കാസർകോട്  ജില്ലയിൽ ബ്രെയിൻ ഹെൽത്ത് ഇനിഷ്യയെറ്റിവ് - സന്നദ്ധ സംഘടനകളുടെ കോയലിഷൻ മീറ്റിങ് സംഘടിപ്പിച്ചു

കാസർകോട്  ജില്ലയിൽ നടപ്പിലാക്കുന്ന ബ്രെയിൻ ഹെൽത്ത് ഇനീഷ്യേറ്റിവ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സന്നദ്ധ സംഘടനകളുടെ കോയലിഷൻ മീറ്റിങ് സംഘടിപ്പിച്ചു.

 

കാസർകോട് :  കാസർകോട്  ജില്ലയിൽ നടപ്പിലാക്കുന്ന ബ്രെയിൻ ഹെൽത്ത് ഇനീഷ്യേറ്റിവ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സന്നദ്ധ സംഘടനകളുടെ കോയലിഷൻ മീറ്റിങ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ദേശീയ ആരോഗ്യ ദൗത്യം കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബി സന്തോഷ്‌  നിർവഹിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം പി  ജീജ അധ്യക്ഷത വഹിച്ചു.വിവിധ സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾക്കായി  സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ ഡെപ്യൂട്ടി ഡിഎംഒ ഡോ.  കെ സന്തോഷ്. (ബ്രെയിൻ ഹെൽത്ത് ഇനിഷ്യറ്റീവ് ജില്ലാനോഡൽ ഓഫീസർ) ക്ലാസ്സെടുത്തു.

 നാഡീവ്യവസ്ഥയുടെ പ്രവർത്തനത്തെ അടിസ്ഥാനപരമായി തടസ്സപ്പെടുത്തുന്ന സങ്കീർണ്ണമായ ഒരു കൂട്ടം മെഡിക്കൽ അവസ്ഥകളെയാണ് നാഡീ വൈകല്യങ്ങൾ പ്രതിനിധീകരിക്കുന്നത്. പൊതുജനങ്ങളിൽ ഇതിനെക്കുറിച്ചു മതിയായ അവബോധം ഇല്ലായ്മ, രോഗ ലക്ഷണങ്ങൾ കണ്ടാൽ മന്ത്രവാദം പോലുള്ള ആശാസ്ത്രീയ ചികിൽസാ രീതികൾ അവലംബിക്കുന്നത് മൂലം രോഗങ്ങൾ നേരത്തെ കണ്ടെത്താതത്, ശരിയായ റെഫെറൽ സംവിധാനത്തിന്റെ അപര്യാപ്തത എന്നിവ ഇതിന്റെ രൂക്ഷത വർധിപ്പിക്കുന്നു. യുവജനങ്ങൾക്കിടയിൽ പക്ഷാഘാതം കൂടിവരുന്നതും ഇക്കാര്യത്തിലുള്ള ഇടപെടലുകൾ അനിവാര്യമാണെന്നു ഓർമിപ്പിക്കുന്നു.

ഇന്ത്യയിലെ 12 ആസ്പിരേഷൻ ജില്ലകളിൽ നീതി അയോഗിന്റെ നേതൃത്വത്തിൽ ബ്രയിൻ ഹെൽത്ത് ഇനീഷ്യെറ്റീവ് എന്ന പേരിൽ പ്രത്യേകം പദ്ധതി നടപ്പിലാക്കുന്നുണ്ട്. ഈ സംരംഭത്തിൽ ഉൾപ്പെട്ട കേരളത്തിലെ ഏക ജില്ലയായാണ് കാസർകോട്  .നീതി ആയോഗ്, ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കൽ ഓഫീസ് എന്നിവ സംയുക്തമായാണ് ബ്രയിൻ ഹെൽത്ത്‌ ഇനീഷ്യറ്റീവ് കാസർകോട്  എന്ന പേരിൽ ക്യാമ്പയിൻ നടപ്പിലാക്കി വരുന്നത്

 പരിപാടിയിൽ   ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ അജയ് രാജൻ, ജൂനിയർ അഡ്മിനിസ്ട്രേറ്റിവ് മെഡിക്കൽ ഓഫീസർ ഡോ  കെ പി അനുശ്രീ, ടെക്നിക്കൽ അസിസ്റ്റൻറ് എം ചന്ദ്രൻ, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ & മീഡിയ ഓഫീസർ പി പി  ഹസീബ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജില്ലാ എഡ്യൂക്കേഷൻ & മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ സ്വാഗതവും ബ്രെയിൻ ഹെൽത്ത് കോർഡിനേറ്റർ മറിയം അൻസ്വാറ ഷൈമ നന്ദിയും പറഞ്ഞു.