും.