തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആധുനീകരിക്കുന്നതിനുള്ള നടപടികൾ പരിഗണനയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ കാലാനുസൃതമായി ആധുനീകരിക്കുന്നതിനുള്ള നടപടികൾ പരിഗണനയിലുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. ഡി.സജിത് ബാബു പറഞ്ഞു.

 

കാസർ​ഗോട് : തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ കാലാനുസൃതമായി ആധുനീകരിക്കുന്നതിനുള്ള നടപടികൾ പരിഗണനയിലുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. ഡി.സജിത് ബാബു പറഞ്ഞു. കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ വിവിധ തലങ്ങളിലുള്ള ഉദ്യാഗസ്ഥർക്ക് പ്രയോജനപ്പെടുന്ന എ.ഐ ചാറ്റ്‌ബോട്ട്, പോളിംഗ് സ്റ്റേഷൻ ലൊക്കേറ്റർ ആപ്പ് എന്നിവ ആരംഭിക്കുന്നതും ജില്ല ഇലക്ഷൻ മാനേജ്‌മെന്റ്പ്ലാൻ ഓൺലൈനിൽ കൊണ്ടുവരുന്നതും  പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ആദ്യമായിട്ടാണ് ഈ പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കുന്നത് 2019 ൽ കാസർകോട് ജില്ലയിൽ കളക്ടറായിരിക്കുമ്പോൾ എല്ലാ പോളിംഗ് ബൂത്തുകളുടെ വിവരങ്ങളും ക്യൂ ആർ കോഡിൽ ലഭ്യമാക്കിയിരുന്നുവെന്നും ജില്ലാതലത്തിൽ സമഗ്ര വിവരങ്ങൾ ഉൾപ്പടുത്തി ഡെംപ് അച്ചടിച്ചിരു വെന്നും
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളും സർക്കാർ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങളിലേക്ക് മാറ്റുന്ന കാര്യം പരിഗണനയിലുണ്ട്. എല്ലാ സ്‌ക്കൂളുകളിലെ ബൂത്തുകളിലും ഫാൻ, ലൈറ്റ്, കുടിവെള്ളം ശുചിമുറി എന്നിവ ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി കൂടിയായ ഡോ.ഡി സജിത് ബാബു പറഞ്ഞു. ജില്ലയിലെ മുഴുവൻ അപേക്ഷകളും അടുത്തമാസം 15നകം തീർപ്പാക്കാൻ ജില്ലാകളക്ടർ ശ്രീധന്യ സുരേഷ് ഉദ്യോഗസ്ഥർക്ക് യോഗത്തിൽ നിർദ്ദേശം നൽകി. നിലവിലുള്ള ഡാറ്റ അടിയന്തരമായി പുതുക്കുന്നതിനും കളക്ടർ നിർദ്ദേശിച്ചു.

എ.ഡി.എം പി.ഉദയകുമാർ, ഇലക്ഷൻ ഡപ്യൂട്ടി കളക്ടർ കെ.അജേഷ്, വരണാധികാരികളായ ആർ.ഡി.ഒമാർ, ഡപ്യൂട്ടി കളക്ടർമാർ ഇ.ആർ.ഒമാരായ തഹസിൽദാർമാർ എന്നിവർ യോഗത്തിൽ സംസാരിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാസർകോട് തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ഭാഗമായ ഇലക്ഷൻ വെയർ ഹൗസിലും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സന്ദർശനം നടത്തി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർകൂടിയായ ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ.അജേഷ്, എ.ഡി.എം പി.ഉദയകുമാർ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.