ശുചീകരണ പ്രവർത്തനങ്ങൾക്ക് സിവിൽ സ്റ്റേഷനിൽ തുടക്കമായി; കാസർകോട്  ജില്ലാ കളക്ടർ ഉദ്ഘാടനം നിർവഹിച്ചു

വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾക്ക് വിദ്യാനഗർ സിവിൽ സ്റ്റേഷനിൽ തുടക്കമായി. സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പുകളുടെ ഓഫീസുകളും പരിസരങ്ങളും ശുചീകരിക്കുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു.

 

കാസർകോട്  : വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾക്ക് വിദ്യാനഗർ സിവിൽ സ്റ്റേഷനിൽ തുടക്കമായി. സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പുകളുടെ ഓഫീസുകളും പരിസരങ്ങളും ശുചീകരിക്കുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു. മഴക്കാലം ആരംഭിക്കുന്നതിന് സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലെ ശുചീകരണത്തിന് നേതൃത്വം നൽകിയ ചെങ്കള ഗ്രാമപഞ്ചായത്തിനെജില്ലാ കളക്ടർ അഭിനന്ദിച്ചു. വർദ്ധിച്ചുവരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസ്ഥിതിക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും  ശുചീകരണ പ്രവർത്തനങ്ങളിൽ എല്ലാവരും സജീവമായി പങ്കുചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശുചീകരണ പ്രവർത്തനങ്ങൾ ചെങ്കള ഗ്രാമപഞ്ചായത്തിന്റെയുംജില്ലാ ശുചിത്വ മിഷന്റെയും ഹരിത കർമ സേനാംഗങ്ങളുടെയും സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി മെയ് എട്ടിന് സിവിൽ സ്റ്റേഷനിലെ മുഴുവൻ ഓഫീസുകളിലെയും ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് (CKCL) കൈമാറും. ഇലക്ട്രോണിക്, പേപ്പർ മാലിന്യങ്ങൾക്ക് പുറമെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണിയായ മെർക്കുറി, ലെഡ് തുടങ്ങിയ അപകടകരമായ മാലിന്യങ്ങൾ കൃത്യമായി തരംതിരിച്ച് ഏൽപ്പിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനായി ജില്ലാ ശുചിത്വ മിഷൻ ഓഫീസിന് സമീപമുള്ള ബയോഗ്യാസ് പ്ലാന്റ്, അക്ഷര ലൈബ്രറിക്ക് സമീപത്തെ തുമ്പൂർമുഴി സംവിധാനം, റിംഗ് കമ്പോസ്റ്റ് എന്നിവ പ്രയോജനപ്പെടുത്തും. അജൈവ മാലിന്യങ്ങൾ വലിച്ചെറിയാതെ തരംതിരിച്ച് ഹരിതകർമസേനയ്ക്ക് കൈമാറണം.

കളക്ടറേറ്റ് അങ്കണത്തിൽ നടന്ന ശുചീകരണ പരിപാടിയിൽ ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തൻ അജക്കോട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എ.ഡി.എം കെ.വി. ശ്രുതി, ഡെപ്യൂട്ടി കലക്ടർമാരായ ലിപു എസ് ലോറൻസ്, വി.പി രഘുമണി, ഹൂസൂർ ശിരസ്തദാർ സതീഷ് കുമാർ, ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ പി. ജയൻ, ചെങ്കള പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശാന്തകുമാരി ടീച്ചർ, വാർഡ് മെമ്പർമാരായ മാഹിൻ ആലംപാടി, ഇ.എ മഹ്‌മൂദ്, വി.എ മുഹമ്മദ് ഹനീഫ സംസാരിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ.വി ഗോപിനാഥ്, കെ.രശ്മി, എം.സി ബഷീർ, വിവിധ വകുപ്പുകളിലെ ജീവനക്കാർഎന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.