കാസർകോട് ജില്ലയിലെ അഞ്ച് പഞ്ചായത്തുകൾ ബിജെപി ഭരിക്കും
കാസർകോട്: പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകൾ പൂർത്തിയായതോടെ കാസർകോട് ജില്ലയിലെ അഞ്ച് പഞ്ചായത്തുകൾ ബിജെപി ഭരിക്കും. മധൂർ, കാറഡുക്ക, ബെള്ളൂർ, കുമ്പഡാജെ, ബദിയടുക്ക പഞ്ചായത്തുകളാണ് ബിജെപി ഭരിക്കുന്നത്. തുടർച്ചയായി 45 വർഷത്തെ ഭരണം പൂർത്തിയാക്കി, 50 വർഷത്തിലേക്ക് കടക്കുന്ന മധൂർ പഞ്ചായത്തിൽ മുൻ വൈസ്പ്രസിഡന്റായിരുന്ന സുജ്ഞാനി ഷാൻബോഗ് പ്രസിഡന്റായും വൈസ് പ്രസിഡന്റായി ഭാനുപ്രകാനും സത്യപ്രതിജ്ഞചെയ്ത് ചുമതലയേറ്റു. പതിനഞ്ച് അംഗങ്ങളുടെ വോട്ട് ബിജെപിക്കും 9 അംഗങ്ങൾ യുഡിഎഫിനും വോട്ട് ചെയ്തു. കാറഡുക്ക പഞ്ചായത്തിൽ തുടർച്ചയായി നാലാം തവണയാണ് ബിജെപി അധികാരത്തിൽ എത്തുന്നത്. കഴിഞ്ഞ ബരണ സമിതിയിൽ വൈസ് പ്രസിഡന്റായിരുന്ന എം.ജനനി പ്രസിഡന്റായും ദാമോദര വൈസ് പ്രസിഡന്റായും തെരെഞ്ഞെടുക്കപ്പെട്ടു.
ബിജെപിക്ക് എട്ടും യുഡിഎഫിന് 5 വോട്ടും ലഭിച്ചു. മൂന്ന് സീറ്റുള്ള എൽഡിഎഫ് വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നു. കുമ്പഡാജെ പഞ്ചായത്തിൽ യുഡിഎഫിൽ നിന്ന് ബിജെപി ഭരണം പിടിച്ചെടുത്തു. എം.യശോധ പ്രസിഡന്റായും വൈസ് പ്രസിഡന്റായി രവീന്ദ്രറായ് ഗോസാഡ വൈസ് പ്രസിഡന്റായും തെരെഞ്ഞെടുക്കപ്പെട്ടു. ബിജെപിക്ക് 7 വോട്ടുകളും യുഡിഎഫിന് 6 വോട്ടുകളും ലഭിച്ചു. സിപിഎമ്മിലെ ഒരംഗം വിട്ട് നിന്നു. തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുന്ന ബെള്ളൂർ പഞ്ചായത്തിൽ ആറ് അംഗങ്ങളുള്ള ബിജെപി, 2 സ്വാതന്ത്രൻമാരുടെ പിന്തുണയോടെ ഭരണത്തിലെത്തി.
പ്രസിഡന്റായി എ.മാലിനിയും വൈസ് പ്രസിഡന്റായി സി.വി.പുരുഷോത്തമയും സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ഇവിടെ യുഡിഎഫും എൽഡിഎഫും ഇൻഡി സംഖ്യമായിട്ടാണ് മത്സരിച്ചത്. എൽഡിഎഫിലെ ചൈത്ര പ്രസിഡന്റ് സ്ഥാനാർത്ഥിയായപ്പോൾ യുഡിഎഫിലെ സിദ്ദീഖ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും ഭരണം പിടിക്കാനായില്ല. ബിജെപിക്കും യുഡിഎഫിനും തുല്യ ബലമുള്ള ബദിയടുക്ക പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ബിജെപിക്ക് ലഭിച്ചു. 25 വർഷം തുടർച്ചയായി പഞ്ചായത്തംഗമായിട്ടുള്ള ഡി.ശങ്കര പ്രസിഡന്റായും ബിജെപി ജില്ലാ സെക്രട്ടറി കൂടിയായ കെ.എം.അശ്വിനി വൈസ് പ്രസിഡന്റായും സത്യപ്രതിജ്ഞചെയ്ത് ചുമതലയേറ്റു. ഒരു സീറ്റുള്ള എൽഡിഎഫ് വിട്ടുനിന്നു. കക്ഷിനില: ബിജെപി 10, യുഡിഎഫ് 10