മാനന്തവാടി- പേരാവൂർ- മട്ടന്നൂർ എയർപോർട്ട് റോഡ് സ്ഥലം ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കും :വി കെ സനോജ് എംഎൽഎ
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമി ഏറ്റെടുക്കൽ നടപടിക്ക് 964.72 കോടി രൂപ വകയിരുത്തിയ മാനന്തവാടി- ബോയ്സ് ടൗൺ- ശിവപുരം -മട്ടന്നൂർ എയർപോർട്ട് റോഡിൻറെ സ്ഥലം ഏറ്റെടുക്കുന്നത് വേഗത്തിലാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വി കെ സനോജ് എംഎൽഎ അറിയിച്ചു.
മട്ടന്നൂർ: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമി ഏറ്റെടുക്കൽ നടപടിക്ക് 964.72 കോടി രൂപ വകയിരുത്തിയ മാനന്തവാടി- ബോയ്സ് ടൗൺ- ശിവപുരം -മട്ടന്നൂർ എയർപോർട്ട് റോഡിൻറെ സ്ഥലം ഏറ്റെടുക്കുന്നത് വേഗത്തിലാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വി കെ സനോജ് എംഎൽഎ അറിയിച്ചു. ഇതുസംബന്ധിച്ചു മട്ടന്നൂരിൽ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും രാഷ്ട്രീയപാർടി പ്രതിനിധികളുടെയും സ്ഥലമുടമകളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നുഎംഎൽഎ. മാനന്തവാടിയിൽ നിന്നും മട്ടന്നൂരിലേക്ക് 59 കിലോമീറ്റർ ദൂരത്തിലാണ് റോഡ് നിർമിക്കുന്നത്. അമ്പായത്തോട് -പേരാവൂർ -ശിവപുരം മട്ടന്നൂരിലേക്ക് 40 കിലോമീറ്റർ ദൂരത്തിൽ 24 മീറ്റർ വീതിയിൽ നാലുവരിപ്പാതയായാണ് റോഡ് വികസിപ്പിക്കുന്നത്.
ഭൂമി ഏറ്റെടുക്കൽ നടപടികളും സർവ്വേ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. വെള്ളാർ വള്ളി മുതൽ മട്ടന്നൂർ വരെയാണ് മട്ടന്നൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്നത്. കാലപ്പഴക്കം കണക്കാക്കാതെ വീടും കെട്ടിടവും നഷ്ടപ്പെടുന്നവർക്ക് പ്രത്യേക പുനരധിവാസ പാക്കേജ് ഉണ്ടാക്കണമെന്ന് സ്ഥലമുടമകൾ ആവശ്യപ്പെട്ടു. അലൈൻമെൻറ് ചെറിയ തോതിൽ മാറ്റിയാൽ സംരക്ഷിക്കാൻ കഴിയുന്ന വീടുകളും കെട്ടിടങ്ങളും സംരക്ഷിക്കണം.വീടിൻറെയും കെട്ടിടത്തിൻറെയും ഒരു ഭാഗം പോകുന്ന സാഹചര്യത്തിൽ അത് മുഴുവനായി ഏറ്റെടുക്കണം. കണ്ണൂർ വിമാനത്താവളത്തിലേതു പോലുള്ള പുനരധിവാസ പാക്കേജ് അനുവദിക്കുക, തലശേരിയിൽ പ്രവർത്തിക്കുന്ന എൽഎ ഓഫീസ് മട്ടന്നൂർ റവന്യൂ ടവറിലേക്ക് മാറ്റുക, കൂടുതൽ സർവ്വേയർമാരെ നിയമിച്ചു സ്ഥലം ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തിൽ ഉയർന്നു. വരുന്ന നിയമസഭാ സമ്മേളന കാലത്ത് റവന്യൂ മന്ത്രിയുമായി സംസാരിച്ചു കൂടുതൽ സർവേയർമാരെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വി കെ സനോജ് എംഎൽഎ പറഞ്ഞു. വരുന്ന സമ്മേളനകാലത്ത് നിയമസഭയിൽ ആവശ്യമായ ഇടപെടൽ നടത്തുമെന്നും എംഎൽഎ വ്യക്തമാക്കി.
മാലൂർ പഞ്ചായത്ത് പ്രസിഡൻറ് കെ സുരേഷ് ബാബു, മട്ടന്നൂർ നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി ചെയർ പേഴ്സൺ പി അനിത, കേരള റോഡ് ഫണ്ട് ബോർഡ് അസി. എക്സിക്യൂട്ടീവ് എൻജിനീയർ പി സജിത്ത്, എൽഎ സ്പെഷ്യൽ തഹസിൽദാർ സോഫിയ ജയിൻ, ഡെപ്യൂട്ടി തഹസിൽദാർമാരായ കെ ബാബു, പി പി ഷലീഷ്, കെ ടി ചന്ദ്രൻ, ജനപ്രതിനിധികൾ, കെആർഎഫ്ബി എൻജിനീയർമാർ, വില്ലേജ് ഓഫീസർമാർ, എന്നിവർ പങ്കെടുത്തു.