ജനപ്രിയമായി അജാനൂർ പഞ്ചായത്തിന്റെ ഈസി കിച്ചൺ പദ്ധതി
വീടുകളിലെ അടുക്കളകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി കുടുംബങ്ങളുടെ ജീവിതസൗകര്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അജാനൂർ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കി വരുന്ന ഈസി കിച്ചൺ പദ്ധതി ജനപ്രിയമാകുന്നു. പഞ്ചായത്തിലെ വിവിധ വാർഡുകളിലായി 24 ഗുണഭോക്താക്കൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. 75,000 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
കാസർഗോട് : വീടുകളിലെ അടുക്കളകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി കുടുംബങ്ങളുടെ ജീവിതസൗകര്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അജാനൂർ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കി വരുന്ന ഈസി കിച്ചൺ പദ്ധതി ജനപ്രിയമാകുന്നു. പഞ്ചായത്തിലെ വിവിധ വാർഡുകളിലായി 24 ഗുണഭോക്താക്കൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. 75,000 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് മെച്ചപ്പെട്ട അടുക്കള സൗകര്യങ്ങൾ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ലൈഫ് ഭവന പദ്ധതിയിലെ ഗുണഭോക്താക്കൾ അല്ലാത്തവരും മുൻപ് ഈ ആനുകൂല്യം ലഭിക്കാത്തവരുമായ കുടുംബങ്ങൾക്കാണ് പരിഗണന. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബമായിരിക്കണം, വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം എന്നിവയാണ് പ്രധാന മാനദണ്ഡങ്ങൾ. ഗ്രാമസഭ മുഖേനയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്.
പദ്ധതിയിലൂടെ വീടുകളിലെ അടുക്കളയുടെ നിലത്ത് ടൈൽ പാകാനും വാഷ് ബേസിനുകൾ നിർമ്മിക്കാനും സ്ലാബ് നിർമ്മിക്കാനും സ്ലാബിനു മുകളിൽ ടൈൽ പാകാനും കബോർഡ് നിർമ്മിക്കാനും സാധിക്കും. വാട്ടർ ടാങ്കുകൾ നിർമ്മിക്കുന്നതിനൊപ്പം വൈദ്യുതീകരണം നടത്താനും അടച്ചുറപ്പുള്ള വാതിലുകളും ജനലുകളും സ്ഥാപിക്കാനും പദ്ധതിയിലൂടെ സഹായം ലഭിക്കും. അടുക്കളയുടെ വലുപ്പം തുടങ്ങി നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന കുടുംബങ്ങൾക്കാണ് ആനുകൂല്യം അനുവദിക്കുന്നത്.
നിലവിൽ 24 ഗുണഭോക്താക്കളും കരാർ ഒപ്പിട്ടുകഴിഞ്ഞു. പദ്ധതിയുടെ ആദ്യ ഗഡുവും കൈമാറിയിട്ടുണ്ട്. എൻജിനീയർമാരുടെ നേതൃത്വത്തിൽ പ്രവൃത്തികളുടെ മൂല്യനിർണയം നടത്തി ചെലവഴിച്ച തുക കണക്കാക്കിയ ശേഷമാണ് അടുത്ത ഗഡു അനുവദിക്കുക. കഴിഞ്ഞ വർഷവും പദ്ധതി വിജയകരമായി പൂർത്തിയാക്കിയിരുന്നു.