മട്ടന്നൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ സനോജിന് കെട്ടിവെക്കാനുള്ള തുക എഴുത്തുകാരൻ ബന്യാമിൻ നൽകി
എൽഡിഎഫ് മട്ടന്നൂർ മണ്ഡലം സ്ഥാനാർഥി വി കെ സനോജിന് തെരഞ്ഞെടുപ്പിന് കെട്ടിവെക്കേണ്ട തുക എഴുത്തുകാരൻ ബന്യാമിൻ നൽകി. മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷനിൽ വെച്ചാണ് ബന്യാമിൻ തുക വി കെ സനോജിന് കൈമാറിയത്
മട്ടന്നൂർ :എൽഡിഎഫ് മട്ടന്നൂർ മണ്ഡലം സ്ഥാനാർഥി വി കെ സനോജിന് തെരഞ്ഞെടുപ്പിന് കെട്ടിവെക്കേണ്ട തുക എഴുത്തുകാരൻ ബന്യാമിൻ നൽകി. മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷനിൽ വെച്ചാണ് ബന്യാമിൻ തുക വി കെ സനോജിന് കൈമാറിയത്. മൂന്നാംതവണ അധികാരത്തിൽ വന്നാൽ സിപി എം തകർന്നു പോകുമെന്ന വാദം കൗതുകമാണെന്ന് ബന്യാമിൻ പറഞ്ഞു.
മട്ടന്നൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി കെ സനോജിൻറെ തെഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു ബന്യാമിൻ.അധികാരത്തിൽ ഇരിക്കുന്നതു കൊണ്ടല്ല; ജനങ്ങളുടെ ഇടയിൽ നിരന്തരമായി പ്രവർത്തിക്കുന്നതു കൊണ്ടും ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നതുകൊണ്ടുമാണ് ഇടതുപക്ഷ സർക്കാർ മൂന്നാമതും അധികാരത്തിൽ വരേണ്ടത്. എന്നാൽ തലമുതിർന്ന എഴുത്തുകാരന് അത് ബോധ്യപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് അടുത്ത തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിച്ചാൽ അഹങ്കാരം കൂടുമെന്ന് അദ്ദേഹം പറയുന്നത് -സച്ചിദനന്ദൻറെ പേര് പറയാതെ ബന്യാമൻ പറഞ്ഞു.
ഇവിടെ 25 വർഷം എംഎൽഎയായവരും 35 വർഷം എംപിയായവരും ഭരണത്തിൽനിന്ന് ഇറങ്ങുകയേയില്ല എന്നു പറഞ്ഞുകൊണ്ട് ഡെൽഹിയിൽ തുടങ്ങിയ അടി ഇനിയും അവസാനിച്ചിട്ടില്ല. അവർക്കാർക്കുമില്ലാത്ത അഹങ്കാരം എൽഡിഎഫിലെ പ്രവർത്തകർക്കും എംഎൽഎമാർക്കും ഉണ്ടാകുമെന്ന വികലമായ കാഴ്ചപ്പാട് ഉണ്ടാക്കൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എൽഡിഎഫിനെ താഴെയിറക്കിയിട്ട് 650ലധികം എംപിമാരെയും എംഎൽഎമാരെയും ബിജെപിക്ക് സംഭാവന ചെയ്ത പാർടിയെയും ഒരു മുന്നണിയെയും അധികാരത്തിലേറ്റൂവെന്നാണ് ചില എഴുത്തുകാർ ആവശ്യപ്പെടുന്നത്. എന്ത് കാഴ്ചപ്പാടിലാണ് ഇവർ ഈ ആവശ്യം മുന്നോട്ടു വെക്കുന്നതെന്ന് അറിയില്ല.
ഇവരുടെ സിദ്ധാന്ത പ്രകാരം അടുത്ത തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ഡിഎംകെയെയും കർണാടകയിലെ കോൺഗ്രസിനെയും താഴെയിറക്കി ബിജെപിയെ കൊണ്ടുവരേണ്ടിവരും. ഇടതുപക്ഷ മുന്നണിക്കെതിരെ എന്തെങ്കിലും പറയുകയെന്ന കാഴ്ചപ്പാടുമായി അത്തരക്കാർ മുന്നോട്ടുവരുമ്പോൾ അതിനെ പ്രതിരോധിക്കുകയെന്നത് മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും കടമയാണ്. കഴിഞ്ഞ 10 വർഷം കൊണ്ട് കേരളത്തിൽ ഉണ്ടായിട്ടുള്ള സമഗ്രമായ വികസനത്തെക്കുറിച്ച് ഇവിടത്തെ ഓരോ കുഞ്ഞിനോട് ചോദിച്ചാലും പറയും. സമൂഹത്തിലെ ഏറ്റവും എളിയവനുപോലും വികസനത്തിൻറെ നേട്ടം ലഭ്യമാക്കിയ സർക്കാരിനെതിരെ, സമസ്ത മേഖലയിലും വികസനം, സർവ ജനങ്ങളെയും ചേർത്തു പിടിക്കുന്ന നിലപാട്, ഇന്ത്യയിലെ ഏത് സംസ്ഥാനവും കൊതിക്കുന്ന തരത്തിലുള്ള പുരോഗതി, അഴിമതി രഹിതമായ ഭരണം, പറഞ്ഞ വാഗ്ദാനങ്ങൾ ഓരോന്നും നിറവേറ്റിയ സർക്കാർ.
ഇങ്ങനെയുള്ള ഒരു സർക്കാറിനെ താഴെയിറക്കാൻ അവർ പറയുന്നനുണകൾ എത്രവലുതാണെന്ന് ജനങ്ങൾ തിരിച്ചറിയണം. അഴിമതിയുടെ ആൾക്കൂട്ടത്തെ അധികാരത്തിലേറ്റാനാണ് ഇവർ വാദിച്ചുകൊണ്ടിരിക്കുന്നത്. മഹത്തായ ലക്ഷ്യം മുന്നിൽ കണ്ട് 100 കിലോമീറ്റർ സ്പീഡിൽ ഓടിക്കൊണ്ടിരിക്കുന്ന സൂപ്പർ ഫാസ്റ്റായ ബസ്സാണ് ഇടതു മുന്നണി സർക്കാരെന്നും അതിനെ താഴെയിറക്കി കട്ടപ്പുറത്തിരിക്കുന്ന ബസ്സിനെ എങ്ങിനെയെങ്കിലും ഓടിക്കാനുമാണ് ചിലർ ശ്രമിക്കുന്നതെന്നും ബന്യാമിൻ പറഞ്ഞു. എൽഡിഎഫിനെ മൂന്നാമതും ഭരണത്തിൽ എത്തിക്കുകയെന്നത് ജനങ്ങളുടെ ആവശ്യമാണെന്നും അതിന് വി കെ സനോജിനെ വൻ ഭുരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.