കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകനം: കാസർ​ഗോട്  ജില്ലാതല 'ദിശ'  യോഗം ചേർന്നു പദ്ധതികൾ സമയബന്ധിത മാക്കണം: എം പി

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല ഏകോപനവും പുരോഗതി വിലയിരുത്തലും ലക്ഷ്യമിട്ട് ഡിസ്ട്രിക്ട് ഡവലപ്മെന്റ് കോ-ഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) 2026-27 വർഷത്തെ മൂന്നാം പാദ അവലോകന യോഗം ചേർന്നു.
 

കാസർ​ഗോട് : കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല ഏകോപനവും പുരോഗതി വിലയിരുത്തലും ലക്ഷ്യമിട്ട് ഡിസ്ട്രിക്ട് ഡവലപ്മെന്റ് കോ-ഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) 2026-27 വർഷത്തെ മൂന്നാം പാദ അവലോകന യോഗം ചേർന്നു. കാസർകോട് കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ദിശ ചെയർമാൻ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി അധ്യക്ഷത വഹിച്ചു. മെമ്പർ സെക്രട്ടറി ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. കല്ലട്ര മാഹിൻ ഹാജി എം.എൽ.എ, കെ. നീലകണ്ഠൻ എം.എൽ.എ എന്നിവർ പങ്കെടുത്തു.

വികസന പ്രവർത്തനങ്ങളും സാമൂഹ്യ സുരക്ഷാ പദ്ധതികളും കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാനും കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ ഫലപ്രദമായി വിനിയോഗിച്ച് ജില്ലയിൽ വികസന പ്രവർത്തനങ്ങൾ സാധ്യമാക്കാനും ശ്രദ്ധിക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. വിവിധ പദ്ധതികളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ), പ്രധാനമന്ത്രി ഗ്രാം സഡക് യോജന, ദേശീയ സാമൂഹ്യ സുരക്ഷാ പദ്ധതി, ജൽജീവൻ മിഷൻ, അമൃത്, നബാർഡ് പദ്ധതികൾ, മിശ്രവിവാഹ ധനസഹായ പദ്ധതി, അതിക്രമം തടയൽ നിയമപ്രകാരമുള്ള ആശ്വാസ ധനസഹായ വിതരണ പദ്ധതി, സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പ്, സ്കൂൾ ഉച്ചഭക്ഷണ പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ), പ്രധാനമന്ത്രി ആവാസ് യോജന അർബൻ, സ്വച്ഛ് ഭാരത് മിഷൻ അർബൻ, പ്രധാനമന്ത്രി സ്ട്രീറ്റ് വെന്റേഴ്സ് ആത്മനിർഭർ നിധി, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി, മിഷൻ ശക്തി, പ്രധാനമന്ത്രി മാതൃ വന്ദന യോജന, അനുപൂരക പോഷകാഹാര പദ്ധതി, പോഷൻ അഭിയാൻ, സഖി വൺ സ്റ്റോപ്പ് സെന്റർ, ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശല്യ യോജന, പി.എം. ജന്മൻ, എം.പിമാരുടെ പ്രാദേശിക വികസന പദ്ധതി, ജനനി സുരക്ഷാ യോജന, ജനനി ശിശു സുരക്ഷാ കാര്യക്രം, രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രം, പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാൻ, ഭൂമിക വൺ സ്റ്റോപ്പ് ക്രൈസിസ് സെന്റർ, നഗരാരോഗ്യ പദ്ധതി, പ്രധാനമന്ത്രി രാഷ്ട്രീയ കൃഷി വികാസ് യോജന, സ്വച്ഛ് ഭാരത് മിഷൻ ഗ്രാമീൺ, ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ആരോഗ്യ യോജന, പ്രധാനമന്ത്രിയുടെ എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാം, പ്രധാനമന്ത്രി ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എന്റർപ്രൈസസ്, പി.എം. വിശ്വകർമ്മ, റൂറൽ സെൽഫ് എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, പി.എം. ജന്മൻ ഭവന പദ്ധതി തുടങ്ങി 37 പദ്ധതികളുടെ പുരോഗതി യോഗത്തിൽ വിലയിരുത്തി.

ദിശ കൺവീനരും പി. എ. യു. പ്രൊജക്റ്റ്‌ ഡയറക്ടറും ആയ ടി. ടി. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.വിവിധ വകുപ്പുകളിലെ നിർവഹണ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. പാർലമെന്റ്, നിയമസഭ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ഏകോപിപ്പിച്ച് ജില്ലയുടെ ഫലപ്രദവും സമയബന്ധിതവുമായ വികസനം ഉറപ്പാക്കുകയാണ് ദിശ സമിതിയുടെ ലക്ഷ്യം. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഏകോപനവും വിലയിരുത്തലും ഫലപ്രദമാക്കുന്നതിനായി നിലവിലുണ്ടായിരുന്ന ജില്ലാതല വിജിലൻസ് ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയെ കേന്ദ്ര സർക്കാർ ഉത്തരവ് പ്രകാരം ഡിസ്ട്രിക്ട് ഡവലപ്മെന്റ് കോ-ഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) എന്ന പേരിൽ പുനഃസംഘടിപ്പിച്ചതാണ്.