ആറളത്ത് വീണ്ടും കാട്ടാനക്കലി വീടിൻ്റെ അടുക്കള ഷെഡ് തകർത്തു

ആറളം ഫാം പുനരധിവാസ മേഖലയിൽ വീണ്ടും കാട്ടാന ആക്രമണം.ഗ്രാം ബ്ലോക്കിൽ വളയംചാലിലെ രാജൻ-ബിന്ദു ദമ്പതികളുടെ വീടിന്റെ അടുക്കള ഷെഡാണ് ഇന്നലെ രാത്രി കാട്ടാന തകർത്തത്.

 

ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ വീണ്ടും കാട്ടാന ആക്രമണം.ഗ്രാം ബ്ലോക്കിൽ വളയംചാലിലെ രാജൻ-ബിന്ദു ദമ്പതികളുടെ വീടിന്റെ അടുക്കള ഷെഡാണ് ഇന്നലെ രാത്രി കാട്ടാന തകർത്തത്. രാത്രി 12.30 നായിരുന്നു ആക്രമണം.വീടിന്റെ പിന്നിലെ പ്ലാവിൽ നിന്നും ചക്ക വീഴുന്ന ശബ്ദം കേട്ടാണ് ഫാമിലെ സെക്യൂരിറ്റിയായ രാജനും മകനും വെളിയിൽ ഇറങ്ങിയത്.

ഇവരെ കണ്ടതോടെ ആന അവർക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. രണ്ടുപേരും അടുക്കള ഷെഡിലൂടെ ഓടി വീടിനകത്ത് കയറിയപ്പോൾ പിന്നാലെ പാഞ്ഞുവന്ന ആന ഷെഡ് ഇടിച്ചു തകർക്കുകയായിരുന്നു. രാജൻ്റെ പേരക്കുട്ടികൾ അടക്കം മൂന്ന് കുഞ്ഞു കുട്ടികൾ ഉൾപ്പെടെ എട്ട് പേരായിരിക്കുന്ന ആ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്.

പിന്മാറാതെ മുറ്റത്തുതന്നെ നിന്ന ആനയെ രാജനും മകനും ചേർന്ന് പടക്കം പൊട്ടിച്ച് വീടിന്റെ സമീപത്തുനിന്നും തുരത്തി. തുടർന്ന് ആർ ആർ ടി സംഘവും സ്ഥലത്തെത്തി. അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ അടക്കം കാട്ടാനയുടെ ആക്രമണത്തിൽ നഷ്ടമായതായി ബിന്ദു പറഞ്ഞു.