പ്രവാസി പെൻഷൻ എവിടെ സർക്കാരേ ..! കേരള പ്രവാസി സംഘം കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
ഓണം പടിവാതിൽക്കൽ; മൂന്ന് മാസം പെൻഷൻ കുടിശ്ശിക: പ്രവാസികളുടെ അവകാശം നിഷേധിക്കുന്ന സർക്കാർ നയം അവസാനിപ്പിക്കുക*, ആഘോഷ നാളുകൾ അമിതമായ വിമാന ടിക്കറ്റ് ചാർജ് വർദ്ധനവ് പിൻവലിക്കുക എന്നീ പ്രധാന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് കേരള പ്രവാസി സംഘം കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സ്റ്റേഡിയം കോർണറിൽ നിന്നും ആരംഭിച്ച മാർച്ച് കലക്ടറേറ്റിനു മുന്നിൽ പോലീസ് തടഞ്ഞു.
കണ്ണൂർ : ഓണം പടിവാതിൽക്കൽ; മൂന്ന് മാസം പെൻഷൻ കുടിശ്ശിക: പ്രവാസികളുടെ അവകാശം നിഷേധിക്കുന്ന സർക്കാർ നയം അവസാനിപ്പിക്കുക*, ആഘോഷ നാളുകൾ അമിതമായ വിമാന ടിക്കറ്റ് ചാർജ് വർദ്ധനവ് പിൻവലിക്കുക എന്നീ പ്രധാന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് കേരള പ്രവാസി സംഘം കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സ്റ്റേഡിയം കോർണറിൽ നിന്നും ആരംഭിച്ച മാർച്ച് കലക്ടറേറ്റിനു മുന്നിൽ പോലീസ് തടഞ്ഞു.
പ്രതിഷേധ മാർച്ച് മുൻ എംപി ശ്രീ കെ കെ രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് ഷാഹുൽഹമീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് എംപി അബൂബക്കർ, സംസ്ഥാന സെക്രട്ടറി പ്രശാന്ത് കൂട്ടാമ്പള്ളി, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ സുകുമാരൻകെ,ടി കെ രാജീവൻ, പ്രശാന്ത് കുമാർ വി എന്നിവർ സംസാരിച്ചു.ഓണം പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ കേരളത്തിലെ ഒരു ലക്ഷം പ്രവാസി പെൻഷൻ ഗുണഭോക്താക്കൾ മൂന്ന് മാസത്തെ പെൻഷൻ കുടിശ്ശികയ്ക്കായി കാത്തുനിൽക്കുകയാണ്. ജീവിതത്തിന്റെ നല്ലകാലം മുഴുവൻ വിദേശമണ്ണിൽ വിയർപ്പൊഴുക്കി കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തിയ മനുഷ്യർക്ക് ഇന്ന് ഓണം ആഘോഷിക്കാൻ പോലും സ്വന്തം അവകാശമായ പെൻഷൻ ചോദിച്ചുവാങ്ങേണ്ട അവസ്ഥയാണ്.
ഇത് സർക്കാരിന്റെ ഔദാര്യമോ ധനസഹായമോ അല്ല. വർഷങ്ങളോളം ക്ഷേമനിധിയിലേക്ക് അംശദായം അടച്ച പ്രവാസികൾക്ക് നിയമപരമായി ലഭിക്കേണ്ട അവകാശമാണ് പ്രവാസി പെൻഷൻ. ആ അവകാശം കൃത്യസമയത്ത് നൽകുക എന്നത് സർക്കാരിന്റെ ബാധ്യതയാണ്.ഈ ഓണത്തിന് പെൻഷൻ നൽകുവാൻ മറ്റ് 16 ക്ഷേമബോർഡുകൾക്കായി 130.32 കോടി രൂപ അനുവദിച്ചപ്പോൾ, പ്രവാസി ക്ഷേമനിധി ബോർഡിന് അനുവദിച്ചത് പൂജ്യം രൂപ എന്നത് പ്രവാസി സമൂഹത്തോടുള്ള കടുത്ത വിവേചനത്തിന്റെ തെളിവാണ്. നോർക്കയെക്കുറിച്ചോ പ്രവാസി ക്ഷേമത്തെക്കുറിച്ചോ ഒരു വാക്കുപോലും പറയാതെ ബജറ്റ് അവതരിപ്പിച്ച സർക്കാർ ഇപ്പോൾ പെൻഷൻ പോലും മുടക്കുകയാണ്.
മരുന്ന് വാങ്ങാൻ പോലും ഈ പെൻഷനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് മടങ്ങിയെത്തിയ പ്രവാസികളുണ്ട്. വെറുകയ്യോടെ നാട്ടിലെത്തിയവർക്ക് ഈ പെൻഷൻ ജീവിതത്തിന്റെ അവസാന ആശ്വാസമായിരുന്നു. ഇന്ന് ആ ആശ്വാസം പോലും സർക്കാർ കവർന്നെടുക്കുകയാണ്. ഓണത്തിന് മുമ്പ് അക്കൗണ്ടിലെത്തുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ കുടുംബങ്ങൾ നിരാശയിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണ്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ, പ്രളയമോ മഹാമാരിയോ സാമ്പത്തിക പ്രതിസന്ധിയോ ഉണ്ടായപ്പോഴും പ്രവാസികളെ ചേർത്ത് പിടിച്ച സമീപനമാണ് എൽ.ഡി.എഫ്.സർക്കാരിൽ നിന്ന് കേരളം കണ്ടത്. എന്നാൽ അതിൽ നിന്ന് തികച്ചും വ്യത്യസ്തമായാണ് യുഡിഎഫ് സർക്കാരിന്റെ പ്രവാസിവിരുദ്ധ നിലപാട് പ്രകടമാകുന്നത്. അധികാരത്തിലേറുന്നതിന് മുമ്പ് പ്രവാസി പെൻഷൻ 5000 രൂപയാക്കുമെന്ന് വാഗ്ദാനം ചെയ്തവർ, ഇന്ന് നിലവിലുള്ള പെൻഷൻ പോലും നൽകാതെ ക്രൂരമായ വഞ്ചനയാണ് നടത്തുന്നത്.