നാലര ലക്ഷത്തോളം കുടുംബങ്ങൾ ഭൂമിയുടെ അവകാശികളായി മാറിയെന്ന് മുഖ്യമന്ത്രി

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നാലര ലക്ഷത്തോളം കുടുംബങ്ങൾ ഭൂമിയുടെ അവകാശികളായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന തല പട്ടയ മേലയോട് അനുബന്ധിച്ച് കാസർകോട് ജില്ലാതല പട്ടയ മേള കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

 

കാസർ​ഗോട് :കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നാലര ലക്ഷത്തോളം കുടുംബങ്ങൾ ഭൂമിയുടെ അവകാശികളായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന തല പട്ടയ മേലയോട് അനുബന്ധിച്ച് കാസർകോട് ജില്ലാതല പട്ടയ മേള കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു കുടുംബത്തിൽ നാലുപേർ എന്ന കണക്കെടുത്താൽ 40 ലക്ഷം ആളുകൾ, നാലരലക്ഷം പട്ടയങ്ങളുടെ ഗുണഭോക്താക്കളായി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രളയം, അതിവൃഷ്ടി, കൊറോണ, നിപ്പ മുതലായ കെടുതികൾ ഉണ്ടായപ്പോഴും 1,77,011 പട്ടയങ്ങൾ വിതരണം ചെയ്തു. തുടർഭരണം ലഭിച്ചപ്പോൾ ആദ്യഘട്ടത്തിൽ 54,535 പട്ടയങ്ങളും പിന്നീട് 67,069 പട്ടയങ്ങളും വീണ്ടും രണ്ട് ഘട്ടങ്ങളിലായി 31,499,  27,784 പട്ടയങ്ങൾ വീതവും വിതരണം ചെയ്തു. തുടർ ഭരണത്തിലെ ആദ്യ മൂന്നു വർഷം കൊണ്ടാണ് ഇത് സാധിച്ചത്. പിന്നീട് വിവിധ ഘട്ടങ്ങളിലായി  വീണ്ടും പട്ടയങ്ങൾ വിതരണം ചെയ്തു. ഇന്ന് സംസ്ഥാനതല പട്ടയമേളയിൽ വിതരണം ചെയ്യുന്ന 27,752 പട്ടയങ്ങൾ കൂടിയാകുമ്പോൾ ആകെ നാലരലക്ഷം പട്ടയങ്ങൾ എന്ന ലക്ഷ്യത്തിൽ എത്തിച്ചേരുകയാണ് സർക്കാർ. ഇത് സർക്കാരിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണ്.

ഭൂമിയും വീടും ലഭ്യമാക്കുക എന്നത് സർക്കാരിന്റെ പ്രഖ്യാപിത നയം ആണെന്നും ആഗോളവൽക്കരണം അതേപടി നടപ്പിലാക്കിയിരുന്നുവെങ്കിൽ കോർപ്പറേറ്റുകൾക്ക് മാത്രം വളർച്ച ഉണ്ടായേനെ എന്നും സർക്കാരിന്റെ ബദൽ നയം കാരണമാണ് ഭവനരഹിതരും ഭൂരഹിതരും ഇല്ലാത്ത കേരളം എന്ന വാഗ്ദാനം പാലിക്കപ്പെടുന്നത്. ലൈഫ് ഭവന പദ്ധതി പ്രകാരം അഞ്ച് ലക്ഷം പേർക്ക് വീട് നൽകി. മുത്തങ്ങയിൽ കുടിയിറക്കപ്പെട്ട 283 ആദിവാസി കുടുംബങ്ങൾക്ക് ഒരേക്കർ ഭൂമിവീതം നൽകി. അവശേഷിക്കുന്ന ഭൂരഹിതർക്ക് മരയനാട് എസ്റ്റേറ്റിൽ 171 ഏക്കർ ഭൂമി നൽകാനുള്ള നടപടികൾ സ്വീകരിക്കും. തിരുവനന്തപുരം ചെറ്റച്ചലിൽ  ഭൂസമരം അവസാനിപ്പിച്ച് 137 കുടുംബങ്ങൾക്ക് ഭൂമി ലഭ്യമാക്കി. 2016 മുതൽ 2025 വരെ വനാവകാശ നിയമപ്രകാരം 6,288 ഏക്കർ ഭൂമി 4,690 ആദിവാസി കുടുംബങ്ങൾക്ക് പതിച്ചു നൽകി. ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് ഭൂവിതരണവും പട്ടയ വിതരണവും നടപ്പിലാക്കിയത്. വിതരണത്തിനായി പ്രത്യേക ഡാഷ് ബോർഡ് സജ്ജമാക്കി ലാൻഡ് ട്രിബ്യൂണലിൽ പട്ടയ അദാലത്തുകൾ നടത്തി, ഇ-പട്ടയങ്ങൾ ലഭ്യമാക്കി  പട്ടയ മിഷൻ രൂപീകരിച്ചു.

ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പട്ടയ അസംബ്ലികൾ നടത്തി. വനഭൂമിയിലെ ഹിൽമെൻ സെറ്റിൽമെന്റുകൾക്കായുള്ള പട്ടയ നടപടികളും സർക്കാർ സ്വീകരിച്ചു വരുന്നു.  ഇത് പൂർത്തിയാകുന്നതോടെ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ 37,000 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും.  ഡിജിറ്റൽ സർവേക്കായി 858കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. പ്രകടനപത്രിയിൽ പറഞ്ഞ 600 വാഗ്ദാനങ്ങളിൽ 580 എണ്ണവും നടപ്പിലാക്കിെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 
ഏറ്റവും താഴെത്തട്ടിൽ ഉള്ള ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് സർക്കാർ മുൻതൂക്കം നൽകുന്നതെന്ന് തൃശ്ശൂരിൽ സംസ്ഥാനതല പട്ടയ വിതരണമേളയിൽ അധ്യക്ഷനായ റവന്യൂ വകുപ്പ് ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. മറ്റു പല വകുപ്പുകളുടെയും ഭൂമി റവന്യൂ വകുപ്പിന് കീഴിലാക്കി സങ്കീർണമായ പട്ടയ പ്രശ്‌നങ്ങൾ പരിഹരിച്ചു.
 
നാലരലക്ഷം പട്ടയങ്ങൾ കൊടുക്കാൻ സാധിച്ചത് സർക്കാരിന്റെ വലിയ നേട്ടം ആണെന്ന് ജില്ലാതല പട്ടയമേളയിൽ അധ്യക്ഷത വഹിച്ച്   ഇ.ചന്ദ്രശേഖരൻ എം.എൽ.എ പറഞ്ഞു. ഇതിൽ റവന്യൂ വകുപ്പിന്റെ വലിയ പിന്തുണയുണ്ട്. പട്ടയം നൽകാൻ കഴിയാതിരുന്ന ഒറ്റപ്പെട്ട കേസുകൾ പഠിച്ച് പരിഹാരം സാധ്യമാക്കണം.