കുടുംബശ്രീ സംരംഭകർക്ക് വിപണന വേദിയായി സി.ഡി.എസ് മാർക്കറ്റിംഗ് കിയോസ്‌ക്
കുടുംബശ്രീയുടെ സൂക്ഷ്മ സംരംഭകർ നിർമ്മിക്കുന്ന ഗുണമേൻമയുള്ള ഉൽപ്പന്നങ്ങൾ പ്രാദേശിക വിപണിയിൽ സുലഭമാക്കുക, ഉപഭോക്താക്കൾക്ക് കുടുംബശ്രീ ഉൽപ്പന്നങ്ങൾ സ്ഥിരമായി ലഭ്യമാക്കുക, സംരംഭങ്ങളുടെ ഉത്പാദന ശേഷിയും നിലവാരവും ക്രമേണ ഉയർത്തുക, കൂടാതെ 'കുടുംബശ്രീ ഏകീകൃത റീട്ടെയിൽ ചെയിൻ' എന്ന ആശയം പ്രാവർത്തികമാക്കുക എന്നതാണ് കിയോസ്‌ക് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കാസർകോട് : കുടുംബശ്രീയുടെ സൂക്ഷ്മ സംരംഭകർ നിർമ്മിക്കുന്ന ഗുണമേൻമയുള്ള ഉൽപ്പന്നങ്ങൾ പ്രാദേശിക വിപണിയിൽ സുലഭമാക്കുക, ഉപഭോക്താക്കൾക്ക് കുടുംബശ്രീ ഉൽപ്പന്നങ്ങൾ സ്ഥിരമായി ലഭ്യമാക്കുക, സംരംഭങ്ങളുടെ ഉത്പാദന ശേഷിയും നിലവാരവും ക്രമേണ ഉയർത്തുക, കൂടാതെ 'കുടുംബശ്രീ ഏകീകൃത റീട്ടെയിൽ ചെയിൻ' എന്ന ആശയം പ്രാവർത്തികമാക്കുക എന്നതാണ് കിയോസ്‌ക് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് മാർക്കറ്റിംഗ് കിയോസ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ സബിത ഉദ്ഘാടനം ചെയ്തു. ആദ്യ വിൽപ്പന വാർഡ് മെമ്പർ എൻ.ഉഷ നിർവഹിച്ചു. എ.ഡി.എം.സിമാരായ ഡി.ഹരിദാസ്, സി.എച്ച് ഇക്ബാൽ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ബി.എ ഷാഫി, ദീപ മണികണ്ഠൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു പത്മനാഭൻ, പഞ്ചായത്ത് അംഗങ്ങളായ കെ.ബിന്ദു, കെ.ലീല, എം.രേഖ, കെ.സുനിത, വി.കെ നളിനി, സി.ശോഭന, സി.ഡി.എസ് മെമ്പർമാർ, എം.ഇ.സി ആനിമേറ്റർമാർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലകളിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ, വ്യാപാര സാധ്യതയുള്ള പ്രദേശങ്ങൾ, സർക്കാർസ്വകാര്യ ഓഫീസുകൾ എന്നിവിടങ്ങളിലാണ് കിയോസ്‌കുകൾ സ്ഥാപിക്കുന്നത്. ഇതിലൂടെ കുടുംബശ്രീ സംരംഭകർക്ക് സ്ഥിരമായ വിപണി ഉറപ്പാക്കാനും ഉപഭോക്താക്കൾക്ക് വിശ്വാസ്യതയുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിടുന്നു. കൂടുതൽ സംരംഭങ്ങളെയും ഉത്പ്പന്നങ്ങളെയും കിയോസ്‌കുകളിൽ ഉൾപ്പെടുത്തുക, വിപണന സാധ്യതയുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുക, സംരംഭകർക്ക് ആവശ്യമായ പരിശീലനങ്ങൾ നൽകുക, ജില്ലാതല പ്രചാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയ നടപടികൾ ജില്ലാ മിഷൻ സ്വീകരിക്കും. ഏകീകൃത മാതൃകയിലൂടെ പരമാവധി ഉപഭോക്താക്കളെ സൃഷ്ടിച്ച് പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുന്നതാണ് ലക്ഷ്യം.
കിയോസ്‌കുകൾ സ്ഥാപിക്കുന്നതിന്റെ ചുമതലയും ഉടമസ്ഥാവകാശവും അതത് ജില്ലാ മിഷനുകൾക്കായിരിക്കും. കിയോസ്‌കുകളുടെ നടത്തിപ്പ് ചുമതല സി.ഡി.എസ്സിന് നൽകും. വിപണനത്തിനായി വ്യക്തിഗത മൈക്രോ എന്റർപ്രൈസ് യൂണിറ്റുകളെയോ സ്റ്റാഫിനെയോ ജില്ലാ മിഷന്റെ അംഗീകാരത്തോടെ സി.ഡി.എസിന് ചുമതലപ്പെടുത്താനുമുള്ള വ്യവസ്ഥയും പദ്ധതിയിലുണ്ട്.