ഭാരത് സെൻസസ് 2027: കാഞ്ഞങ്ങാട് നഗരസഭയിൽ ഒന്നാംഘട്ട സെൻസസ് പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ

ഭാരത് സെൻസസ് 2027-ന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയിൽ നടക്കുന്ന ഒന്നാംഘട്ട സെൻസസ് (ഹൗസ് ലിസ്റ്റിംഗും ഹൗസിംഗ് സെൻസസും) പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി ചാർജ് ഓഫീസറും കാഞ്ഞങ്ങാട് നഗരസഭ സെക്രട്ടറിയുമായ എം.കെ ഗിരീഷ് അറിയിച്ചു.

 

കാസർ​ഗോട് : ഭാരത് സെൻസസ് 2027-ന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയിൽ നടക്കുന്ന ഒന്നാംഘട്ട സെൻസസ് (ഹൗസ് ലിസ്റ്റിംഗും ഹൗസിംഗ് സെൻസസും) പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി ചാർജ് ഓഫീസറും കാഞ്ഞങ്ങാട് നഗരസഭ സെക്രട്ടറിയുമായ എം.കെ ഗിരീഷ് അറിയിച്ചു. നഗരസഭാ പരിധിയിലെ 128 ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളിലായി 121 എൻ്യൂമറേറ്റർമാരുടെയും 19 സൂപ്പർവൈസറി സർക്കിളുകളുടെയും നേതൃത്വത്തിലാണ് സെൻസസ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഇതിൽ 69 ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളിലെ പ്രവർത്തനങ്ങൾ പൂർണമായും പൂർത്തിയായിട്ടുണ്ട്. 59 ബ്ലോക്കുകളിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതോടെ ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളുടെ 53 ശതമാനം പ്രവർത്തനങ്ങൾ പൂർത്തിയായി.

അതേസമയം, എൻ്യൂമറേഷൻ പ്രവർത്തനങ്ങളിൽ 95 ശതമാനത്തോളം പുരോഗതി കൈവരിച്ചതായും അദ്ദേഹം അറിയിച്ചു. 19 സൂപ്പർവൈസറി സർക്കിളുകളിൽ നാലെണ്ണത്തിലെ പ്രവർത്തനങ്ങൾ ഇതിനകം പൂർണമായും പൂർത്തിയായിട്ടുണ്ട്. കാഞ്ഞങ്ങാട് നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന സെൻസസ് 2027 അവലോകന യോഗത്തിൽ ജില്ലാ അഡീഷണൽ സെൻസസ് ഓഫീസറും ജില്ലാ ഇൻഫർമേഷൻ ഓഫീസറുമായ എം. മധുസൂദനൻ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. ചാർജ് ഓഫീസർ ഗിരീഷ് എം.കെ അധ്യക്ഷത വഹിച്ചു.

നഗരസഭാ പരിധിയിലെ എല്ലാ വീടുകളുടെയും കെട്ടിടങ്ങളുടെയും വിവരശേഖരണവും മാപ്പിംഗ് പ്രവർത്തനങ്ങളും ഈ മാസം തന്നെ സമയബന്ധിതമായി പൂർത്തിയാക്കാൻ യോഗം തീരുമാനിച്ചു. സെൻസസ് ബോധവൽക്കരണത്തിനായി തയ്യാറാക്കിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടിയതിനെ തുടർന്ന് അതിന്റെ സൃഷ്ടിയിൽ പങ്കാളികളായ ജീവനക്കാരെ യോഗത്തിൽ അഭിനന്ദിക്കുകയും ചെയ്തു. സെൻസസ് പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി എൻ്യൂമറേറ്റർമാരും സൂപ്പർവൈസർമാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ഏകോപിതമായി പ്രവർത്തിച്ചുവരികയാണ്. കൃത്യമായ വിവരങ്ങൾ നൽകിയും ആവശ്യമായ സഹകരണം ഉറപ്പാക്കിയും സെൻസസ് പ്രവർത്തനങ്ങൾ വിജയകരമാക്കാൻ പൊതുജനങ്ങൾ സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. യോഗത്തിൽ  വി.എസ് ടെക്‌നിക്കൽ അസിസ്റ്റന്റ് നീലിമ, 19 സൂപ്പർവൈസറി സർക്കിളുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. സീനിയർ ക്ലർക് കെ.സി. ജിതേഷ് സ്വാഗതവും സെൻസസ് ക്ലർക്ക് വി.എസ് പ്രിയദർശനൻ നന്ദിയും പറഞ്ഞു.