നിർമാണ പ്രവൃത്തി വിലയിരുത്തി . വി കെ സനോജ് എംഎൽഎ:

മട്ടന്നൂർ ഗവ.സ്‌പെഷ്യാലിറ്റി ആശുപത്രി ഉദ്​ഘാടനം അടുത്ത വർഷം ആദ്യം

 

മട്ടന്നൂർ: നിർമാണം പുരോഗമിക്കുന്ന മട്ടന്നൂർ ഗവ. സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം അടുത്ത വർഷം ആദ്യം നടത്താൻ തീരുമാനം. വി കെ സനോജ് എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന പ്രവൃത്തി അവലോകന യോഗത്തിലാണ് തീരുമാനം. ഇതിന്‍റെ ഭാഗമായി ഇതിനകം പകുതിയോളം പ്രവത്തേി പൂർത്തിയായി. ആശുപത്രിക്ക്​ ആവശ്യമായ 82 ജീവനക്കാരുടെ നിയമനം സർക്കാരിന്‍റെ പരിഗണനയിലാണെന്ന്​ എംഎൽഎ പറഞ്ഞു. ലിഫ്​റ്റ്​ സ്ഥാപിക്കുന്നതിനും ആവശ്യമായ ഉപകരണങ്ങൾ വാങ്ങിക്കുന്നതിനും നടപടി സ്വീകരിക്കാനും തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി കേരള മെഡിക്കൽ സർവീസസ്​ കോർപറേഷൻ അധികൃതരുടെ യോഗം തിരുവനന്തപുരത്ത്​ അടുത്ത ദിവസം വിളിച്ചു ചേർക്കും. സ്​ശപഷ്യാലിറ്റി ആശുപത്രിയിലേക്ക്​ ആവശ്യത്തിന്​ വെള്ളം ലഭ്യമാക്കുമെന്നും അതിനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ വ്യക്​തമാക്കി. നിർമാണത്തിന്​ തൊഴിലാളികളുടെ കുറവ്​ ഉണ്ടെങ്കിൽ ആവശ്യമായ ഇടപെടൽ നടത്തി പരിഹരിക്കണമെന്ന്​ യോഗം കരാറുകാർക്ക്​ നിർദേശം നൽകി. 

 കണ്ണൂർ രാജ്യാന്തര വിമാനത്താവളം യാഥാര്‍ഥ്യമായതോടെ ആധുനിക ചികിത്സ ലഭ്യമാകുന്ന ആശുപത്രികൂടി ആരംഭിക്കണമെന്ന്‌ ആവശ്യമുയര്‍ന്നപ്പോഴാണ് അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജ എംഎൽഎയുടെ ഇടപെടലിൽ സ്‌പെഷ്യാലിറ്റി ആശുപത്രി നിർമിക്കാൻ തീരുമാനിച്ചത്. 2019 ഒക്ടോബറിലാണ് സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടത്. ഒന്നര വർഷത്തിനുള്ളിൽ നിർമാണ പ്രവൃത്തി പൂർത്തീകരിക്കുന്നതിനാണ് ടെൻഡർ നൽകിയത്. കോവിഡും മുമ്പുണ്ടായിരുന്ന കരാർ കമ്പനി നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചതോടെ ഒരു വർഷത്തിലധികം മുടങ്ങി. പ്രസ്തുത കമ്പനിയെ മാറ്റിപുതിയ ടെൻഡർ നൽകിയാണ് ബംഗളുരു ആസ്ഥാനമായ ഇപ്പോഴത്തെ കമ്പനിക്കു നിർമാണ ചുമതല നൽകിയത്. അതോടെയാണ്​ നിർമാണത്തിന്​ വേഗതകൈവന്നത്​. നിലവിൽ കെട്ടിടത്തിന്‍റെ നിർമാണ പ്രവൃത്തി അവസാനഘട്ടത്തിലാണ്. കുടിവെള്ള ടാങ്കിന്‍റെയും റാമ്പിന്‍റെയും നിർമാണം പുരോഗമിക്കുന്നു.

 ഈ വർഷം അവസാനിക്കും മുമ്പേ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കാനാണ്​ ലക്ഷ്യമിടുന്നത്​. തുടർന്നുള്ള വിവിധ വകുപ്പുകളുടെ അനുമതികൾ എല്ലാം വേഗത്തിൽ ലഭ്യമാക്കി ജനുവരിയോടെ ആശുപത്രി ഉദ്ഘാടനം ചെയ്യാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വി കെ സനോജ് എംഎൽഎ പറഞ്ഞു.

എല്ലാവിഭാഗങ്ങളിലുമുള്ള വിദഗ്‌ധ ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമാക്കും. കെട്ടിടത്തിന് താഴെയും അരികിലുമായി വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ, ലാബും ഒപി ബ്ലോക്ക്, എമർജൻസി മെഡിക്കൽ കെയർ യൂണിറ്റ് തുടങ്ങിയവയുമുണ്ടാകും. ഇവിടെക്ക് എത്തുന്നതിനായാണ് താഴെ നിന്ന് റാമ്പ് നിർമിക്കുന്നത്. ഒപി, ഓപ്പറേഷൻ തീയറ്ററുകൾ, മോർച്ചറി തുടങ്ങി എല്ലാ സൗകര്യവുമടങ്ങിയതാണ് നിർമാണം പുരോഗമിക്കുന്ന സ്‌പെഷ്യാലിറ്റി ആശുപത്രി.

മട്ടന്നൂർ-ഇരിട്ടി റോഡിൽ റവന്യു ടവറിന് പുറകിലായി ജലസേചന വകുപ്പിൽ നിന്ന് വിട്ടുകിട്ടിയ സ്ഥലത്താണ് ആശുപത്രി നിർമിക്കുന്നത്. 

യോഗത്തിൽ വി കെ സനോജ് എംഎൽഎയ്ക്ക്​ പുറമെ നഗരസഭ ചെയർമാൻ എൻ ഷാജിത്ത്, ഡിഎംഒ ഡോ. വിവേക് കുമാർ, ഡിപിഎം ഡോ. സി അബുബക്കർ, ഡെപ്യൂട്ടി ഡിഎംഒ ഡോ. സി പി ബിജോയ്,

കെഎസ്ഇബി എക്​സി.എജിനീയർ പി പ്രീജ, നഗരസഭ സ്ഥിരം സമിതി ചെയർമാൻ കെ മജീദ്, മട്ടന്നൂർ ഗവ. ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.പി കെ കാർത്യായനി, വാടർ അതോറിറ്റി എ ഇ അശ്വിൻദേവ്​ എന്നിവർ വർ പങ്കെടുത്തു.