ഒക്ടോബര്‍ രണ്ടിന് സിവിൽ സ്റ്റേഷനിൽ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ ജീവനക്കാരും പങ്കെടുക്കണം; കാസർകോട്  ജില്ലാ കളക്ടര്‍ 

ക്ടോബര്‍ രണ്ടിന് സിവിൽ സ്റ്റേഷനിൽ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ ജീവനക്കാരും പ

 

കാസർകോട്  : ഒക്ടോബര്‍ രണ്ടിന് സിവിൽ സ്റ്റേഷനിൽ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ ജീവനക്കാരും പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു.  മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സിവില്‍ സ്റ്റേഷന്‍ ക്യാന്റീനില്‍ പ്ലാസ്റ്റിക് കവറുകളില്‍ പാഴ്‌സല്‍ നല്‍കുന്ന സംവിധാനം നിര്‍ത്തലാക്കും.ഓരോ ഓഫീസിലും ഉണ്ടാകുന്ന മാലിന്യം അവരുടെ തന്നെ ഉത്തരവാദിത്വമാണെന്നും ഭക്ഷണാവശിഷ്ടങ്ങളും മറ്റ് ജൈവ അജൈവ മാലിന്യങ്ങള്‍ തരം തിരിച്ച് കൂടുതല്‍ കരുതലോടെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ സന്തോഷം പങ്കുവെക്കുന്നതിന് മധുര പലഹാരങ്ങള്‍ നല്‍കുമ്പോള്‍ കടലാസ് ബോക്‌സുകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.  

ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടന പരിപാടിയായി ഒക്ടോബര്‍ രണ്ടിന് കളക്ടറേറ്റ് പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും നേതൃത്വം നല്‍കി ശുചീകരണം നടക്കും. ചന്ദ്രഗിരി ഗവ:ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്തിന്റെ 64 സ്‌കൂളുകളുടെ ഹരിത സ്‌കൂള്‍ പ്രഖ്യാപനവും നടക്കും. ജില്ലയിലെ 777 വാര്‍ഡുകളിലും മാലിന്യ മുക്തവുമായി ബന്ധപ്പെട്ട പദ്ധതികളുടെ ഉദ്ഘാടനം നടക്കും. ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച് 2025 മാര്‍ച്ച് 30ന് അവസാനിക്കുന്ന ജനകീയ കാമ്പയിനില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖരും പൊതുജനങ്ങളും പങ്കാളികളാകും. നിലവില്‍ കാസര്‍കോട് ജില്ലയിലെ ഓഫീസുകളും വിദ്യാലയങ്ങളുമായി 1200 ഓളം ഹരിത സ്ഥാപനങ്ങളാണുള്ളത്. നവംബര്‍ ഒന്നിനകം പരമാവധി ഓഫീസുകളും വിദ്യാലയങ്ങളും ഹരിത ഓഫീസുകളായി പ്രഖ്യാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരികയാണ്. സംസ്ഥാന തലം മുതല്‍ വാര്‍ഡ് തലം വരെയുള്ള കര്‍മ്മ സമിതികള്‍ ക്യാമ്പയിന്‍ ഏറ്റെടുത്ത് ജനകീയ പങ്കാളിത്തത്തോടെ മുന്നോട്ട് പോവുകയാണ്. 

 നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി. യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജെയ്‌സണ്‍ മാത്യു ഹരിത ഓഫീസ് മാനദണ്ഡങ്ങള്‍ വിശദീകരിച്ചു. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.