നിരാലംബരായ വയോജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് മുൻഗണന നൽകും; അഡ്വ. സോമപ്രസാദ്
സമൂഹത്തിലെ നിരാലംബരായ വയോജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് വയോജന കമ്മീഷൻ മുൻഗണന നൽകുമെന്ന് സംസ്ഥാന വയോജന കമ്മീഷൻ ചെയർപേഴ്‌സൺ അഡ്വ കെ.സോമപ്രസാദ് പറഞ്ഞു.
കാസർഗോഡ് : സമൂഹത്തിലെ നിരാലംബരായ വയോജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് വയോജന കമ്മീഷൻ മുൻഗണന നൽകുമെന്ന് സംസ്ഥാന വയോജന കമ്മീഷൻ ചെയർപേഴ്‌സൺ അഡ്വ കെ.സോമപ്രസാദ് പറഞ്ഞു. കാസർകോട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന് വയോജന കമ്മീഷൻ സ്റ്റേക് ഹോൾഡെഴ്‌സ് യോഗത്തിൽ അധ്യക്ഷതവഹിക്കുകയായിരുന്നു വയോജന കമ്മീഷൻ ചെയർമാൻ.
സമൂഹത്തിൽ വയോജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾക്കും സമൂഹത്തിന് വയോജനങ്ങളെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങൾക്കും കമ്മീഷൻ ഊന്നൽ നൽകും. കേരളത്തിലെ ആരോഗ്യരംഗം മെച്ചപ്പെട്ടതിനാൽ ശരാശരി ആയുർദൈർഘ്യം കൂടുകയും ഇത് വയോജനങ്ങൾ കൂടുതൽ ആരോഗ്യത്തോടെ ഇരിക്കാൻ കാരണമായി. യോഗത്തിൽ സംസ്ഥാന വയോജന കമ്മീഷൻ സെക്രട്ടറി അബ്ദുൾ മജീദ്, വയോജന കമ്മീഷൻ അംഗങ്ങളായ അമരവിള രാമകൃഷ്ണൻ, കെ.എൻ.കെ നമ്പൂതിരി എന്നിവർ സംസാരിച്ചു. വയോജനങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചയും നടന്നു. യോഗത്തിൽ വയോജന കമ്മീഷൻ അംഗങ്ങളും വയോജന ക്ഷേമവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടന പ്രതിനിധികളും പങ്കെടുത്തു.