കേരള കേന്ദ്ര സർവകലാശാലയും ഇൻകോയിസും ധാരണാപത്രത്തിൽ ഒപ്പിട്ടു
സമുദ്രഗവേഷണം ശക്തിപ്പെടുത്തുന്നതിനായി കേരള കേന്ദ്ര സർവകലാശാലയും ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസും (ഇൻകോയിസ്) ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
കാസർഗോട് : സമുദ്രഗവേഷണം ശക്തിപ്പെടുത്തുന്നതിനായി കേരള കേന്ദ്ര സർവകലാശാലയും ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസും (ഇൻകോയിസ്) ധാരണാപത്രത്തിൽ ഒപ്പുവെച്ചു. വൈസ് ചാൻസലർ പ്രൊഫ. സിദ്ദു പി. അൽഗുറിന്റെ സാനിധ്യത്തിൽ കേരള കേന്ദ്ര സർവകലാശാലക്ക് വേണ്ടി രജിസ്ട്രാർ ഇൻ ചാർജ്ജ് പ്രൊഫ. വി.ബി. സമീർ കുമാറും ഇൻകോയിസിനെ പ്രതിനിധീകരിച്ച് ഡയറക്ടർ ഡോ. ടി.എം. ബാലകൃഷ്ണൻ നായരും ധാരണാപത്രത്തിൽ ഒപ്പിട്ടു.
ധാരണാപത്രത്തിന്റെ ഭാഗമായി പെരിയ ക്യാമ്പസിൽ സെന്റർ ഓഫ് എക്സലൻസ് ഇൻ ഓപ്പറേഷണൽ ഓഷ്യനോഗ്രഫി സ്ഥാപിക്കും. സമുദ്ര നിരീക്ഷണത്തിനും ഗവേഷണത്തിനും പരിശീലന പ്രവർത്തനങ്ങൾക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ കേന്ദ്രത്തിൽ ഒരുക്കും. ഓപ്പറേഷണൽ ഓഷ്യനോഗ്രഫി, മറൈൻ ബയോകെമിസ്ട്രി, കാലാവസ്ഥാ പഠനം, തുടങ്ങിയ മേഖലകളിൽ ഗവേഷണം നടത്തും. സമുദ്ര വിവരങ്ങളുടെ വിശകലനത്തിനും പ്രവചന സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുമായി കൃത്രിമബുദ്ധിയും മെഷീൻ ലേണിംഗ് സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തും.
കേരള കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥികൾക്ക് ഇൻകോയിസിൽ ഇന്റേൺഷിപ്പ്, ഗവേഷണ പദ്ധതികൾ, പ്രബന്ധ പഠനം എന്നിവയ്ക്കുള്ള അവസരങ്ങൾ ലഭ്യമാക്കും. തീരദേശ സമൂഹങ്ങൾക്ക് പ്രയോജനപ്പെടുന്ന സമുദ്രസേവനങ്ങൾ വ്യാപിപ്പിക്കുന്നതിനും ശില്പശാലകൾ, സെമിനാറുകൾ, ശാസ്ത്രപ്രഭാഷണങ്ങൾ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്നതിനും ധാരണാപത്രം വഴിയൊരുക്കും. കേരള കേന്ദ്ര സർവകലാശാല ഡയറക്ടർ ഓഫ് റിസർച്ച് പ്രൊഫ. എ.വി. സിജിൻ കുമാർ, കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ഡോ. ആർ. ജയപ്രകാശ്, ഫിനാൻസ് ഓഫീസർ ഇൻ ചാർജ്ജ് ഡോ. മിനിമോൾ എം.സി., ഇൻകോയിസ് ഡിവിഷൻ ഹെഡ് ഡോ. ഫ്രാൻസിസ് പി.എ., ഡീനുമാർ, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.