50000 കിലോ ഇ മാലിന്യം ക്ലീൻ കേരള കമ്പനിയിലേയ്ക്ക്; കൈറ്റിൻ്റെ ഇ വേസ്റ്റ് മാനേജ്മെൻ്റ് സിസ്റ്റം വൻ വിജയം
മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിൻ്റെ ഭാഗമായി ക്ലീൻ കേരള കമ്പനിയുടെയും പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെയും കൈറ്റിൻ്റെയും സംയുക്ത നേതൃത്വത്തിൽ നടത്തുന്ന സ്കൂൾ തല ഇ മാലിന്യ ശേഖരണ യജ്ഞത്തിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം ബഹു. കാസർഗോഡ് ഡി.ഡി.ഇ ടി.വി മധുസൂദനൻ നിർവ്വഹിച്ചു.
കാസർകോട് : മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിൻ്റെ ഭാഗമായി ക്ലീൻ കേരള കമ്പനിയുടെയും പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെയും കൈറ്റിൻ്റെയും സംയുക്ത നേതൃത്വത്തിൽ നടത്തുന്ന സ്കൂൾ തല ഇ മാലിന്യ ശേഖരണ യജ്ഞത്തിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം ബഹു. കാസർഗോഡ് ഡി.ഡി.ഇ ടി.വി മധുസൂദനൻ നിർവ്വഹിച്ചു. കാസർഗോഡ് നഗരസഭ പരിധിയിലെ സ്കൂളുകളിലെ ഇ മാലിന്യം നഗരസഭ ചെയർമാൻ അബ്ബാസ് ബീഗത്തിൽ നിന്നും ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ മിഥുൻ ഗോപി ഏറ്റു വാങ്ങി.
കൈറ്റ് തയ്യാറാക്കിയ ഇ വേസ്റ്റ് മാനേജ്മെൻ്റ് ആൻഡ് ഡിസ്പോസൽ പോർട്ടലിലേയ്ക്ക് കാസർഗോഡ് ജില്ലയിൽ നിന്നു മാത്രം 50 ടൺ ഇലക്ട്രോണിക് മാലിന്യങ്ങളാണ് അപ്ലോഡ് ചെയ്യപ്പെട്ടത്. ഇവ നീക്കം ചെയ്യുന്നതിലൂടെ കാസർഗോഡ് ജില്ലയിലെ മുഴുവൻ സ്കൂളുകളും ഹരിതവിദ്യാലയം എന്ന പദവിയിലേയ്ക്കുയരുകയാണ്. ഓരോ തദ്ദേശ സ്ഥാപനത്തിലും ഒരു സ്കൂൾ ആണ് ശേഖരണ കേന്ദ്രമായി തീരുമാനിച്ചിട്ടുള്ളത്.
ആദ്യ ദിന ശേഖരണത്തിൽ കാസറഗോഡ് നഗരസഭ പരിധിയിൽ ഉള്ള 19 സ്കൂളുകളിൽ നിന്നും 2916 കിലോഗ്രാം ഇ മാലിന്യവും മധൂർ പഞ്ചായത്ത് പരിധിയിലെ 6 സ്കൂളുകളിൽ നിന്നും 746 കിലോഗ്രാം ഇ മാലിന്യവും കൂടി ആകെ 3662 കിലോഗ്രാം ഇ മാലിന്യം ക്ലീൻ കേരള കമ്പനി ശേഖരിച്ചു. ഒന്നാം ഘട്ട ശേഖരണത്തിൽ തുടർന്നുള്ള ദിവസങ്ങളിൽ കാഞ്ഞങ്ങാട് നഗരസഭാ, മടിക്കൈ ഗ്രാമ പഞ്ചായത്ത് , കുമ്പള ഗ്രാമ പഞ്ചായത്ത് , മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് ,പള്ളിക്കര ഗ്രാമ പഞ്ചായത്ത്, ഉദുമ ഗ്രാമ പഞ്ചായത്ത് എന്നി തദ്ദേശ സ്ഥാപന പരിധിയിലെ സ്കൂളുകളിൽ നിന്നും ക്ലീൻ കേരള കമ്പനി ഇ മാലിന്യം ശേഖരിക്കുന്നതാണ്. തുടർന്ന് ജില്ലയിലെ ബാക്കിയുള്ള തദ്ദേശ സ്ഥാപനങ്ങളിലെ സ്കൂളുകളിൽ നിന്നും ഇ മാലിന്യം ശേഖരിക്കുന്നതാണ്.
കൈറ്റ് ജില്ലാ കോർഡിനേറ്റർ റോജി ജോസഫ് ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ പി ജയൻ കോകോർഡിനേറ്റർ എച്ച് കൃഷ്ണൻ കൈറ്റ് മാസ്റ്റർ ട്രൈനർ അബ്ദുൾ ഖാദർ ക്ലീൻ കേരള കമ്പനി സെക്ടർ കോർഡിനേറ്റർ അബ്ദുൾ ഹക്കീം എന്നിവർ ക്യാമ്പയിൻ പരിപാടിയിൽ പങ്കെടുത്തു.