പരിമിതികളെ തോൽപ്പിച്ച പ്രതിഭകൾക്ക് ആദരം; വിദ്യാനഗർ ബ്ലൈൻഡ് സ്കൂളിൽ 'അനുമോദന സദസ്സ് സംഘടിപ്പിച്ചു

ശാരീരിക പരിമിതികളെ ആത്മവിശ്വാസം കൊണ്ട് അതിജീവിച്ച് പഠന-കലാ-കായിക രംഗങ്ങളിൽ വിജയക്കൊടി പാറിച്ച വിദ്യാനഗർ ഗവ. കാഴ്ചപരിമിതരുടെ വിദ്യാലയത്തിലെ പ്രതിഭകൾക്കായി 'അനുമോദന സദസ്സ് 2026' സംഘടിപ്പിച്ചു. 2025-26 അക്കാദമിക വർഷത്തിൽ സ്കൂളിന്റെ അഭിമാനം വാനോളമുയർത്തിയ മിടുക്കരെ ആദരിക്കാനാണ്   ഈ സ്നേഹസദസ്സ് ഒരുക്കിയത്

 

കാസർ​ഗോട് :  ശാരീരിക പരിമിതികളെ ആത്മവിശ്വാസം കൊണ്ട് അതിജീവിച്ച് പഠന-കലാ-കായിക രംഗങ്ങളിൽ വിജയക്കൊടി പാറിച്ച വിദ്യാനഗർ ഗവ. കാഴ്ചപരിമിതരുടെ വിദ്യാലയത്തിലെ പ്രതിഭകൾക്കായി 'അനുമോദന സദസ്സ് 2026' സംഘടിപ്പിച്ചു. 2025-26 അക്കാദമിക വർഷത്തിൽ സ്കൂളിന്റെ അഭിമാനം വാനോളമുയർത്തിയ മിടുക്കരെ ആദരിക്കാനാണ്   ഈ സ്നേഹസദസ്സ് ഒരുക്കിയത്. അനുമോദന സദസ്സിൻ്റെയും സ്കൂളിലെ സാഹിത്യ സമാജം സമാപനത്തിന്റെയും ഉദ്ഘാടനം ജില്ലാ ഇൻഫർമേഷൻ ഓഫീസർ  എം. മധുസൂദനൻ  നിർവഹിച്ചു. പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ട് മുന്നേറുന്ന ഈ കുട്ടികളുടെ നേട്ടങ്ങൾ സമൂഹത്തിന് വലിയൊരു പാഠമാണെന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപിക .കെ. ഓമന അധ്യക്ഷത വഹിച്ചു.

പിടിഎ വൈസ് പ്രസിഡന്റ് ഫൈസൽ, സ്റ്റാഫ് സെക്രട്ടറി പി. നാരായണൻ, സംഗീത അധ്യാപകൻ ടി.പി. സോമശേഖരൻ, ഉപകരണ സംഗീത അധ്യാപകൻ എം. ഉമേശൻ, ബ്രെയിൽ അധ്യാപിക ടി.വി. ഉഷ, സാഹിത്യ സമാജം കൺവീനർ ഫാത്തിമ റഷീദ, ഭാഷാ ക്ലബ്ബ് കൺവീനർ അശ്വതി, സ്കൂൾ ലീഡർ അബ്ദുല്ലാഹി മുഹമ്മദ്‌ വഫ എന്നിവർ  സംസാരിച്ചു.സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് (SRG) കൺവീനർ എം. രാജേഷ് ബാബു സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ എ. എസ്. ഷംസാദ് നന്ദിയും പറഞ്ഞു .   വിദ്യാർത്ഥികളുടെ മനോഹരമായ കലാപരിപാടികളും അരങ്ങേറി.